മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗ് വിനൂ മങ്കാദ് ട്രോഫിയിൽ 173 റൺസ് അടിച്ച് ശ്രദ്ധ കവർന്നിരുന്നു. ഡൽഹി അണ്ടർ-19 ടീമിന്റെ ക്യാപ്റ്റനായ ആര്യവീർ ചണ്ഡീഗഡിനെതിരായ മത്സരത്തിൽ 143 പന്തുകളിൽ നിന്ന് 19 ഫോറും എട്ട് സിക്‌സുകളും ഉൾപ്പെടെയാണ് 173 റൺസ് അടിച്ചത്. പിന്നാലെ ബിസിസിഐ ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. ബിസിസിഐയുടെ ആഭ്യന്തര ക്രിക്കറ്റിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

To advertise here,

എന്നാൽ ഇതിന് പിന്നാലെ വിമർശനമുയർന്നു. അതേദിവസം തന്നെ ഇതേ ടൂർണമെന്റിൽ ബിഹാർ അണ്ടർ-19 ടീം താരം അൻമോൽ കുമാറും സെഞ്ചുറി നേടിയിരുന്നു. വെറും 86 പന്തിൽ നിന്നാണ് അൻമോൽ 184 റൺസ് അടിച്ചുകൂട്ടിയത്. 18 സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. മത്സരത്തിൽ ഹരിയാനയ്‌ക്കെതിരെ ബിഹാർ 18 റൺസിന് വിജയിക്കുകയും ചെയ്തു. എന്നാൽ അൻമോലിന്റെ ഈ സെഞ്ചുറിയുടെ വീഡിയോ ബിസിസിഐ പങ്കുവെച്ചില്ല. ഇതിന് പിന്നാലെയാണ് വിമർശനമുയർന്നത്.

ആര്യവീറിന്റെ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. 'ഇതേ ടൂർണമെന്റിൽ ഇതേ ദിവസം തന്നെ ബിഹാറിന്റെ അൻമോൽ കുമാർ 86 പന്തിൽ 184 റൺസ് നേടിയതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?' എന്നായിരുന്നു ഒരു കമന്റ്. 'നെപ്പോട്ടിസം നിലനിൽക്കുന്നില്ല എന്ന് ഇനി ആർക്കാണ് പറയാൻ കഴിയുക' എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

വിനു മങ്കാദ് ട്രോഫിയിൽ രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡും ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ സെഞ്ചുറി നേടിയിരുന്നു. 100 പന്തിൽ 151 റൺസാണ് അൻവയ് അടിച്ചെടുത്തത്. മത്സരത്തിൽ കർണാടക അഞ്ച് വിക്കറ്റിന് വിജയിക്കുകയും ചെയ്തു.