കറാച്ചി: വിവാദങ്ങൾ വിട്ടൊഴിയാതെ പാകിസ്താൻ ക്രിക്കറ്റ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ദയനീയമായി തകർന്നടിഞ്ഞതിന് പിന്നാലെ പാക് താരങ്ങൾക്കെതിരേ അന്വേഷണത്തിന് കളമൊരുങ്ങുന്നതായാണ് റിപ്പോർട്ട്. രണ്ട് ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം ടീമിൽ നിന്ന് പുറത്താക്കപ്പെട്ട മുഹമ്മദ് റിസ്വാൻ, ഇമാം ഉൾ ഹഖ് എന്നീ താരങ്ങളാണ് അന്വേഷണപരിധിയിൽ. പാകിസ്താനിലെ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് താരങ്ങൾക്കെതിരേ അന്വേഷണം നടത്തുന്നത്.

To advertise here,

നേരത്തേ തന്നെ താരങ്ങളുടെ ഫോണുകൾ പാക് ക്രിക്കറ്റ് ബോർഡ് കൈവശം വെച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ കസ്റ്റഡിയിലെടുത്ത ഫോണുകൾ പിസിബി അന്വേഷണ ഏജൻസികൾക്ക് കൈമാറിയതായാണ് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തത്. അതിന്റെ പശ്ചാത്തലത്തിലാണ് സൈബർ ഏജൻസികൾ തുടർനടപടികളുമായി മുന്നോട്ടുപോകുന്നത്. മുഹമ്മദ് റിസ്വാനും ഇമാമിനും നോട്ടീസയച്ചതായാണ് വിവരം. ലാഹോറിലെ എൻസിസിഐഎയുടെ ആസ്ഥാനത്ത് ഹാജരാകാനാണ് അന്വേഷണ ഏജൻസി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫോൺ അൺലോക്ക് ചെയ്ത് പരിശോധിക്കാനാണ് നീക്കം. ഫോണിലെ വിവരങ്ങൾ വീണ്ടെടുത്ത് അന്വേഷണം തുടരും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഡ്രസ്സിങ് റൂമിലെ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്നാണ് ലഭിക്കുന്ന വിവരം. റിസ്വാനെയും ഇമാമിനെയും കൂടാതെ മറ്റൊരു താരത്തിനും നോട്ടീസയച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പിസിബി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങളിലെ നാണംകെട്ട തോൽവിക്ക് പിന്നാലെയാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. പാക് ടീമിലെ ഏഴ് താരങ്ങളെ നാട്ടിലേക്ക് തിരിച്ചുവിളിച്ചതിന് പിന്നാലെ ചില താരങ്ങളുടെ മൊബൈൽ ഫോണും പാക് ബോർഡ് കൈവശം വെച്ചത്. മത്സരങ്ങൾ നടക്കുന്നവേളയിൽ താരങ്ങൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെങ്കിലും ബോർഡ് ഫോൺ കൈവശം വെക്കുന്നത് അസാധാരണ നടപടിയാണ്. സാധാരണയായി വാതുവെയ്പ്പ് പോലുള്ള ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഇത്തരം നടപടികൾ കൈക്കൊള്ളാറുള്ളത്.