ദോഹ (ഖത്തർ): ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ തകർപ്പൻ ജയത്തോടെയാണ് ഇന്ത്യ എ തുടങ്ങിയത്. ആദ്യ മത്സരത്തിൽ നേപ്പാളിനെതിരേ 306 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ എ സ്വന്തമാക്കിയത്. ലിസ്റ്റ് എ ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്. വെറും 26 റൺസിനാണ് നേപ്പാൾ കൂടാരം കയറിയത്.

To advertise here,

ഇന്ത്യ എ ഉയർത്തിയ 333 റൺസെന്ന വലിയ വിജയലക്ഷ്യത്തിലേക്ക് ഒന്നുപൊരുതാൻ പോലും നേപ്പാളിനായില്ല. തുടക്കം മുതൽതന്നെ വൻ തകർച്ച നേരിട്ട നേപ്പാൾ വൻ പരാജയം ഏറ്റുവാങ്ങി. ടീമിലെ ഒരു ബാറ്റർ പോലും രണ്ടക്കം കടന്നില്ല. അഞ്ചുപേർ ഡക്കായി മടങ്ങി. പവൻ സറാഫ്, റാഷിദ് ഖാൻ എന്നിവർ ആറുറൺസെടുത്തു. ഇവരാണ് ടീമിലെ ടോപ് സ്‌കോറർമാർ.

ലിസ്റ്റ് എ ക്രിക്കറ്റിലെ നാലാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് നേപ്പാളിന്റേത്. അതേസമയം ഇന്ത്യയുടെ 306 റൺസ് ജയം ലിസ്റ്റ് എ ക്രിക്കറ്റിലെ ഉയർന്ന എട്ടാമത്തെ വലിയ വിജയമാണ്. റൺസ് അടിസ്ഥാനത്തിൽ ഇന്ത്യ എയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജയം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ തുടക്കത്തിൽ തന്നെ വൻ തകർച്ച നേരിടുന്നതാണ് കണ്ടത്. ഹർഷിത് റാണയും പ്രിൻസ് യാദവും കത്തിക്കയറിയതോടെ നേപ്പാൾ തകർന്നടിഞ്ഞു. ഒരു റണ്ണെടുക്കുന്നതിനിടെ ടീമിന് നാലുവിക്കറ്റുകൾ നഷ്ടമായി. അർജുൻ കുമാൽ(0),കുശാൽ ഭുർട്ടൽ(0),ദീപക് ദുമ്രെ(1), ബാസിർ അഹമ്മദ്(0) എന്നിവരാണ് പുറത്തായത്.

പിന്നീട് പവൻ സറാഫും റാഷിദ് ഖാനും ആറ് റൺസെടുത്തതോടെ സ്‌കോർ 17 ലെത്തി. പിന്നാലെ ഇരുവരും പുറത്തായി. ലോകേഷ് ബാം ഡക്കായതോടെ ടീം 17-7 എന്ന നിലയിലായി. ശേഷിക്കുന്ന ബാറ്റർമാരും വേഗം കൂടാരം കയറി. ആർക്കും കൂട്ടുകെട്ട് പടുത്തുയർത്താനായില്ല. അതോടെ 26 റൺസിന് നേപ്പാൾ ഇന്നിങ്സ് അവസാനിച്ചു. പ്രിൻസ് യാദവ് അഞ്ചും ഹർഷിത് റാണ നാലും വിക്കറ്റെടുത്തു.