എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ അർധസെഞ്ചുറിയുമായി തിളങ്ങി പാകിസ്താന്റെ അരങ്ങേറ്റതാരം റാസാവുള്ള ഖാൻ. രണ്ടാമിന്നിങ്‌സിൽ പാകിസ്താനെ ഇന്നിങ്‌സ് തോൽവിയിൽ നിന്ന് രക്ഷിച്ചാണ് പാക് ബൗളർ മടങ്ങിയത്. 63 പന്തിൽ നിന്ന് 81 റൺസാണ് താരത്തിന്റെ സമ്പാദ്യം. രണ്ടാമിന്നിങ്‌സിൽ പാകിസ്താൻ 449 റൺസെടുത്ത് പുറത്തായതോടെ ഇംഗ്ലണ്ടിന്റെ ലക്ഷ്യം 130 റൺസായി മാറി.

To advertise here,

എട്ടുവിക്കറ്റ് നഷ്ടത്തിൽ 318 റൺസെന്ന നിലയിൽ നിന്ന് പാക് ടീമിനെ കരകയറ്റാൻ ഒൻപതാമനായി ഇറങ്ങിയ റാസാവുള്ള ഖാന് സാധിച്ചു. മുഹമ്മദ് അബ്ബാസിനെയും കൂട്ടുപിടിച്ച് റാസാവുള്ള ഖാൻ പാക് സ്‌കോറുയർത്തി. ടീമിന് ലീഡ് സമ്മാനിച്ചതിന് പിന്നാലെ താരം വേഗത്തിൽ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. ഇംഗ്ലീഷ് ബൗളർമാരെ അടിച്ചുകളിച്ചാണ് താരം പാകിസ്താൻ ഇന്നിങ്‌സിന് കരുത്തായത്. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ വെടിക്കെട്ട് നടത്തിയപ്പോൾ എഡ്ജ്ബാസ്റ്റണിൽ സിക്‌സർ പറപറന്നു. ഒൻപതാം വിക്കറ്റിൽ 121 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് റാസാവുള്ള ഖാനും അബ്ബാസും പടുത്തുയർത്തിയത്. നാല് ഫോറും ഒൻപത് സിക്‌സറിന്റെയും അകമ്പടിയോടെയാണ് താരം 81 റൺസെടുത്തത്.

വെടിക്കെട്ട് ഇന്നിങ്‌സോടെ ഒട്ടേറെ റെക്കോഡുകളും പാക് താരം സ്വന്തമാക്കി. ഒൻപതാമനായി ഇറങ്ങി ഒരു ടെസ്റ്റ് ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന താരമെന്ന നേട്ടം അരങ്ങേറ്റത്തിൽ തന്നെ സ്വന്തമാക്കാൻ പാക് താരത്തിനായി. ഇംഗ്ലീഷ് മണ്ണിൽ ഒരു ടെസ്റ്റ് ഇന്നിങ്‌സിൽ കൂടുതൽ സിക്‌സർ നേടിയ റെക്കോഡിനൊപ്പമെത്താനും പാക് താരത്തിനായി. 2023 ആഷസിൽ ബെൻ സ്റ്റോക്‌സും ഒൻപത് സിക്‌സർ നേടിയിരുന്നു.

മാത്രല്ല, ടെസ്റ്റ് അരങ്ങേറ്റ മത്സരത്തിൽ കൂടുതൽ സിക്‌സർ നേടുന്ന താരമെന്ന റെക്കോഡിനൊപ്പവും റാസാവുള്ള ഖാനെത്തി. 2008 ൽ ഇംഗ്ലണ്ടിനെതിരേ ന്യൂസീലൻഡ് താരം ടിം സൗത്തിയും അരങ്ങേറ്റത്തിൽ ഒൻപത് സിക്‌സർ നേടിയിരുന്നു.