
മുംബൈ: അണ്ടർ-19 ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മുൻതാരം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അഞ്ച് ഇന്നിങ്‌സിൽ നിന്ന് ഒരു സെഞ്ചുറി ഉൾപ്പെടെ 361 റൺസ് നേടിയ ആര്യവീർ പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരവും നേടിയിരുന്നു. എന്നാൽ ആര്യവീറിന് കുടുംബപ്പേര് മുൻനിർത്തി പലവിമർശനങ്ങളും നേരിടേണ്ടിവന്നിരുന്നതായി തുറന്നുപറഞ്ഞിരിക്കുകയാണ് സെവാഗ്. ഭാവിയിലും ഇത്തരത്തിലുള്ള വിമർശനങ്ങളുണ്ടാകുമെന്നും എന്നാൽ മകന്റെ കഴിവിനെ കുറിച്ച് ഇപ്പോൾ ആളുകൾ മനസിലാക്കിയിട്ടുണ്ടെന്നും മുൻ ഇന്ത്യൻ ഓപ്പണർ വ്യക്തമാക്കി.
‘ഇന്ത്യയുടെ അണ്ടർ-19 ഏഷ്യാ കപ്പ് വിജയത്തിൽ, പ്രത്യേകിച്ച് പാകിസ്താനെതിരായ ഫൈനലിൽ ആര്യവീർ സെവാഗ് സംഭാവന നൽകിയതിൽ എനിക്ക് സന്തോഷമുണ്ട്. അവൻ വെറുതെ സ്കോർ ചെയ്യുക മാത്രമല്ല, വലിയ ഇന്നിങ്സ് തന്നെ കാഴ്ചവെച്ചു. ഈ വിജയത്തിൽ മുഴുവൻ ടീമിനെയും ഞാൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ബഹുമാനം ആഗ്രഹിക്കുന്നുവെങ്കിൽ വലിയ സ്കോർ നേടേണ്ടതുണ്ടെന്ന് ഞാൻ എപ്പോഴും അവനോട് പറയാറുണ്ടായിരുന്നു. അതാണ് അവൻ ഈ ടൂർണമെന്റിൽ നേടിയിരിക്കുന്നത്.’- വിരേന്ദർ സെവാഗ് പിടിഐയോട് പറഞ്ഞു.
ആര്യവീർ തന്റെ പ്രതിഭ ലോകത്തിന് മുന്നിൽ തെളിയിച്ചിട്ടുണ്ടെന്നും ഇനി സ്ഥിരതയോടെ വലിയ ഇന്നിങ്സുകൾ കാഴ്ചവെക്കുക എന്നതാണ് പ്രധാനമെന്നും സെവാഗ് പറഞ്ഞു. അതേസമയം കുടുംബപ്പേര് കാരണം ആര്യവീറിന് വിമർശനങ്ങൾ നേരിടേണ്ടിവന്നിരുന്നതായും വിരേന്ദർ സെവാഗ് കൂട്ടിച്ചേർത്തു.
‘നിങ്ങൾ ഒരു കളിക്കാരന്റെ കളി കാണുന്നിടത്തോളം കാലം, നിങ്ങൾ അയാളുടെ പേര് നോക്കിയേ വിലയിരുത്തൂ. പിന്നീട്, അവൻ അല്ലെങ്കിൽ അവൾ മികച്ച പ്രകടനം നടത്തുമ്പോൾ, അവർക്ക് പ്രതിഭയുണ്ടെന്ന് നിങ്ങൾ പറയുന്നു. ആര്യവീറിനും തന്റെ കുടുംബപ്പേര് കാരണം വലിയ തോതിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുപക്ഷേ ഭാവിയിലും അവന് ഇത് നേരിടേണ്ടി വന്നേക്കാം, പക്ഷേ ഇപ്പോൾ അവന് കഴിവുണ്ടെന്നും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിയുമെന്നും എല്ലാവർക്കും അറിയാം.- മുൻ ഇന്ത്യൻ ഓപ്പണർ പറഞ്ഞു.
അണ്ടർ-19 ഏഷ്യാ കപ്പിൽ ഉടനീളം മികച്ച ബാറ്റിങ് പുറത്തെടുത്ത ആര്യവീർ ടൂർണമെൻിന്റെ താരമായിരുന്നു. അഞ്ച് ഇന്നിങ്‌സിൽ നിന്ന് 361 റൺസ് അടിച്ചെടുത്താണ് സെവാഗിന്റെ മകൻ പ്ലെയർ ഓഫ് ദ ടൂർണമെന്റ് ആയത്. ഒരു സെഞ്ചുറിയും മൂന്ന് അർദ്ധ സെഞ്ചുറികളും യുവതാരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഇതിൽ പാകിസ്താനെതിരായ ഫൈനലിൽ 61 പന്തിൽ നേടിയ 58 റൺസും ഉൾപ്പെടുന്നു. 90.25 ആണ് ബാറ്റിങ് ശരാശരി.
Content Highlights: Virender Sehwag revealed his son faced heavy criticism due to his surname
Published: 19 Nov 2026, 06:23 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented