
മുംബൈ: രഞ്ജി ട്രോഫിയില്‍ മുംബൈ ആധിപത്യം ചെറുക്കാന്‍ വിദര്‍ഭയ്ക്കായില്ല. ആറാം വിക്കറ്റില്‍ പ്രതീക്ഷയുണര്‍ത്തുന്ന കൂട്ടുകെട്ട് ഉയര്‍ന്നുവന്നെങ്കിലും അടുത്തടുത്ത ഓവറുകളില്‍ ആ പ്രതീക്ഷകളെ മുംബൈ എറിഞ്ഞു കെടുത്തി. പിന്നീടും മുംബൈ ബൗളര്‍മാര്‍ മേധാവിത്വം പുലര്‍ത്തിയതോടെ ഒടുവിലത്തെ ഫലം ആതിഥേയര്‍ക്കനുകൂലം.വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി കിരീടക്കളിയില്‍ മുംബൈക്ക് 169 റണ്‍സ് ജയം. സ്‌കോര്‍- മുംബൈ: 224, 418. വിദര്‍ഭ: 105, 368.
42-ാം തവണയാണ് മുംബൈ രഞ്ജി ട്രോഫി കിരീടം നേടുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2015-16ലാണ് മുംബൈ ഇതിനു മുന്‍പ് രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്. മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ വിദര്‍ഭയക്ക് അജിങ്ക്യ രഹാനെയുടെ ടീമിനെ തോല്‍പ്പിക്കാനായില്ല. 2017-18, 2018-19 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കിരീടം നേടിയ ടീമാണ് വിദര്‍ഭ.
ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അക്ഷയ് വദ്കറിന്റെ (199 പന്തില്‍ 102) ഇന്നിങ്‌സാണ് വിദര്‍ഭയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. അതര്‍വ തയ്‌ഡെ (32), ധ്രുവ് ഷോറെ (28), അമന്‍ മൊഖദെ (32), കരുണ്‍ നായര്‍ (74), യഷ് റാത്തോഡ് (ഏഴ്), ഹര്‍ഷ് ദുബെ (65), ആദിത്യ സര്‍വതെ (മൂന്ന്), യഷ് താക്കൂര്‍ (ആറ്), ഉമേഷ് യാദവ് (ആറ്) എന്നിവരാണ് പുറത്തായത്.
ആറാം വിക്കറ്റില്‍ അക്ഷയ് വദ്കറും ഹര്‍ഷ് ദുബെയും ചേര്‍ന്ന് 130 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായത് വിദര്‍ഭയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. മുംബൈക്കായി തനുഷ് കോട്ടിയന്‍ നാലും മുഷീര്‍ ഖാന്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ നേടി. ധവാല്‍ കുല്‍ക്കര്‍ണി, ഷംസ് മുലാനി എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
നേരത്തേ ടോസ് നേടി മുംബൈയെ ബാറ്റിങ്ങിനു പറഞ്ഞയച്ചതായിരുന്നു വിദര്‍ഭ. 224 റണ്‍സില്‍ മുംബൈയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ വിദര്‍ഭയ്ക്ക് കഴിഞ്ഞു. മൂന്ന് വീതം വിക്കറ്റുകളുമായി യഷ് താക്കൂറും ഹര്‍ഷ് ദുബെയുമാണ് മുംബൈ ഇന്നിങ്‌സിനെ 224-ല്‍ ഒതുക്കിയത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റ് നേടി. ശര്‍ദുല്‍ താക്കൂറിന്റെ 75 റണ്‍സ് ഇന്നിങ്‌സാണ് മുംബൈയെ സ്‌കോര്‍ 200 കടത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയ്ക്ക് അത്രപോലും ശോഭിക്കാനായില്ല. 105 റണ്‍സിനിടെ എല്ലാവരും മടങ്ങി. 27 റണ്‍സെടുത്ത യഷ് റാത്തോഡാണ് ടോപ് സ്‌കോറര്‍. മൂന്നുവീതം വിക്കറ്റുകള്‍ വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണിയും ശംസ് മുലാനിയും തനുഷ് കോട്ട്യനും ചേര്‍ന്നാണ് മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്.
തുടര്‍ന്ന് 119 റണ്‍സിന്റെ ലീഡ് നേടി രണ്ടാം ഇന്നിങ്സ് ആരംഭിച്ച മുംബൈ ശക്തമായ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചു. മുഷീര്‍ ഖാന്റെ റെക്കോഡ് തീര്‍ത്ത സെഞ്ചുറി പ്രകടനംവഴി (136 റണ്‍സ്) മുംബൈ കൂറ്റന്‍ സ്‌കോര്‍ നേടി. 10 വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സാണ് നേടിയത്. ശ്രേയസ് അയ്യര്‍ (95), ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (73), ഷംസ് മുലാനി (50) എന്നിവരും മുംബൈക്കായി തിളങ്ങി. വിദര്‍ഭയ്ക്കുവേണ്ടി ഹര്‍ഷ് ദുബെ അഞ്ചും യഷ് താക്കൂര്‍ മൂന്നനും വിക്കറ്റുകളെടുത്തു.
Content Highlights: ranji trophy cricket mumbai vs vidarbha
Published: 14 Mar 2024, 01:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented