മസ്കറ്റ്: ഏഷ്യാകപ്പിലെ ത്രില്ലർ ജയത്തിനുശേഷമുള്ള ഇന്ത്യൻ താരങ്ങളുടെ വിജയാഘോഷം വൈറൽ. അവസാന പന്തിൽ ജയം നേടിയശേഷം മൈതാനത്തേക്ക് ഓടിയെത്തിയ ഇന്ത്യൻ താരങ്ങൾ വിജയാഘോഷം തുടങ്ങുകയായിരുന്നു. തോൽവിയുറപ്പിച്ച ഘട്ടത്തിൽ നിന്ന് അവിശ്വസനീയ ജയം സ്വന്തമാക്കിയതോടെ ഇന്ത്യൻ താരങ്ങൾ അത്ര ആവേശത്തിലായിരുന്നു. പലർക്കും വികാരങ്ങൾ നിയന്ത്രിക്കാനായില്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ത്രില്ലർ ജയങ്ങളിലൊന്നാണ് അണ്ടർ-19 ഏഷ്യാകപ്പ് ഫൈനലിൽ അരങ്ങേറിയത്.

To advertise here,

ജയത്തിന് പിന്നാലെ പാക് താരങ്ങളുമായി കൊമ്പുകോർക്കുന്ന സാഹചര്യം വരെയുണ്ടായി. മൈതാനത്തുണ്ടായിരുന്ന പാക് വിക്കറ്റ് കീപ്പർ ഹംസ സഹൂറും ഇന്ത്യൻ താരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇന്ത്യൻ താരങ്ങൾ ആംഗ്യം കാട്ടി പാക് താരങ്ങളോട് മൈതാനം വിടാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇന്ത്യൻ ടീം ഒഫീഷ്യലുകളെത്തിയാണ് കളിക്കാരെ ശാന്തരാക്കിയത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഏഷ്യാകപ്പ് അണ്ടർ-19 ക്രിക്കറ്റ് ഫൈനലിൽ പാക് ടീം ഉയർത്തിയ 338 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ജയിക്കാൻ അവസാന ഓവറിൽ ഒരു വിക്കറ്റുമാത്രം അവശേഷിക്കേ, എട്ടു റൺസാണ് വേണ്ടിയിരുന്നത്. ലെഗ്‌സ്പിന്നർ അഹമ്മദ് ഹുസൈനാണ് പാക് ബൗളർ. അഞ്ചുബോളിൽ മോഹിത് ഉൽവയും ചിഗുരുപതി വെങ്കട്ടയും ചേർന്ന കൂട്ടുകെട്ട് അഞ്ചു റൺസെടുത്തു. അവസാന പന്തിൽ ഇന്ത്യക്കുവേണ്ടത് മൂന്നു റൺസ്. സ്‌ട്രൈക്ക് എടുക്കുന്നത് മോഹിത്. ഓഫ് സ്റ്റമ്പിന് വെളിയിലൂടെയുള്ള ഹുസൈന്റെ പന്ത് നൃത്തച്ചുവടുകളോടെ ക്രീസ് വിട്ടിറങ്ങിയ മോഹിത് ലോങ്ങോഫ് ബൗണ്ടറി കടത്തിയപ്പോൾ പാക് ഫീൽഡർമാർക്ക് നിസ്സഹായമായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.

പാകിസ്താന്റെ കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യയ്ക്ക് ഓപ്പണർമാരായ ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിയും (101 പന്തിൽ 80) ആര്യവീർ സെവാഗും (61 പന്തിൽ 58) മികച്ച തുടക്കംനൽകി. അധികം സാഹസത്തിന് മുതിരാതെ കളിച്ച ആര്യവീറിന്റെ ഇന്നിങ്‌സിൽ ഒൻപത്‌ ബൗണ്ടറിയുണ്ട്. ലക്ഷ്യ അഞ്ചുതവണ പന്ത് ബൗണ്ടറികടത്തി.

ആര്യവീർ പുറത്തായശേഷം ക്രീസിലെത്തിയ വി.കെ. വിനീത് (24), അർജുൻ രാജ്പുത് (16), യഷ്ബർധൻ ചൗഹാൻ (9) എന്നിവർക്ക് അധികം പിടിച്ചുനിൽക്കാനായില്ല. അൻവയ് ദ്രാവിഡ് 19 റൺസിൽ റണ്ണൗട്ടാവുകയും ചെയ്തതോടെ ഇന്ത്യയെ തോൽവി തുറിച്ചുനോക്കി. എന്നാൽ, മനാൽ ചൗഹാനും (32 പന്തിൽ 47), മോഹിതും (26 പന്തിൽ 49) തോൽവി സമ്മതിക്കാൻ ഭാവമുണ്ടായിരുന്നില്ല. കടുത്ത സമ്മർദം അതിജീവിച്ച് ഇരുവരും ഇന്ത്യയെ അവിശ്വസനീയജയത്തിലേക്ക് നയിച്ചു. മനാൽ-മോഹിത് സഖ്യം 35 പന്തിൽ 57 റൺസും മനാൽ-വെങ്കട്ട കൂട്ടുകെട്ട് 16 പന്തിൽ 30 റൺസുമാണ് കൂട്ടിച്ചേർത്തത്.

ആദ്യം ബാറ്റുചെയ്ത പാകിസ്താനായി ഓപ്പണർ ഉസ്മാൻ ഖാൻ (107) സെഞ്ചുറിനേടി. അബ്ദുൾ ഖാദർ (80), ക്യാപ്റ്റൻ ഫർഹാൻ യൂസഫ് (63) എന്നിവരും തിളങ്ങി. ഇന്ത്യക്കായി കാവ്യ പരേഷ് പട്ടേൽ 10 ഓവറിൽ 68 റൺസ് വഴങ്ങി നാലുവിക്കറ്റെടുത്തു.