ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ പാകിസ്താൻ വലിയ തോൽവി നേരിട്ടതോടെ ടീമിൽ കാര്യമായ അഴിച്ചുപണികൾ നടത്തിയിരുന്നു. ഏഴ് കളിക്കാരേയും രണ്ട് കോച്ചിങ് സ്റ്റാഫിനേയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മാറ്റിയിരുന്നു. പക്ഷേ ഈ നടപടികളൊന്നും ഫലം കണ്ടില്ല. എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന മൂന്നാം ടെസ്റ്റിലും പാകിസ്താൻ ദയനീയാവസ്ഥയിലാണ്. ഇതിന് പിന്നാലെ പാക് ഓപ്പണർ സയിം അയ്യൂബിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ.

To advertise here,

ടെസ്റ്റ് ടീമിൽ അയ്യൂബിനെ ഉൾപ്പെടുത്തിയതിനെ നാസർ ഹുസൈൻ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ടെസ്്റ്റ് ക്രിക്കറ്റിനോടുള്ള അനാദരവും അവഗണനയുമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് പോലും കളിച്ചിട്ടില്ലാത്ത ഈ യുവ ഓപ്പണർ ഇംഗ്ലണ്ടിൽ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് നാസർ ഹുസൈൻ വ്യക്തമാക്കി.

''സത്യം പറഞ്ഞാൽ അയ്യൂബ് ഇവിടെ ഉണ്ടാകാൻ പാടില്ലാത്തതാണ്. അവൻ കരീബിയൻ പ്രീമിയർ ലീഗിൽ നിന്ന് വന്നതാണ്. കുറച്ചുകാലമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ല. പൂർണ്ണമായും വ്യത്യസ്തമായ ഒരു ഫോർമാറ്റ് കളിച്ച്, വിദേശ സാഹചര്യങ്ങളിൽ നിന്ന് ഒരാളെ വിമാനത്തിൽ എത്തിച്ച്, ഇംഗ്ലണ്ട് ബൗളർമാർക്കെതിരെ ഈ സാഹചര്യങ്ങളിൽ അവൻ നന്നായി കളിക്കുമെന്ന് ആര് വിശ്വസിച്ചുവെന്ന് എനിക്കറിയില്ല,'' സ്‌കൈ സ്‌പോർട്‌സിൽ സംസാരിക്കവേ നാസർ ഹുസൈൻ പറഞ്ഞു.

''ഇത് ടെസ്റ്റ് ക്രിക്കറ്റിനോടുള്ള അനാദരവും അവഗണനയുമാണ്. ഏതൊരു ക്രിക്കറ്റ് കളിക്കാരനും നിങ്ങളോട് പറയുന്നതുപോലെ, ടെസ്റ്റ് ക്രിക്കറ്റ് ഏറ്റവും കഠിനമായ ഫോർമാറ്റാണ്. ഇംഗ്ലണ്ടിൽ ബാറ്റിങ് ഓപ്പൺ ചെയ്യുക എന്നത് ഏറ്റവും കഠിനമായ ജോലിയാണ്. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്ന് ഒരാളെ വിമാനത്തിൽ എത്തിച്ച് 'ഗുഡ് ലക്ക്' എന്ന് പറഞ്ഞയച്ചാൽ മതിയെന്ന് നിങ്ങൾ കരുതുന്നു.'- അദ്ദേഹം കൂട്ടിച്ചേർത്തു.

കരീബിയൻ പ്രീമിയർ ലീഗിലെ സെഞ്ചുറിയുടെ അടിസ്ഥാനത്തിലാണ് ഓപ്പണിങ് ബാറ്ററായ സയിം അയ്യൂബിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇടംകൈയൻ ബാറ്റർക്ക് ഈ ടെസ്റ്റിൽ ഒരു റൺ പോലും നേടാനായില്ല. ഒല്ലി റോബിൻസണിന്റെ പന്തിൽ രണ്ട് ഇന്നിങ്‌സിലും പൂജ്യത്തിന് പുറത്തായി. അയ്യൂബ് അവസാനമായി ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത് 2025 ഒക്ടോബറിലാണ്. ബാസിത് അലി, കമാൻ അക്മൽ തുടങ്ങിയ മുൻ കളിക്കാർ ഈ നീക്കത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.