കറാച്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ദയനീയമായി തകർന്നടിഞ്ഞതോടെ വൻ പ്രതിസന്ധിയിലാണ് പാകിസ്താൻ ക്രിക്കറ്റ് ടീം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒറ്റ മത്സരവും പാകിസ്താന് ജയിക്കാനായില്ല. രണ്ട് ടെസ്റ്റ് മത്സരങ്ങൾ തോറ്റതോടെ ടീമിൽ വൻ അഴിച്ചുപണിയും നടത്തിയിരുന്നു. ടീമിൽ നിന്ന് മുതിർന്ന താരങ്ങളെയടക്കം നാട്ടിലേക്ക് തിരിച്ചയച്ചു. നാട്ടിലേക്ക് മടങ്ങിയ സൽമാൻ അലി ആഗയുടെ ഒരു ഉഗ്രൻ ഇന്നിങ്‌സാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച.

To advertise here,

നാട്ടിലെത്തി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാനിറങ്ങിയ സൽമാൻ അലി ആഗ ട്രിപ്പിൾ സെഞ്ചുറിയോടെ തിളങ്ങി. പ്രസിഡന്റ്‌സ് ട്രോഫിയിൽ കിങ്‌സ്‌മെൻ അക്കാദമിക്കായാണ് ആഗയുടെ ഉജ്ജ്വല ഇന്നിങ്‌സ്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിലാണ് ആഗ ബാറ്റിങ്ങിനിറങ്ങിയത്. പിന്നീട് ശ്രദ്ധയോടെ ബാറ്റേന്തിയ ആഗ ഇന്നിങ്‌സ് ട്രാക്കിലാക്കി. അതോടെ സ്‌കോർ കുതിച്ചു. 169 റൺസായിരുന്നു അതുവരെ ആഗയുടെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ ഉയർന്ന സ്‌കോർ. എന്നാൽ ഇക്കുറിയ ഡബിൾ സെഞ്ചുറിയും തികച്ച് ആഗ ബാറ്റേന്തി. ഒടുക്കം മുന്നൂറ് റൺസ് അടിച്ചെടുത്താണ് പാക് താരം നിറഞ്ഞുനിന്നത്.

പാകിസ്താൻ ടീം മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് ആഗയടക്കമുള്ള താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കിയത്. അതിന് പിന്നാലെയാണ് ട്രിപ്പിൾ സെഞ്ചുറിയുമായി ആഗയുടെ മറുപടി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്‌സുകളിൽ നിന്നുമായി 25 റൺസാണ് താരത്തിന് നേടാനായിരുന്നത്. പിന്നീട് നടന്ന പരമ്പരയിലെ രണ്ട് മത്സരങ്ങളിലും താരം കളിച്ചിരുന്നില്ല. ശേഷം പാക് ടീമിൽ അഴിച്ചുപണി നടത്തിയപ്പോൾ ആഗയ്ക്കും സ്ഥാനം നഷ്ടമായി.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സിനും 103 റൺസിനുമാണ് പാകിസ്താൻ തോറ്റത്. ലോർഡ്‌സിൽ നടന്ന രണ്ടാം മത്സരത്തിലാകട്ടെ 194 റൺസിന്റെ വലിയ തോൽവിയാണ് ടീം ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ പിസിബിയുടെ ഭാഗത്തുനിന്ന് കടുത്ത നടപടികളാണുണ്ടായത്. മുഹമ്മദ് റിസ്വാൻ, സൽമാൻ അലി ആഗ, ഇമാം ഉൾ ഹഖ്, അലി ഉസ്മാൻ, ഖുറാം ഷഹ്‌സാദ്, ആമിർ ജമാൽ, മുഹമ്മദ് ഒവൈസ് സഫർ എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കി. പരിശീലകൻ സർഫറാസ് അഹമ്മദ്, ബൗളിങ് കോച്ച് ഉമർ ഗുൽ എന്നിവരെയും സ്ഥാനങ്ങളിൽ നിന്ന് നീക്കി.

തുടർന്ന് പുതിയ ഏഴ് താരങ്ങളെ ടീമിൽ ഉൾപ്പെടുത്തി. ഇതിൽ സയ്യിബ് അയൂബ്, അബ്ദുല്ല ഫസൽ എന്നിവർ ഇതിനകം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചവരാണ്. അഞ്ച് പേർ ഇതുവരെ പാക് ജെഴ്‌സിയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. പേസ് ബോളിങ് ഓൾറൗണ്ടർമാരായ റാസുള്ള ഖാൻ, മുഹമ്മദ് ഇമ്രാൻ, ഇടംകൈയ്യൻ സ്പിന്നർ അരാഫത് മിൻഹാസ്, വിക്കറ്റ് കീപ്പർ സാദ് ബെയ്ഗ്, ഇടംകൈയ്യൻ പേസർ മുഹമ്മദ് ഇമ്രാൻ ജൂനിയർ എന്നിവരാണ് പുതുമുഖങ്ങൾ. അതേസമയം ടീമിൽ അഴിച്ചുപണി നടത്തിയിട്ടും കാര്യമുണ്ടായില്ല. മൂന്നാം ടെസ്റ്റും പാകിസ്താൻ കനത്ത പരാജയം നേരിട്ടു.