സാധാരണ ആഭ്യന്തര മത്സരങ്ങൾ കളിക്കുമ്പോൾ ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്. പഞ്ചാബിലെ ഇന്റർ ഡിസ്ട്രിക്ട് ഏകദിന മത്സരത്തിൽ അമൃത്സർ ടീമിനായി അഭിഷേക് ശർമ 91 പന്തിൽ 233 റൺസ് അടിച്ചത് ഇതിന് ഉദാഹരണമാണ്. എന്നാൽ ഇന്ത്യയുടെ പേസ് ബൗളർ അർഷദീപ് സിങ്ങിന് ഒരു ആഭ്യന്തര മത്സരം അത്ര സുഖകരമായിരുന്നില്ല. ഷേർ ഇ പഞ്ചാബ് ട്വന്റി 20 കപ്പിൽ നാല് ഓവറിൽ വിക്കറ്റൊന്നും നേടാതെ 51 റൺസാണ് ഇന്ത്യൻ പേസ് ബൗളർ വിട്ടുകൊടുത്തത്.

To advertise here,

ഞായറാഴ്ച നടന്ന മത്സരത്തിൽ ലുധിയാന ലയൺസിന്റെ ക്യാപ്റ്റനായിരുന്നു അർഷദീപ്. ശുഭ്മാൻ ഗിൽ നയിച്ച ഫസിൽക്ക ഫാൽക്കൺസായിരുന്നു എതിരാളികൾ. അവസാന പന്ത് വരെ ആവേശം നിറച്ച മത്സരത്തിൽ ഫാൽക്കൺസ് ഒരൊറ്റ റണ്ണിന വിജയിക്കുകയും ചെയ്തു. അർഷദീപിന്റെ മോശം ബൗളിങ് ടീമിന്റെ തോൽവിയിൽ നിർണായകമാകുകയും ചെയ്തു.

ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ലുധിയാന ലയൺസ്, ലെഗ് സ്പിന്നർ കാർത്തിക് ചദ്ധയുടെ തകർപ്പൻ പ്രകടനത്തിന്റെ (4/9) മികവിൽ ഫാൽക്കൺസിനെ 170 റൺസിൽ ഒതുക്കി. നാല് ഓവറിൽ ഒമ്പത് റൺസ് മാത്രം വിട്ടുകൊടുത്ത് കാർത്തിക് നാല് നിർണായക വിക്കറ്റുകളാണ് വീഴ്ത്തിയത്. 21 പന്തിൽ 40 റൺസെടുത്ത ഫാൽക്കൺസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയതും കാർത്തിക്കാണ്. ഫാൽക്കൺസിന്റെ മധ്യനിര തകരുകയും അവർ ഒരു ഘട്ടത്തിൽ ഏഴ് വിക്കറ്റിന് 112 റൺസ് എന്ന അവസ്ഥയിലെത്തുകയും ചെയ്തു.

പിന്നീട് ഡെത്ത് ഓവറുകളിൽ അർഷദീപിന്റെ പന്തിൽ ഫാൽക്കൺസ് റൺസ് കണ്ടെത്തി. ഇന്നിങ്‌സിന്റെ അവസാന ഓവറുകളിൽ ബൗൾ ചെയ്യാനെത്തിയ അർഷദീപ് പതറുന്ന കാഴ്ച്ചയാണ് ഗ്രൗണ്ടിൽ കണ്ടത്. ഫ്രണ്ട് ഫൂട്ട് നോ-ബോളോടെയാണ് അർഷദീപ് തന്റെ അവസാന ഓവർ തുടങ്ങയിത്. ആ ഓവറിൽ മാത്രം താരം 18 റൺസ് വിട്ടുകൊടുത്തു. പ്രേരിത് ദത്ത (23 പന്തിൽ 36), ജയ്വീർ ഭിന്ദർ (18 പന്തിൽ 21) എന്നിവർ വാലറ്റത്ത് ചെറുത്തുനിന്നതോടെ ഫാൽക്കൺസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് അടിച്ചെടുത്തു.

മറുപടി ബാറ്റിങ്ങിൽ ലുധിയാന തുടക്കത്തിൽ തന്നെ പതറി. നാല് വിക്കറ്റിന് 77 റൺസ് എന്ന അവസ്ഥയിലേക്ക് വീണു. ബൗളിങ്ങിലെ മോശം പ്രകടനത്തിന് പകരമായി റൺറേറ്റ് ഉയർത്താൻ അർഷദീപ് ബാറ്റിങ് ഓർഡറിൽ എട്ടാമനായി ഇറങ്ങി. എന്നാൽ ദത്തയുടെ പന്തിൽ പുറത്താകുമ്പോൾ ഒമ്പത് പന്തിൽ എട്ട് റൺസായിരുന്നു സമ്പാദ്യം.

ഒടുവിൽ അവസാന ഓവറുകളിൽ മാധവ് സിങ് പഥാനിയ നടത്തിയ ചെറുത്തുനിൽപ്പാണ് മത്സരം അവസാന പന്ത് വരെ എത്തിച്ചത്. അവസാന ഓവറിൽ 19 റൺസായിരുന്നു വിജയിക്കാൻ ലുധിയാനയ്ക്ക് വേണ്ടിയിരുന്നത്. പഥാനിയ തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തിയതോടെ അവസാന പന്തിൽ വിജയിക്കാൻ ആറ് റൺസ് എന്ന അവസ്ഥയിലെത്തി. എന്നാൽ അവസാന പന്തിൽ ബൗണ്ടറി നേടാനേ പഥാനിയയ്ക്ക് കഴിഞ്ഞുള്ളു. ഇതോടെ ഫാൽക്കൺസ് ഒരു റണ്ണിന്റെ ആവേശ വിജയം സ്വന്തമാക്കി.

ഈ മത്സരത്തിന് പിന്നാലെ അർഷദീപിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുയർന്നു. ഇന്ത്യൻ ജെഴ്‌സിയിൽ കളിക്കുന്ന ഒരു താരം ഇത്ര നിലവാരമില്ലാത്ത പ്രകടനം എങ്ങനെ പുറത്തെടുക്കുന്നു എന്ന് ചിലർ കുറിച്ചു. ഒരു ലോക്കൽ മത്സരത്തിലെ അവസാന ഓവറുകളിൽപോലും റൺസ് വിട്ടുകൊടുക്കാതെ ബൗൾ ചെയ്യാൻ അറിയില്ല എന്നും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.