പ്രതിസന്ധികളുടെ ഒരു നീണ്ട നിരയിലൂടെയാണ് പാകിസ്താൻ ക്രിക്കറ്റ് നിലവിൽ കടന്നുപോകുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിത്തുടർച്ചകൾ ടീമിനെ ആകെ ഉലച്ചിരിക്കുകയാണ്. പരമ്പരയിലെ അവസാന ടെസ്റ്റിന് മുന്നോടിയായി ഏഴ് കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കുകയും രണ്ട് കോച്ചിങ് സ്റ്റാഫുകളെ പുറത്താക്കുകയും ചെയ്ത് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വലിയ അഴിച്ചുപണികൾ നടത്തിയിരുന്നു. ഒരു പരമ്പരയ്ക്കിടെ ഒരു ടീമിൽ ഇത്ര വലിയ മാറ്റങ്ങൾ വരുത്തുന്നത് അപൂർവമായ സംഭവമാണ്.

To advertise here,

ഇപ്പോഴിതാ ടീമിനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പിസിബി. ടീമിനുള്ളിലെ അച്ചടക്കവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ പരിശോധിച്ചുവരികയാണെന്ന് പിസിബി വക്താവ് ആമിർ മിർ വ്യക്തമാക്കി. എന്നാൽ, ആരോപണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാനോ ഏതെങ്കിലും നിർദ്ദിഷ്ട കളിക്കാരനുമായി അന്വേഷണത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമാക്കാനോ പിസിബി തയ്യാറായില്ല.

'അച്ചടക്കവും പെരുമാറ്റവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകളെ തുടർന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അത് നിലവിൽ ബോർഡിനുള്ളിൽ അവലോകനം ചെയ്തുവരികയാണ്. ബന്ധപ്പെട്ട എല്ലാ വ്യക്തികൾക്കും അർഹമായ പരിഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് പിസിബി ചട്ടങ്ങൾക്ക് വിധേയമായാണ് ഈ നടപടികൾ പുരോഗമിക്കുന്നത്.'-ആമിർ മിർ പ്രസ്താവനയിൽ പറഞ്ഞു.

പാകിസ്താനിലെ അഴിച്ചുപണി

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സിനും 103 റൺസിനുമാണ് പാകിസ്താൻ തോറ്റത്. ലോർഡ്‌സിൽ നടന്ന രണ്ടാം മത്സരത്തിലാകട്ടെ 194 റൺസിന്റെ വലിയ തോൽവിയാണ് ടീം ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ പിസിബിയുടെ ഭാഗത്തുനിന്ന് കടുത്ത നടപടികളാണുണ്ടായത്. മുഹമ്മദ് റിസ്വാൻ, സൽമാൻ അലി ആഗ, ഇമാം ഉൾ ഹഖ്, അലി ഉസ്മാൻ, ഖുറാം ഷഹ്‌സാദ്, ആമിർ ജമാൽ, മുഹമ്മദ് ഒവൈസ് സഫർ എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കി. പരിശീലകൻ സർഫറാസ് അഹമ്മദ്, ബൗളിങ് കോച്ച് ഉമർ ഗുൽ എന്നിവരെയും സ്ഥാനങ്ങളിൽ നിന്ന് നീക്കി.

തുടർന്ന് പുതിയ ഏഴ് താരങ്ങളെ ടീമിൽ ഉൾപ്പെടുത്തി. ഇതിൽ സയ്യിബ് അയൂബ്, അബ്ദുല്ല ഫസൽ എന്നിവർ ഇതിനകം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചവരാണ്. അഞ്ച് പേർ ഇതുവരെ പാക് ജെഴ്‌സിയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. പേസ് ബോളിങ് ഓൾറൗണ്ടർമാരായ റാസുള്ള ഖാൻ, മുഹമ്മദ് ഇമ്രാൻ, ഇടംകൈയ്യൻ സ്പിന്നർ അരാഫത് മിൻഹാസ്, വിക്കറ്റ് കീപ്പർ സാദ് ബെയ്ഗ്, ഇടംകൈയ്യൻ പേസർ മുഹമ്മദ് ഇമ്രാൻ ജൂനിയർ എന്നിവരാണ് പുതുമുഖങ്ങൾ.

പാകിസ്താന്റെ ഈ തീരുമാനങ്ങൾ കേവലം പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണോ എന്ന ചോദ്യമുയർത്തുന്നതായിരുന്നു ഈ നടപടി. ലോർഡ്‌സ് ടെസ്റ്റിനിടയിൽ ഇമാമുൾ ഹഖിന്റെ പരിക്കിനെക്കുറിച്ച് പിസിബി ഹൈ പെർഫോമൻസ് ഡയറക്ടർ ആഖിബ് ജാവേദ് നടത്തിയ വിമർശനങ്ങൾ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി.

ലോർഡ്‌സിൽ വെച്ച് ഇമാമിന്റെ കാലിന് പരിക്കേറ്റിരുന്നു. തുടർന്നുള്ള രണ്ട് ഇന്നിങ്‌സുകളിലും അദ്ദേഹം ബാറ്റ് ചെയ്തിരുന്നില്ല. തുടർന്ന് ആഖിബ് സംശയം പ്രകടിപ്പിക്കുകയും ഇമാമിന് അന്വേഷണം നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

'ഇമാമിന്റെ പരിക്ക് വലിയൊരു ചോദ്യചിഹ്നമാണ്. അവൻ അഭിനയിച്ചതാണെന്ന് ഞാൻ പറയുന്നില്ല. എന്നാൽ ഇത്തരത്തിലുള്ള ഒരു മസിൽ പരിക്കിന് ഒരിക്കലും ബാറ്റിങ്ങിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കാൻ നിങ്ങളെ പ്രേരിപ്പിക്കാനാകില്ല.'- പാകിസ്താൻ ബ്രോഡ്കാസ്റ്ററായ ജിയോയോട് ആഖിബ് വ്യക്തമാക്കി.

പരമ്പരയ്ക്കിടയിൽ ഇത്രയധികം മാറ്റങ്ങൾ വരുത്താനുള്ള പിസിബിയുടെ തീരുമാനത്തെ ആഖിബ് ന്യായീകരിക്കുകയും ചെയ്തു. പ്രധാനപ്പെട്ട പര്യടനങ്ങളിൽ മികച്ച പ്രകടനം നടത്തണമെന്നും കൂടുതൽ ആത്മാർത്ഥത കാണിക്കണമെന്നുമുള്ള സന്ദേശമാണ് കളിക്കാർക്ക് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒത്തുകളി വിവാദം വീണ്ടും തലപൊക്കുന്നു

മോശം പ്രകടനത്തിനപ്പുറം ഈ മാറ്റങ്ങൾക്ക് പിന്നിൽ മറ്റ് കാരണങ്ങളുണ്ടാകാമെന്ന സൂചനകളോടെ പാകിസ്താൻ ക്രിക്കറ്റിൽ പുതിയ വിവാദങ്ങളും ഉയർന്നു വന്നിട്ടുണ്ട്. ഈ കടുത്ത തീരുമാനങ്ങൾക്ക് പിന്നിൽ 'ക്രിക്കറ്റിനേക്കാൾ ഉപരിയായ' ഘടകങ്ങളുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്. ഇത് സംബന്ധിച്ച് പ്രതികരണത്തിനായി പിസിബിയെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പാകിസ്താൻ മാധ്യമമായ 365 ന്യൂസിന്റെ മറ്റൊരു റിപ്പോർട്ട് അനുസരിച്ച്, ചില കളിക്കാർ തങ്ങളുടെ മൊബൈൽ ഫോണുകൾ പി.സി.ബിക്ക് കൈമാറിയിട്ടുണ്ടെന്നും അവസാന ടെസ്റ്റ് വരെ ഈ ഫോണുകൾ ബോർഡിന്റെ കസ്റ്റഡിയിൽ ആയിരിക്കുമെന്നും പറയുന്നു. എന്നാൽ ഈ കളിക്കാരുടെ വിവരങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. ഫോണുകൾ എന്തിനാണ് വാങ്ങിയതെന്ന് പിസിബിയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

2010-ൽ ലോർഡ്‌സിൽ നടന്ന പാകിസ്താന്റെ കുപ്രസിദ്ധമായ സ്‌പോട്ട് ഫിക്‌സിങ് അഴിമതിയെ ഓർമ്മിപ്പിക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങൾ. അന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനിടയിൽ മുൻകൂട്ടി നിശ്ചയിച്ച നിമിഷങ്ങളിൽ ബോധപൂർവ്വം നോ-ബോൾ എറിയുന്നതിന് അന്നത്തെ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ബട്ട്, മൊഹമ്മദ് ആസിഫ്, മൊഹമ്മദ് ആമിർ എന്നിവർ പണം വാങ്ങിയതായി കണ്ടെത്തിയിരുന്നു. മൂന്ന് കളിക്കാർക്കും വിലക്കും തടവുശിക്ഷയും ലഭിച്ചിരുന്നു. എന്നാൽ നിലവിലെ അന്വേഷണം ഒത്തുകളിയുമായി ബന്ധപ്പെട്ടാണെന്ന് പിസിബി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

'അച്ചടക്കവും പെരുമാറ്റവും' സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചാണ് ബോർഡ് പ്രസ്താവനയിൽ പ്രത്യേകമായി പരാമർശിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിലും മറ്റ് പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്ന ഊഹാപോഹങ്ങളെയും സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളെയും വിശ്വസിക്കരുതെന്നും പൊതുജനങ്ങളോട് ബോർഡ് അഭ്യർത്ഥിച്ചു.