ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പുതിയ സെൻസേഷനാണ് മോഹിത് ഉൽവ. അണ്ടർ 19 ഏഷ്യാകപ്പിൽ വാലറ്റത്ത് ഇറങ്ങി പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അവസാന പന്തിൽ അവിശ്വസനീയ ജയം സമ്മാനിച്ച ഓൾറൗണ്ടർ. എന്നാൽ, ഒറ്റ ദിവസം കൊണ്ട് പൊട്ടിമുളച്ച താരമല്ല മോഹിത്. ആ നേട്ടത്തിനും കരിയറിനും പിന്നിൽ കുടുംബത്തിന്റെ വർഷങ്ങൾ നീണ്ട ത്യാഗത്തിന്റെയും സഹനത്തിന്റെയും കഷ്ടപ്പാടിന്റെയും കഥയുണ്ട്. തുച്ഛമായ വരുമാനമുണ്ടായിരുന്ന ആളായിരുന്നു അച്ഛൻ. ഇതിനിടയിൽ വേണം മകന് കളിക്കാനും കളി ഉപകരണങ്ങൾ വാങ്ങാനുമുള്ള പണം കണ്ടെത്താൻ. അതിന് കുടുംബം കണ്ടെത്തിയ വഴി മുണ്ടുമുറുക്കി ഉടുക്കലായിരുന്നു. മോരും റൊട്ടിയുംമാത്രം കഴിച്ച് ചെലവുകൾ ചുരുക്കിയാണ് കുടുംബം മകന്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയത്.
ആർ.പി.എഫിലെ ഒൻപത് മണിക്കൂർ നീളുന്ന കഠിനമായ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയാൽ വിശ്രമിക്കുകയല്ല, മറിച്ച് മകന്റെ പരിശീലനത്തിനുവേണ്ടി ഓടിനടക്കുകയായിരുന്നു അച്ഛൻ മഹേഷ്ഭായിയുടെ പതിവ്. ചെറിയ ശമ്പളം കൊണ്ടുവേണം കുടുംബം പുലർത്താൻ. ഇതിനൊപ്പം ചെലവേറിയ ക്രിക്കറ്റ് പരിശീലനം കൂടിയായപ്പോൾ ജീവിതം ഏതാണ്ട് ദുഷ്കരമായി. പക്ഷേ, എന്നിട്ടും മഹേഷ് മകനെ നിരുത്സാഹപ്പെടുത്തിയില്ല. അവന്റെ പരിശീലനം മുടങ്ങാതിരിക്കാൻ വീട്ടിലെ അടിസ്ഥാന ചെലവുകളെല്ലാം വെട്ടിക്കുറച്ചു. പലപ്പോഴും കുടുംബചടങ്ങുകളിലും പൊതുപരിപാടികളിലും പങ്കെടുക്കാൻ അച്ഛനും മകനും സാധിക്കാതെ വന്നു. ഇതിന് നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നുമൊക്കെ യഥേഷ്ടം പഴി കേട്ടു. പക്ഷേ, അവർ അതൊക്കെ കേട്ടില്ലെന്ന് നടിച്ചു. മോഹിത്തിന്റെ വിജയത്തിൽ ഇളയ സഹോദരിക്കും വലിയ പങ്കുണ്ട്. കളിപ്പാട്ടങ്ങളും ചെറിയ സന്തോഷങ്ങളും ആഗ്രഹിക്കേണ്ട പ്രായത്തിൽ, കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ അവൾ സ്വന്തം ആഗ്രഹങ്ങൾ വേണ്ടെന്നുവെച്ചു. ജ്യേഷ്ഠന്റെ ക്രിക്കറ്റ് പരിശീലനം മുടങ്ങാതിരിക്കാൻ അവൾ സ്വന്തം ചെലവുകൾ ചുരുക്കി. ഇവരുടെയൊക്കെ ത്യാഗത്തിന്റെ കൂടി വിലയാണ് രാജ്യമൊന്നടങ്കം കഴിഞ്ഞ ദിവസം ആഘോഷിച്ചത്.
വലിയ നഗരങ്ങളിലെ വലിയ സ്റ്റേഡിയങ്ങളിൽ കളിച്ചു തുടങ്ങിയ ആളല്ല മോഹിത്. ഗ്രാമത്തിലെ ഇടവഴികളിൽ ടെന്നീസ് ബോൾ ക്രിക്കറ്റ് കളിച്ചുകൊണ്ടായിരുന്നു തുടക്കം. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ (ആർ.പി.എഫ്) ഉദ്യോഗസ്ഥനായ പിതാവ് മഹേഷ്ഭായ്ക്ക് ക്രിക്കറ്റിനോട് വലിയ താത്പര്യമായിരുന്നു. ചെറുപ്രായത്തിൽ തന്നെ മകന്റെ കളിമികവ് തിരിച്ചറിഞ്ഞ അദ്ദേഹം, ഏഴാം വയസ്സിൽ മോഹിത്തിനെ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പരിശീലിപ്പിച്ച മഹേന്ദ്രസിംഗ് ചൗഹാന്റെ ക്രിക്കറ്റ് അക്കാദമിയിൽ ചേർത്തു. തുടക്കത്തിൽ പഠനത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ക്രിക്കറ്റ് തിരഞ്ഞെടുത്തതെങ്കിലും, പതിയെ അത് അവന്റെ ജീവശ്വാസമായി മാറി.
ഓഫ് സ്പിന്നറായിട്ടായിരുന്നു
മോഹിതിന്റെ തുടക്കം. ഓട്ടത്തിലെ വേഗതയും കായികക്ഷമതയും ശ്രദ്ധിച്ച പരിശീലകൻ മഹേന്ദ്രസിംഗ് ചൗഹാൻ, മോഹിത്തിൽ ഒരു ഫാസ്റ്റ് ബൗളറുണ്ടെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ കോച്ചിന്റെ നിർദേശപ്രകാരം പതുക്കെ പേസ് ബൗളിങ്ങിലേക്ക് മാറി. അതായിരുന്നു വഴിത്തിരിവ്. കഠിനമായിരുന്നു ചൗഹാന്റെ പരിശീലനമുറകൾ. കായികക്ഷമതയും മാനസിക കരുത്തും വർധിപ്പിക്കാൻ സൈന്യത്തിന്റെ ശൈലിയിലുള്ള പരിശീലനമായിരുന്നു ചൗഹാൻ അവലംബിച്ചത്. ആഴ്ചയിൽ ആറ് ദിവസം മൈതാനത്തിന് ചുറ്റും അഞ്ച് ലാപ്പുകൾ ഓടണം; ഏഴാം ദിവസം 25 ലാപ്പ്.
ഇതിനിടെ സൗരാഷ്ട്രയുടെ പരിചയസമ്പന്നനായ പേസർ ജയദേവ് ഉനദ്കട്ട് നൽകിയ ഉപദേശം മോഹിത്തിന് വലിയ മുതൽക്കൂട്ടായി. സൗരാഷ്ട്ര പ്രീമിയർ ലീഗിൽ ഉനദ്കട്ടിനൊപ്പം ഒരു സീസൺ ചെലവഴിക്കാൻ മോഹിത്തിന് അവസരം ലഭിച്ചു. നെറ്റ്സിൽ ഉനദ്കട്ട് സ്ലോവർ ബൗൺസറുകൾ എറിയുന്നത് നിരീക്ഷിച്ച മോഹിത്, അത് സ്വയം പരീക്ഷിച്ചു നോക്കി. അവന്റെ ശ്രമത്തിൽ മതിപ്പുതോന്നിയ ഉനദ്കട്ട്, ഈ പന്ത് ഒരിക്കലും കൈവിടരുതെന്നും കൂടുതൽ പരിശീലിച്ച് മൂർച്ച കൂട്ടണമെന്നും ഉപദേശിച്ചു. ഈ സ്ലോവർ ബൗൺസറാണ് ഇന്ന് മോഹിതിന്റെ പ്രധാന ആയുധം.
Published: 18 Nov 2026, 01:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented