ഇസ്ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ കോവിഡ്-19 പരിശോധനയ്ക്കു പിന്നാലെ പാക് താരം മുഹമ്മദ് ഹഫീസ് മറ്റൊരു കോവിഡ് പരിശോധന നടത്തിയതില്‍ ബോര്‍ഡിന്  അതൃപ്തി.

To advertise here,

ഇംഗ്ലണ്ട് പര്യടനത്തിനായി വിമാനം കയറുന്നതിന് മുമ്പ് നടത്തിയ പരിശോധനയില്‍ ഏഴ് പാകിസ്താന്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ചയായിരുന്നു ഫലം പുറത്തുവന്നത്. ഇക്കൂട്ടത്തില്‍ മുഹമ്മദ് ഹഫീസുമുണ്ടായിരുന്നു. പി.സി.ബിയുടെ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നെങ്കിലും സെക്കന്റ് ഒപ്പീനിയന്‍ എന്ന നിലയില്‍ ഹഫീസ് മാറ്റൊരിടത്ത് കുടുംബത്തോടൊപ്പം കോവിഡ് പരിശോധന നടത്തി. ഈ റിപ്പോര്‍ട്ട് നെഗറ്റീവായിരുന്നു. ബുധനാഴ്ച ഇക്കാര്യം ഹഫീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ഹഫീസ് പ്രൈവറ്റ് കോവിഡ് പരിശോധനയ്ക്ക് വിധേയനായതിനെതിരേ പി.സി.ബി സി.ഇ.ഒ വസീം ഖാന്‍ രംഗത്തെത്തി. താന്‍ ഹഫീസിനോട് സംസാരിച്ചുവെന്നും താരത്തിന്റെ നടപടിയില്‍ ബോര്‍ഡിന് അതൃപ്തിയുണ്ടെന്ന് അറിയിച്ചുവെന്നും വസീം ഖാന്‍ പറഞ്ഞു. 

''വ്യക്തിയെന്ന നിലയില്‍ മറ്റൊരിടത്ത് പരിശോധന നടത്താന്‍ ഹഫീസിന് അവകാശമുണ്ട്. എന്നാല്‍ അദ്ദേഹം ഇക്കാര്യം ബോര്‍ഡിനെ അറിയിക്കണമായിരുന്നു. കാരണം അദ്ദേഹത്തിന്റെ നടപടി ഇപ്പോള്‍ ഞങ്ങളെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.'' - വസീം ഖാന്‍ വ്യക്തമാക്കി.

ഇതിനു മുമ്പും ഹഫീസ് പി.സി.ബി ചട്ടം ലംഘിച്ചിട്ടുണ്ടെന്നും സി.ഇ.ഒ ചൂണ്ടിക്കാട്ടി. നിലവില്‍ പി.സി.ബിയുടെ കരാറിലുള്ള താരമല്ലങ്കിലും പാക് ടീമിലെ അംഗം എന്ന നിലയ്ക്ക് കളിക്കാര്‍ പാലിക്കേണ്ട നിയമങ്ങള്‍ അനുസരിക്കാന്‍ ഹഫീസ് ബാധ്യസ്ഥനാണെന്നും വസീം ഖാന്‍ പറഞ്ഞു.

ഹഫീസിനു പുറമെ കഷീഫ് ഭാട്ടി, മുഹമ്മദ് ഹസ്നയ്ന്‍, ഫഖര്‍ സമാന്‍, മുഹമ്മദ് റിസ്വാന്‍, വഹാബ് റിയാസ്, ഇമ്രാന്‍ ഖാന്‍ എന്നീ താരങ്ങള്‍ക്കാണ് പി.സി.ബി നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നത്.

Content Highlights: PCB miffed with Mohammad Hafeez for taking private Covid-19 test