ജൊഹനാസ്ബർഗ്: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ആറ് വിക്കറ്റുമായി തിളങ്ങിയ സ്പിന്നർ സൈമൺ ഹാർമറാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയമൊരുക്കിയത്. 51 റൺസ് വഴങ്ങി ആറ് വിക്കറ്റെടുത്ത സൈമൺ തന്റെ കരിയറിലെ നാലാമത്തെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ 50 വിക്കറ്റുകളെന്ന നേട്ടം അദ്ദേഹം പിന്നിടുകയും ചെയ്തു.

To advertise here,

നിലവിൽ 14 ഇന്നിങ്‌സുകളിൽ നിന്ന് 14.09 ശരാശരിയിൽ 53 വിക്കറ്റുകൾ സൈമണിന്റെ പേരിലുണ്ട്. കുറഞ്ഞത് 50 വിക്കറ്റുകളെങ്കിലും നേടിയിട്ടുള്ള കളിക്കാരിൽ ടെസ്റ്റ് മത്സരങ്ങളുടെ രണ്ടാം ഇന്നിങ്‌സിൽ ഏറ്റവും മികച്ച ബൗളിങ് ശരാശരി സ്വന്തമാക്കാനും സൈമണിന് കഴിഞ്ഞു. ഇതിന് മുമ്പ് ഇംഗ്ലീഷ് താരം ബോബി പീലിന്റെ പേരിലായിരുന്നു റെക്കോർഡ്. 1884-1896 കാലഘട്ടത്തിൽ കളിച്ച അദ്ദേഹത്തിന്റെ ശരാശരി 14.25 ആണ്.

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിൽ ഒമ്പത് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സിലെ സ്‌കോറായ 400 റൺസിനെതിരെ ദക്ഷിണാഫ്രിക്ക 557 റൺസ് നേടി 157 റൺസിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സിൽ ബംഗ്ലാദേശ് 168 റൺസിന് തകർന്നടിഞ്ഞതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 12 റൺസായി. ഒരു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക 12 റൺസ് അടിച്ച് വിജയിക്കുകയും ചെയ്തു.