ന്യൂഡൽഹി: ഓസ്ട്രേലിയയിൽ ക്രിക്കറ്റ് കളിക്കാനൊരുങ്ങുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൾ അനയ ബംഗാർ. ഈ വർഷം ആദ്യം ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ 25-കാരിയായ അനയയ്ക്ക് കമ്മ്യൂണിറ്റി ക്രിക്കറ്റ് കളിക്കാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അനുമതി നൽകിയത്. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട് പരിശീലനം നടത്താനൊരുങ്ങുകയാണ് അനയ. അതിന് മുന്നോടിയായി മുൻ താരവും യുവ്‌രാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി.

To advertise here,

യോഗ്‌രാജ് സിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ അനയ തന്നെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അനയയുടെ ബാറ്റിങ്ങിനെ കുറിച്ചും മറ്റും യോഗ്‌രാജ് ചോദിച്ചറിഞ്ഞു. പരിശീലന സെഷന്റെ ഭാഗമാകണമെന്നും അദ്ദേഹം അനയയോട് പറഞ്ഞു. പരിശീലനത്തിന് മുൻപുള്ള കൂടിക്കാഴ്ചയാണെന്നും ഇങ്ങനെ തുടങ്ങാനായതിൽ നന്ദിയുണ്ടെന്നും അനയ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇന്റഗ്രിറ്റി വിഭാഗം തലവൻ ജാക്വി പാർട്രിഡ്ജ് അനയയ്ക്ക് അയച്ച കത്തിൽ, 2027 മാർച്ച് വരെ ഓസ്ട്രേലിയയിലെ ഏത് സംസ്ഥാനത്തെയും പ്രീമിയർ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കാൻ അനയയ്ക്ക് യോഗ്യതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രീമിയർ ക്രിക്കറ്റ് എന്നത് കമ്മ്യൂണിറ്റി ക്രിക്കറ്റിന്റെ പരിധിയിൽ വരുന്നതിനാൽ നിലവിലെ നയങ്ങൾ ഇതിനെ ബാധിക്കില്ല.

എന്നാൽ 2027 മാർച്ചിന് ശേഷം എലൈറ്റ് ക്രിക്കറ്റിൽ കളിക്കണമെങ്കിൽ കർശനമായ നിബന്ധനകളുണ്ട്. ഓസ്ട്രേലിയയിൽ എത്തുമ്പോൾ രക്തപരിശോധന നടത്തി ടെസ്റ്റോസ്റ്റിറോൺ അളവ് ലിറ്ററിന് 10 നാനോമോൾസിൽ താഴെയാണെന്ന് തെളിയിക്കുകയും മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താൽ മാത്രമേ അനയയ്ക്ക് എലൈറ്റ് ക്രിക്കറ്റിൽ കളിക്കാൻ അനുമതി ലഭിക്കുകയുള്ളൂ.

ഈ വർഷം മാർച്ചിലാണ് അനയ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. മുൻപ് സർഫറാസ് ഖാൻ, മുഷീർ ഖാൻ എന്നിവർക്കൊപ്പം ഇന്ത്യയിൽ ജൂനിയർ തലത്തിൽ ക്രിക്കറ്റ് കളിച്ചിട്ടുള്ള താരമാണ് അനയ.