ലാഹോര്‍: ടി20 ലോകകപ്പ് ക്രിക്കറ്റ് അടുത്തുനില്‍ക്കേ, ഏകദിന-ടി20, ടെസ്റ്റ് മുഖ്യ പരിശീലകരെ പ്രഖ്യാപിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി.). ഇന്ത്യന്‍ ടീമിന്റെ മുന്‍ പരിശീലകനായ ഗാരി കേസ്റ്റണെ പാകിസ്താന്റെ പുതിയ ഏകദിന-ടി20 മുഖ്യ പരിശീലകനായി തിരഞ്ഞെടുത്തു. ടെസ്റ്റ് ക്രിക്കറ്റ് മുഖ്യ പരിശീലകനായി ജേസന്‍ ഗില്ലസ്പിയെയും പ്രഖ്യാപിച്ചു. 

To advertise here,

മുന്‍ പാകിസ്താന്‍ ഓള്‍റൗണ്ടര്‍ അസ്ഹര്‍ മഹ്‌മൂദിനെ എല്ലാ ഫോര്‍മാറ്റുകളിലും അസിസ്റ്റന്റ് കോച്ചായും നിയമിച്ചു. ലാഹോറില്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്ത് പി.സി.ബി. അധ്യക്ഷന്‍ മുഹ്‌സിന്‍ നഖ്‌വിയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യക്ക് 2011-ല്‍ ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനാണ് ഗാരി കേസ്റ്റണ്‍. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മെന്ററായി പ്രവര്‍ത്തിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ടെസ്റ്റ് പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട ഗില്ലസ്പി, ഓസ്‌ട്രേലിയയില്‍ ആഭ്യന്തര രംഗത്തും ബിഗ് ബാഷ് ലീഗിലും പേരെടുത്ത പരിശീലകനാണ്. പാക് ടീം പരിശീലകനായിരുന്ന മിക്കി ആര്‍തറിനെ 2023 ഏകദിന ലോകകപ്പിനുശേഷം പുറത്താക്കിയിരുന്നു. മേയ് 22-ന് നടക്കുന്ന പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി കേസ്റ്റണ്‍ പരിശീലക സ്ഥാനം ഏറ്റെടുക്കും.