ദുബായ്: പാകിസ്താൻ ടീമിനോട് ഇന്ത്യൻ ടീം മാപ്പ് പറയണമെന്ന ആവശ്യം സംഘാടകർ തള്ളിയതിനെ തുടർന്ന് വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിന്റെ (ഡബ്ല്യുസിഎൽ) നിലവിലെ സീസണിൽ നിന്ന് പിന്മാറി പാകിസ്താൻ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് കഴിഞ്ഞ സീസണിൽ പാകിസ്താനെതിരെ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. ഇന്ത്യയുടെ ആ നടപടിയിൽ മാപ്പ് പറയണമെന്നാണ് പാകിസ്താന്റെ ഇപ്പോഴത്തെ ആവശ്യം. എന്നാൽ ഡബ്യുസിഎൽ സംഘാടകർ ഇത് തള്ളുകയായിരുന്നു.

To advertise here,

ഇതേതുടർന്നാണ് ടൂർണമെന്റിൽ നിന്ന് പിന്മാറാൻ പാകിസ്താൻ ടീം തീരുമാനിച്ചത്. ടൂർണമെന്റിൽ നിന്ന് ഇന്ത്യൻ കളിക്കാർ വിട്ടുനിൽക്കുകയാണെങ്കിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് ഉറപ്പുനൽകണമെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 'അപ്രതീക്ഷിത സാഹചര്യങ്ങൾ' കാരണമാണ് പാകിസ്താൻ പിന്മാറിയതെന്നാണ് ഡബ്ല്യുസിഎല്ലിന്റെ വിശദീകരണം.

ഡബ്ല്യുസിഎല്ലിന്റെ കഴിഞ്ഞ സീസണിൽ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങളും ജനവികാരവും ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്താനെതിരെ ഗ്രൗണ്ടിലിറങ്ങാൻ തയ്യാറായിരുന്നില്ല. ഇതോടെ സെമി ഫൈനൽ റദ്ദാക്കുകയും പാകിസ്താൻ നേരിട്ട് ഫൈനലിലേക്ക് മുന്നേറുകയുമായിരുന്നു.

യുവരാജ് സിങ്, സുരേഷ് റെയ്‌ന, ഹർഭജൻ സിങ്, പീയുഷ് ചൗള, യൂസഫ് പത്താൻ, റോബിൻ ഉത്തപ്പ തുടങ്ങിയ മുൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പെട്ട സംഘം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥയെത്തുടർന്ന് മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു.