മസ്കറ്റ്: അണ്ടർ-19 ഏഷ്യാകപ്പ് ഫൈനലിലെ ത്രില്ലർ ജയത്തിനുശേഷമുള്ള ഇന്ത്യൻ താരങ്ങളുടെ വിജയാഘോഷം വൻ വൈറലായിരുന്നു. അവസാന പന്തിൽ ജയം നേടിയശേഷം മൈതാനത്തേക്ക് ഓടിയെത്തിയ ഇന്ത്യൻ താരങ്ങൾ വിജയാഘോഷം തുടങ്ങുകയായിരുന്നു. ജയത്തിന് പിന്നാലെ പാക് താരങ്ങളുമായി കൊമ്പുകോർക്കുന്ന സാഹചര്യംവരെയുണ്ടായി. ഇത് വിമർശനങ്ങൾക്കും വഴിവെച്ചു. ഇപ്പോഴിതാ ഇന്ത്യൻ താരങ്ങളുടെ ആഘോഷപ്രകടനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം മദൻ ലാൽ. ഇന്ത്യയുടെ പ്രകടനത്തെ അഭിനന്ദിച്ച മദൻ ലാൽ, വിജയാഘോഷപ്രകടനം അതിരുകടന്നുവെന്നും പറഞ്ഞു.

To advertise here,

ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെതിരെ ഇന്ത്യൻ അണ്ടർ-19 ടീം മികച്ച ക്രിക്കറ്റാണ് കാഴ്ചവെച്ചത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തീർച്ചയായും വളരെ മികച്ചതാണ്. എന്നിരുന്നാലും, മത്സരശേഷമുള്ള ആഘോഷങ്ങളിൽ അവർ കുറച്ചുകൂടി സംയമനം പാലിക്കണമായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അഘോഷം അതിരുകടന്നുപോയി. വിജയം പ്രധാനമാണ്, എന്നാൽ മാന്യത നിലനിർത്തുന്നതും എതിരാളികളോട് ബഹുമാനം കാണിക്കുന്നതും തുല്യ പ്രാധാന്യനുള്ളതാണ്."- മദൻ ലാൽ ഐ.എ.എൻ.എസിനോട് പറഞ്ഞു.

ദീപാവലി ദിനത്തിൽ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അന്ന് പാക് താരങ്ങൾ അധിക്ഷേപിച്ചിരുന്നതായും അതിനുള്ള മറുപടിയാണ് ഫൈനലിലെ വിജയത്തിലൂടെ നൽകിയതെന്നുമാണ് ഇന്ത്യൻ യുവതാരം യഷ്‌വീർ ഗൗഡ് പ്രതികരിച്ചത്. തോൽവിയുറപ്പിച്ച ഘട്ടത്തിൽനിന്ന് ഇത്തരത്തിലൊരു ജയം നേടുമ്പോഴുണ്ടാകുന്ന ആഘോഷപ്രകടനങ്ങളാണെന്നും അത് അനുവദിക്കുമെന്നുമാണ് നേരത്തേ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ വ്യക്തമാക്കിയത്.

അവിശ്വസനീയ ജയം സ്വന്തമാക്കിയതോടെ ഇന്ത്യൻ താരങ്ങൾ വലിയ ആവേശത്തിലായിരുന്നു. പലർക്കും വികാരം നിയന്ത്രിക്കാനായില്ല. മൈതാനത്തുണ്ടായിരുന്ന പാക് വിക്കറ്റ് കീപ്പർ ഹംസ സഹൂറും ഇന്ത്യൻ താരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇന്ത്യൻ താരങ്ങൾ ആംഗ്യം കാട്ടി പാക് താരങ്ങളോട് മൈതാനം വിടാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇന്ത്യൻ ടീം ഒഫീഷ്യലുകളെത്തിയാണ് കളിക്കാരെ ശാന്തരാക്കിയത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

ഏഷ്യാകപ്പ് അണ്ടർ-19 ക്രിക്കറ്റ് ഫൈനലിൽ പാക് ടീം ഉയർത്തിയ 338 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ജയിക്കാൻ അവസാന ഓവറിൽ ഒരു വിക്കറ്റുമാത്രം അവശേഷിക്കേ, എട്ടു റൺസാണ് വേണ്ടിയിരുന്നത്. ലെഗ്‌സ്പിന്നർ അഹമ്മദ് ഹുസൈനാണ് പാക് ബൗളർ. അഞ്ചുബോളിൽ മോഹിത് ഉൽവയും ചിഗുരുപതി വെങ്കട്ടയും ചേർന്ന കൂട്ടുകെട്ട് അഞ്ചു റൺസെടുത്തു. അവസാന പന്തിൽ ഇന്ത്യക്കുവേണ്ടത് മൂന്നു റൺസ്. സ്‌ട്രൈക്ക് എടുക്കുന്നത് മോഹിത്. ഓഫ് സ്റ്റമ്പിന് വെളിയിലൂടെയുള്ള ഹുസൈന്റെ പന്ത് നൃത്തച്ചുവടുകളോടെ ക്രീസ് വിട്ടിറങ്ങിയ മോഹിത് ലോങ്ങോഫ് ബൗണ്ടറി കടത്തിയപ്പോൾ പാക് ഫീൽഡർമാർക്ക് നിസ്സഹായമായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.