ലാഹോർ: നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻസിസിഐഎ) നൽകിയ സമൻസിനെതിരെ ലാഹോർ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി പാകിസ്താൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാൻ. കഴിഞ്ഞാഴ്ച ഏജൻസിക്ക് മുമ്പിൽ ഹാജരായതിന് ശേഷമാണ് അദ്ദേഹം സമൻസിനെതിരെ കോടതിയെ സമീപിച്ചത്.

To advertise here,

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്നാണ് ചോദ്യം ചെയ്യാനായി റിസ്‌വാനേയും സഹതാരം ഇമാമുൽ ഹഖിനേയും എൻസിസിഐഎ വിളിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഇരുവരും ഏജൻസിയുടെ ലാഹോർ ഓഫീസിൽ ഹാജരാകുകയും തുടർന്ന് നിരവധി പേജുകളുള്ള ചോദ്യാവലി അവർക്ക് നൽകുകയും ചെയ്തിരുന്നു. സെപ്റ്റംബർ 15-നകം ഇമാമുൽ ഹഖ് തന്റെ മറുപടികൾ സമർപ്പിച്ചു. എന്നാൽ റിസ്‌വാൻ അന്വേഷണത്തിന്റെ സ്വഭാവത്തെക്കുറിച്ചും എൻസിസിഐഎയുടെ അധികാരപരിധിയെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു.

തനിക്കെതിരെ നിർദ്ദിഷ്ട ആരോപണങ്ങളൊന്നുമില്ലെന്നും ചോദ്യം ചെയ്യലിനായി തന്നെ വിളിച്ചുവരുത്താൻ ഏജൻസിക്ക് അധികാരപരിധിയില്ലെന്ന് വാദിച്ചുമാണ് റിസ്‌വാൻ തിങ്കളാഴ്ച റിട്ട് ഹർജി ഫയൽ ചെയ്തത്. കളിക്കാരുടെ യാത്രാവിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ, വ്യക്തിപരവും കരിയറുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എന്നിവ തേടിയാണ് എൻസിസിഐഎ ചോദ്യാവലി നൽകിയിരിക്കുന്നത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ പ്രത്യേക ആഭ്യന്തര അന്വേഷണവുമായി ഏജൻസിയുടെ അന്വേഷണത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നത് വ്യക്തമല്ല.

ഇംഗ്ലണ്ട് പര്യടനത്തിൽ റിസ്‌വാൻ കളിച്ച രണ്ട് ടെസ്റ്റുകളിൽ നിന്ന് 12, 41, 7, 1 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം. രണ്ട് ടെസ്റ്റ് പരമ്പരയിലും അദ്ദേഹത്തിന് റൺസ് കണ്ടെത്താൻ പാടുപെടേണ്ടി വന്നെങ്കിലും വിക്കറ്റ് കീപ്പിങ്ങിൽ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തു.

അതേസമയം, ലോർഡ്‌സിലെ ആദ്യ ദിവസത്തെ മത്സരത്തിന് ശേഷം ഇമാമിന്റെ ഇടത് കാൽമുട്ടിന് ഗ്രേഡ്-വൺ ടിയർ ഉള്ളതായി കണ്ടെത്തുകയും, തുടർന്ന് മത്സരത്തിൽ അദ്ദേഹം ബാറ്റ് ചെയ്യുകയോ ഫീൽഡ് ചെയ്യുകയോ ചെയ്തിരുന്നില്ല. പാകിസ്താൻ ചീഫ് സെലക്ടറും ഹൈ പെർഫോമൻസ് ഡയറക്ടറുമായ ആഖിബ് ജാവേദ് പരിക്കിന്റെ സ്വഭാവത്തെ പരസ്യമായി ചോദ്യം ചെയ്തിരുന്നു.

ടീമിലെ മാറ്റങ്ങൾ വിശദീകരിക്കുന്നതിനിടയിൽ, പ്രകടനത്തിനപ്പുറമുള്ള ഘടകങ്ങളും പരിശോധിക്കുമെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയും സൂചിപ്പിച്ചിരുന്നു.

വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള പാകിസ്താൻ ടീമിലേക്ക് റിസ്‌വാനേയും ഇമാമിനേയും തിരഞ്ഞെടുത്തത് വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. തുടർന്ന് അവരുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചും അതിനായി സ്വീകരിച്ച നടപടിക്രമങ്ങളെക്കുറിച്ചും വിശദീകരണം ആവശ്യപ്പെട്ട് സെലക്ഷൻ കമ്മിറ്റി അംഗത്തിന് പിസിബി നോട്ടീസ് അയച്ചിരുന്നു. പാക് ടീമിൽ വരുത്തിയ മാറ്റങ്ങൾക്ക് പിന്നാലെ സെലക്ടർമാരിൽ ഒരാളായ മിസ്ബാഹുൽ ഹഖ് രാജിവെക്കുകയും ചെയ്തിരുന്നു.