എജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്താനായി അരങ്ങേറിയ ഫാസ്റ്റ് ബൗളർ റസാനുള്ളയെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഇംഗ്ലണ്ടിലെ തുടർച്ചയായ രണ്ട് ടെസ്റ്റ് തോൽവികൾക്ക് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ടീമിൽ നടത്തിയ വൻ അഴിച്ചുപണിയുടെ ഭാഗമായാണ് റസാനുള്ളയ്ക്ക് ദേശീയ ടീമിലേക്ക് വിളിയെത്തുന്നത്. എന്നാൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ താരത്തിന്റെ അതിവേഗ ബൗളിങ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.

To advertise here,

പെഷവാറിലെ മർദാനിൽ നിന്നുള്ള ഈ വലംകൈയൻ പേസർ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് തുടങ്ങിയിട്ട് കേവലം 10 മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. പാകിസ്താൻ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനത്തിനിടെ റസാനുള്ളയുടെ പന്തുകളുടെ വേഗത കണ്ട് ബോധ്യപ്പെട്ട പിസിബി ഹൈപെർഫോമൻസ് ഡയറക്ടർ ആഖിബ് ജാവേദാണ് ഓഗസ്റ്റ് അവസാനത്തോടെ താരത്തെ ഫാസ്റ്റ് ബൗളിങ് ക്യാമ്പിലേക്ക് ഉൾപ്പെടുത്തിയത്.

എന്നാൽ സെലക്ടർമാർ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ റസാനുള്ളയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കൂടാതെ, തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത് താരത്തിന് സ്വന്തമായി പാസ്‌പോർട്ട് പോലും ഉണ്ടായിരുന്നില്ല. തുടർന്ന് അടിയന്തര ഇടപെടലുകളിലൂടെ പാസ്‌പോർട്ട് ശരിയാക്കിയാണ് താരത്തെ യുകെയിലേക്ക് അയച്ചത്.

ടീം പ്രഖ്യാപനം വന്ന് ഒമ്പതാം നാൾ എജ്ബാസ്റ്റണിൽ അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ റസാനുള്ള തന്റെ ബൗളിങ് മികവ് ക്രിക്കറ്റ് ലോകത്തിന് കാട്ടിക്കൊടുത്തു. ഒന്നാം ഇന്നിങ്‌സിൽ പാകിസ്താൻ 133 റൺസിന് ഓൾഔട്ടായെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് റസാനുള്ള കടുത്ത ഭീഷണിയുയർത്തി. തന്റെ ആദ്യ ഓവറിൽ തന്നെ 140 കിലോമീറ്ററിന് മുകളിൽ വേഗത കൈവരിച്ച താരം, 143 കി.മീ വേഗതയിലെറിഞ്ഞ ഒരു പന്തിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടിനെ വിക്കറ്റിനു മുന്നിൽ കുടുക്കുകയും ചെയ്തു. മറ്റൊരു പന്തിൽ ഇംഗ്ലണ്ട് ഓപ്പണർ എമിലിയോ ഗെയിയുടെ കുറ്റിതെറിപ്പിക്കാനും റസാനുള്ളയാക്കായി.