തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ഇന്നിങ്സ് തോൽവി. രണ്ടാമിന്നിങ്സിൽ 185 റൺസിന് കേരളം പുറത്തായി. ഇന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡീഗഢിന്റെ ജയം. ആദ്യ ഇന്നിങ്‌സിൽ കേരളം 139 റൺസിന് ഓൾഔട്ടായപ്പോൾ ചണ്ഡീഗഢ് 416 റൺസെടുത്തിരുന്നു.

To advertise here,

രണ്ടാം ഇന്നിങ്സിലും കേരളത്തിന്റെ തുടക്കം മികച്ചതായിരുന്നില്ല. 21 റൺസെടുക്കുന്നതിനിടെ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടമായി. നാല് റൺസെടുത്ത അഭിഷേക് ജെ. നായരുടെയും 11 റൺസെടുത്ത രോഹൻ കുന്നുമ്മലിന്റെയും വിക്കറ്റുകളാണ് കേരളത്തിന് രണ്ടാംദിനം നഷ്ടമായത്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച കേരളത്തിന് വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായി. സച്ചിൻ ബേബി(6), ബാബ അപരാജിത്(17) എന്നിവർ മടങ്ങിയതോടെ കേരളം 44-4 എന്ന നിലയിലേക്ക് വീണു.

അഞ്ചാം വിക്കറ്റിൽ വിഷ്ണു വിനോദും സൽമാൻ നിസാറും ചേർന്നാണ് ടീമിനെ കരകയറ്റിയത്. ഇരുവരും അഞ്ചാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. വിഷ്ണു വിനോദ് ഫിഫ്റ്റിയുമായി തിളങ്ങി. ടീമിനെ നൂറുകടത്തിയതിന് പിന്നാലെ 56 റൺസിൽ താരം പുറത്തായി. മുഹമ്മദ് അസ്സറുദ്ദീൻ, അങ്കിത് ശർമ എന്നിവർ ഡക്കായി മടങ്ങി. സൽമാൻ നിസാറാണ് ക്രീസിൽ നിലയുറപ്പിച്ച് കേരളത്തിന് പ്രതിരോധമൊരുക്കിയത്.എന്നാൽ 53 റൺസെടുത്ത താരം മടങ്ങിയതോടെ കേരളം പരാജയം മണത്തു. നിധീഷ് എം.ഡി. 12 റൺസെടുത്ത് കൂടാരം കയറി. അതോടെ 185 റൺസിന് കേരളത്തിന്റെ ഇന്നിങ്‌സ് അവസാനിച്ചു.

ഒന്നാമിന്നിങ്സിൽ സെഞ്ചുറി നേടിയ ക്യാപ്റ്റൻ മനൻ വോറയുടെയും അർജുൻ ആസാദിന്റെയും ഇന്നിങ്സുകളാണ് ചണ്ഡീഗഢിന് മുതൽക്കൂട്ടായത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ചണ്ഡീഗഢിനായി മനൻ വോറയും അർജുൻ ആസാദും ചേർന്ന് രണ്ടാം വിക്കറ്റിൽ 161 റൺസാണ് കൂട്ടിച്ചേർത്തത്. ആദ്യ സെഷനിൽ തന്നെ ഇരുവരും സെഞ്ചുറി പൂർത്തിയാക്കി. 102 റൺസെടുത്ത അർജുൻ ആസാദിനെ ഏദൻ ആപ്പിൾ ടോം ക്ലീൻ ബൗൾഡാക്കി. തുടർന്നെത്തിയ ശിവം ഭാംബ്രി 41 റൺസെടുത്ത് പുറത്തായി. വിഷ്ണു വിനോദിന്റെ പന്തിൽ ബാബ അപരാജിത് ക്യാച്ചെടുത്താണ് ഭാംബ്രി പുറത്തായത്. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ ഓവറിൽ തന്നെ 113 റൺസെടുത്ത മനൻ വോറയെയും വിഷ്ണു വിനോദ് തന്നെ മടക്കി.

തുടർന്നെത്തിയവരിൽ അർജിത് സിങ് (52) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഒരു ഘട്ടത്തിൽ കൂറ്റൻ സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ചണ്ഡീഗഢിനെ സാവധാനം കേരള ബൗളർമാർ പിടിച്ചുകെട്ടി. 143 റൺസിനിടെ അവസാന ആറ് വിക്കറ്റുകൾ വീഴ്ത്തിയ കേരളം ചണ്ഡിഗഢിന്റെ ഇന്നിങ്സ് 416-ൽ അവസാനിപ്പിച്ചു. തരൺപ്രീത് സിങ് 25 റൺസും വിഷു 31 റൺസും നേടി. നാല് വിക്കറ്റ് വീഴ്ത്തിയ ഏദൻ ആപ്പിൾ ടോമാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. വിഷ്ണു വിനോദ് രണ്ട് വിക്കറ്റും നിധീഷ് എം.ഡി., ബാബ അപരാജിത്, ശ്രീഹരി എസ്. നായർ, അങ്കിത് ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.