ലാഹോർ: പാക് ബാറ്റർ ഫഖര്‍ സമാന് പിഴ ചുമത്തി ഐസിസി. ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതോടെയാണ് ഐസിസി പിഴ ചുമത്തിയത്. മാച്ച് ഫീയുടെ 10 ശതമാനമാണ് പിഴ.

To advertise here,

നവംബര്‍ 29 ന് നടന്ന ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനല്‍ മത്സരത്തിനിടെയാണ് സംഭവം. പുറത്തായതിന് പിന്നാലെ അമ്പയറുടെ തീരുമാനം ചോദ്യംചെയ്യുകയും തര്‍ക്കിക്കുകയും ചെയ്തതാണ് നടപടിക്ക് ആധാരം. അമ്പയറുടെ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതാണ് ഇടംകൈയ്യൻ ബാറ്റർക്ക് തിരിച്ചടിയായത്. മത്സരത്തില്‍ താരത്തിന് മൂന്നുറണ്‍സ് മാത്രമേ നേടാനായുള്ളൂ. അതേസമയം പാകിസ്താന്‍ ആറുവിക്കറ്റിന് ലങ്കയെ കീഴടക്കിയിരുന്നു.

പിഴയ്ക്ക് പുറമേ സമാന് ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത് ആദ്യമായാണ് താരത്തിന് ഡിമെറിറ്റ് പോയന്റ് ലഭിക്കുന്നത്. ഡീമെറിറ്റ് പോയിന്റുകൾ രണ്ട് വർഷത്തേക്ക് നിലനിൽക്കും. ഈ കാലയളവിനുള്ളിൽ നാലോ അതിലധികമോ പോയിന്റുകൾ നേടുന്ന കളിക്കാർക്ക് സസ്പെൻഷൻ ലഭിക്കും. ഇത് വിവിധ ഫോർമാറ്റുകളിലെ മത്സരങ്ങളിൽ താരങ്ങളെ വിലക്കും.