ദുബായ്: എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റിൽ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് പാകിസ്താന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തി ഐസിസി. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് 11 പോയിന്റുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു. സമയ ഇളവുകൾ പരിഗണിച്ചതിനുശേഷവും പാകിസ്താൻ 11 ഓവറുകൾ പിന്നിലാണെന്ന് കണ്ടെത്തിയതായി ഐസിസി വ്യക്തമാക്കി.

To advertise here,

ഐസിസി മാച്ച് റഫറി രഞ്ജൻ മഡുഗല്ല, ഓൺ-ഫീൽഡ് അമ്പയർമാരായ പോൾ റീഫെൽ, ക്രിസ് ഗഫാനി, തേർഡ് അമ്പയർ അല്ലാഹുദ്ദീൻ പലേക്കർ, ഫോർത്ത് അമ്പയർ റസ്സൽ വാറൻ എന്നിവരാണ് ശിക്ഷ വിധിച്ചത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ പാകിസ്താൻ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവിൽ 4.63 പോയിന്റ് ശതമാനത്തോടെ ടീം ഒമ്പതാം സ്ഥാനത്താണ്.

ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റിലും പാകിസ്താൻ പരാജയപ്പെട്ടിരുന്നു. ലീഡ്‌സിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്നിങ്‌സിനും 103 റൺസിനും ലോർഡ്‌സിൽ നടന്ന രണ്ടാമത്തെ ടെസ്റ്റിൽ 194 റൺസിനും എഡ്ജ്ബാസ്റ്റണിൽ നടന്ന മൂന്നാമത്തെ ടെസ്റ്റിൽ എട്ട് വിക്കറ്റിനുമാണ് പാകിസ്താൻ തോറ്റത്.