മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന. ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് മന്ദാന സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെയാണ് മന്ദാന മറികടന്നത്.

To advertise here,

ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 58 പന്തില്‍ നിന്ന് 45 റണ്‍സാണ് മന്ദാനയുടെ സമ്പാദ്യം. അതോടെയാണ് താരം റെക്കോഡ് കുറിച്ചത്. ഈ ലോകകപ്പില്‍ ഒമ്പത് ഇന്നിങ്‌സില്‍ നിന്നായി 434 റണ്‍സാണ് മന്ദാന അടിച്ചെടുത്തത്. റണ്‍വേട്ടക്കാരില്‍ നിലവില്‍ രണ്ടാമതാണ് താരം. ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും ഇന്ത്യന്‍ ഓപ്പണര്‍ ഈ ലോകകപ്പില്‍ സ്വന്തമാക്കിയിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെ മറികടന്നാണ് സ്മൃതി റെക്കോഡ് കുറിച്ചത്. 2017 ഏകദിന ലോകകപ്പില്‍ മിതാലി രാജ് 409 റണ്‍സാണ് അടിച്ചെടുത്തത്. അന്ന് ടൂര്‍ണമെന്റില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയുമാണ് മിതാലി നേടിയത്. അത് മറികടന്ന മന്ദാന ഒരു ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറി.