മെൽബൺ: 'സാൻഡ്പേപ്പർ' പന്ത് ചുരണ്ടൽ വിവാദത്തിൽ ഉൾപ്പെട്ട താരങ്ങൾക്കും ജീവനക്കാർക്കും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനായി ഒരു സ്വതന്ത്ര ഫോറം രൂപീകരിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചു. ഓസ്ട്രേലിയ-ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിന് മുന്നോടിയായി ബെല്ലെറൈവ് ഓവലിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഇടക്കാല ചെയർമാൻ ഡേവിഡ് ബൂണും ചീഫ് എക്‌സിക്യൂട്ടീവ് ടോഡ് ഗ്രീൻബെർഗുമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ചേർന്ന അടിയന്തര ബോർഡ് യോഗത്തിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം.

To advertise here,

2018-ലെ കേപ്ടൗൺ ടെസ്റ്റിൽ കളിച്ച 11 താരങ്ങളിൽ എട്ടുപേരെ മാത്രമാണ് അന്ന് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തതെന്ന് ഗ്രീൻബെർഗ് സ്ഥിരീകരിച്ചു. എങ്കിലും, രഹസ്യസ്വഭാവം നിലനിർത്തേണ്ടതിനാൽ ആദ്യ അന്വേഷണം വീണ്ടും തുറക്കുകയോ അതിന്റെ വിവരങ്ങൾ പരസ്യപ്പെടുത്തുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ തന്റെ ആത്മകഥയിൽ ഉസ്മാൻ ഖവാജ നടത്തിയ വെളിപ്പെടുത്തലുകളാണ് പുതിയ ഫോറം രൂപീകരിക്കുന്നതിലേക്ക് നയിച്ചത്. പോർട്ട് എലിസബത്തിൽ നടന്ന മുൻ ടെസ്റ്റിലും പന്തിൽ സാൻഡ്പേപ്പർ ഉപയോഗിച്ചിരുന്നുവെന്നും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ടീമിലെ എല്ലാവർക്കും അറിവുണ്ടായിരുന്നുവെന്നും ഖവാജ പുസ്തകത്തിൽ ആരോപിച്ചിരുന്നു. കേപ്ടൗൺ ഡ്രസ്സിങ് റൂമിൽ കാമറൂൺ ബാൻക്രോഫ്റ്റിന് തൊട്ടടുത്താണ് ഇരുന്നിരുന്നതെങ്കിലും ആദ്യ അന്വേഷണത്തിൽ തന്നെ ചോദ്യം ചെയ്തില്ലെന്നും ഖവാജ വെളിപ്പെടുത്തി. ഖവാജയുടെ വാദങ്ങളെ പിന്തുണച്ച് ഡേവിഡ് വാർണറും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.

'ക്രിക്കറ്റ് ഇപ്പോൾ ശരിക്കും വേദനിക്കുകയാണ്. ഇത് ആർക്കും നല്ലതല്ല. ഇതിലൂടെ ഒരു വഴി കണ്ടെത്തേണ്ടതുണ്ട്, മുറിവുകൾ ഉണങ്ങാൻ നമുക്ക് കുറച്ച് സമയം ആവശ്യമാണ്,' ടോഡ് ഗ്രീൻബെർഗ് പറഞ്ഞു.

പൂർണമായും രഹസ്യസ്വഭാവമുള്ളതായിരിക്കും ഈ ഫോറം. അന്ന് സംഘത്തിലുണ്ടായിരുന്ന ആർക്കും ഇതിൽ പങ്കെടുക്കാം, എന്നാൽ ആരെയും നിർബന്ധിക്കില്ല. വരും ദിവസങ്ങളിൽ ഒരു മുൻ ജഡ്ജിയെയോ കിംഗ്സ് കൗൺസലിനെയോ ഇതിന്റെ അധ്യക്ഷനായി നിയമിക്കും. ഫോറത്തിലെ വിവരങ്ങൾ എത്രത്തോളം പരസ്യപ്പെടുത്തണമെന്ന കാര്യത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ പിന്നീട് തീരുമാനമെടുക്കും. ന്യൂസീലൻഡിനെതിരായ ഒന്നാം ടെസ്റ്റിന് മുൻപ് ഈ നടപടികൾ പൂർത്തിയാകില്ല.

സംഭവത്തിൽ പുനരന്വേഷണമോ ശിക്ഷാനടപടികളോ ഉണ്ടാകില്ലെന്നും എല്ലാവർക്കും മുന്നോട്ട് പോകുന്നതിനായി തങ്ങളുടെ ഭാഗം പറയാനുള്ള വേദിയാണിതെന്നും ഡേവിഡ് ബൂൺ വ്യക്തമാക്കി. 'ഏകദേശം ഒരു പതിറ്റാണ്ടായി ഈ സംഭവത്തിന്റെ അലയൊലികൾ ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ചർച്ചയാകുന്നുണ്ട്. പലർക്കും ഇതൊരു പ്രയാസകരമായ അധ്യായമാണ്. ഈ ചർച്ചകൾ നമ്മുടെ കളിക്ക് ഒരു ശ്രദ്ധതിരിക്കലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനൊരു വിരാമമിടാൻ സമയമായിരിക്കുന്നു,' ബൂൺ പറഞ്ഞു.

അതേസമയം, ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രഖ്യാപനത്തോട് ആശങ്കയോടെയാണ് ഉസ്മാൻ ഖവാജ പ്രതികരിച്ചത്. 'എല്ലാവരും സംസാരിക്കാതെ പൂർണമായ സത്യം പുറത്തുവരില്ല. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളിൽ നിന്ന് ബോർഡിന് ഇഷ്ടമുള്ളതു മാത്രം തിരഞ്ഞെടുത്ത് പുറത്തുവിടാനാകുമെങ്കിൽ, നമ്മൾ വീണ്ടും ഒരു വട്ടത്തിൽ തന്നെ കറങ്ങുകയല്ലേ?' എന്ന് ഖവാജ ചോദിച്ചു. പുതിയ ശിക്ഷകൾ വേണ്ടെന്നും, അന്നത്തെ സാഹചര്യങ്ങളിലെ സുതാര്യതയും ഉത്തരവാദിത്തവുമാണ് പ്രധാനമെന്നും ഡേവിഡ് വാർണറും പ്രതികരിച്ചു.

ഖവാജയുടെ പുസ്തകത്തിലെ ആരോപണങ്ങളെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് വാർത്താസമ്മേളനത്തിൽ ശക്തമായി തള്ളിക്കളഞ്ഞിരുന്നു. ആരോപണങ്ങൾ '100 ശതമാനം തെറ്റും തികഞ്ഞ അസംബന്ധവുമാണ്' എന്നായിരുന്നു കമ്മിൻസിന്റെ പ്രതികരണം. പേസർ മിച്ചൽ സ്റ്റാർക്കും ആരോപണങ്ങൾ നിഷേധിച്ചിരുന്നു. കമ്മിൻസിന്റെയും ബൗളർമാരുടെയും നിലപാടുകളിലെ സ്ഥിരത വ്യക്തമാണെന്ന് ഗ്രീൻബെർഗും ചൂണ്ടിക്കാട്ടി.

അതേസമയം, 2018-ലെ ദക്ഷിണാഫ്രിക്ക പര്യടനസംഘത്തിലുണ്ടായിരുന്ന പേസർ ചാഡ് സേയേഴ്‌സ് ഖവാജയുടെ വെളിപ്പെടുത്തലുകൾ ശരിവെച്ച് രംഗത്തെത്തി. പോർട്ട് എലിസബത്തിൽ സാൻഡ്പേപ്പർ ഉപയോഗിച്ചതിനെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നുവെന്നും, ബാൻക്രോഫ്റ്റ് ഉപയോഗിച്ചശേഷം സാൻഡ്പേപ്പർ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത് താനാണെന്നും സേയേഴ്‌സ് വെളിപ്പെടുത്തി. സംഭവത്തിനുശേഷം കേപ്ടൗൺ ഡ്രസ്സിംഗ് റൂമിൽ 70 മിനിറ്റ് നീണ്ട യോഗം ചേർന്നിരുന്നുവെന്നും, കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനെക്കുറിച്ച് അവിടെ ചർച്ച നടന്നിരുന്നുവെന്നുമുള്ള ഖവാജയുടെ വാദവും അദ്ദേഹം സ്ഥിരീകരിച്ചു.