മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭയ്ക്കു മുന്നില്‍ പടുകൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി വിദര്‍ഭ. രണ്ടാം ഇന്നിങ്‌സില്‍ 537 റണ്‍സാണ് മുംബൈ നേടിയത്. അദ്യ ഇന്നിങ്‌സിലെ ലീഡ് അടക്കം 537 റണ്‍സാണ് വിദര്‍ഭയ്ക്ക് ജയിക്കാന്‍ വേണ്ടത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭ, മൂന്നാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ പത്ത് റണ്‍സെടുത്തിട്ടുണ്ട്.

To advertise here,

രണ്ടാംദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 141 എന്നയിടത്തുനിന്ന് മൂന്നാംദിനം തുടങ്ങിയ മുംബൈ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 326 പന്തുകള്‍ നേരിട്ട് 136 റണ്‍സ് നേടിയ മുഷീര്‍ഖാനാണ് മുംബൈ ഇന്നിങ്‌സിന്റെ നട്ടെല്ല്. 73 റണ്‍സെടുത്ത ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് ചൊവ്വാഴ്ച ആദ്യം മടങ്ങിയത്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതിന് ഏറെ പഴികേള്‍ക്കുകയും ബി.സി.സി.ഐ.യുടെ വാര്‍ഷിക കരാറില്‍നിന്ന് തഴയപ്പെടുകയും ചെയ്ത ശ്രേയസ് അയ്യര്‍ 95 റണ്‍സ് നേടി മുംബൈ സ്‌കോറിന് കുതിപ്പേകി. 

പ്രിഥ്വി ഷാ (11), ഭൂപന്‍ ലാല്‍വനി (18), ഹര്‍ദിക് ഠമോര്‍ (5), ശംസ് മുലാനി (50*), ശര്‍ദുല്‍ താക്കൂര്‍ (പൂജ്യം), തനുഷ് കോട്ട്യന്‍ (13), തുഷാര്‍ ദേശ്പാണ്ഡെ (2) എന്നിങ്ങനെയാണ് മുംബൈ നിരയിലെ മറ്റു സ്‌കോറുകള്‍. 48 ഓവറില്‍ 144 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റെടുത്ത ഹര്‍ഷ് ദുബെയാണ് വിദര്‍ഭനിരയിലെ വേട്ടക്കാരില്‍ ഒന്നാമന്‍. യഷ് താക്കൂര്‍ മൂന്നും ആദിത്യ താക്കറെ, അമന്‍ മൊഖദേ എന്നിവര്‍ ഓരോന്നുവീതം വിക്കറ്റുകള്‍ നേടി. 

ടോസ് നേടി മുംബൈയെ ബാറ്റിങ്ങിനു പറഞ്ഞയച്ചതായിരുന്നു വിദര്‍ഭ. 224 റണ്‍സില്‍ മുംബൈയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ വിദര്‍ഭയ്ക്ക് കഴിഞ്ഞു. മൂന്ന് വീതം വിക്കറ്റുകളുമായി യഷ് താക്കൂറും ഹര്‍ഷ് ദുബെയുമാണ് മുംബൈ ഇന്നിങ്‌സിനെ 224-ല്‍ ഒതുക്കിയത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റ് നേടി. ശര്‍ദുല്‍ താക്കൂറിന്റെ 75 റണ്‍സ് ഇന്നിങ്‌സാണ് മുംബൈയെ സ്‌കോര്‍ 200 കടത്തിയത്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയ്ക്ക് അത്രപോലും ശോഭിക്കാനായില്ല. 105 റണ്‍സിനിടെ എല്ലാവരും മടങ്ങി. 27 റണ്‍സെടുത്ത യഷ് റാത്തോഡാണ് ടോപ് സ്‌കോറര്‍. മൂന്നുവീതം വിക്കറ്റുകള്‍ വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണിയും ശംസ് മുലാനിയും തനുഷ് കോട്ട്യനും ചേര്‍ന്നാണ് മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് കഴിഞ്ഞ ദിവസംതന്നെ ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു.