തിരുവനന്തപുരം: കാര്യങ്ങൾ അനുകൂലമായാൽ ഇത്തവണ തിരുവനന്തപുരത്തുകാർക്കും ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) വെടിക്കെട്ട് കാണാനാകും. പുറത്തുവരുന്ന വിവരമനുസരിച്ച് ഐപിഎൽ വേദികളുടെ പട്ടികയിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഇടംപിടിച്ചിട്ടുണ്ട്.

To advertise here,

മാർച്ച് 26 മുതൽ മേയ് 31 വരെ രാജ്യത്തെ 18 വേദികളിലായാണ് 2026-ലെ ഐപിഎൽ ചാമ്പ്യൻഷിപ്പ് നടക്കുക. ബിസിസിഐ ഔദ്യോഗികമായി മത്സരക്രമങ്ങളും വേദികളും പുറത്തുവിട്ടിട്ടില്ല. എന്നാൽ കഴിഞ്ഞദിവസം ചേർന്ന ഐപിഎൽ ഗവേണിങ് കൗൺസിൽ യോഗം വേദികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടുണ്ടെന്നും തിരുവനന്തപുരത്തും ചില മത്സരങ്ങൾ നടത്തുമെന്നുമാണു സൂചന.

കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് വരാൻ സാധ്യതയുള്ള മറ്റൊരു ടീം സഞ്ജു സാംസൺ കളിച്ചിരുന്ന രാജസ്ഥാൻ റോയൽസ് ആണ്. രാജസ്ഥാൻ റോയൽസിന് ഇത്തവണ ജയ്പുർ സ്റ്റേഡിയത്തിൽ കളിക്കാൻ സാധ്യതയില്ല. അതിനാൽ അവർ ഈ സീസണിലേക്ക് പുതിയ സ്റ്റേഡിയം തേടുന്നുണ്ട്. ബിസിസിഐ രാജസ്ഥാൻ ടീമിന് മുന്നിൽവെച്ചിരിക്കുന്ന ഒരു സ്റ്റേഡിയം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ്. കാര്യവട്ടം സ്റ്റേഡിയത്തിന്റെ അടിസ്ഥാനസൗകര്യവും പശ്ചാത്തലവുമൊക്കെ രാജസ്ഥാൻ റോയൽസ് വിലയിരുത്തിയിട്ടുണ്ട്. സൗകര്യങ്ങളിൽ അവർ തൃപ്തരുമാണ്. മറ്റു പല സ്റ്റേഡിയങ്ങളും പരിഗണനയിലുള്ളതിനാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. ചിന്നസ്വാമി സ്റ്റേഡിയത്തിനു പുറമേ മറ്റൊരു ഹോം ഗ്രൗണ്ട് അന്വേഷിക്കുന്ന ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനോടും ബിസിസിഐ നിർദേശിച്ചിരിക്കുന്നത് കാര്യവട്ടം സ്റ്റേഡിയമാണ്. രണ്ട്‌ ടീമുകളുടെയും ഏതാനും ഹോം മത്സരങ്ങൾ തിരുവനന്തപുരത്ത് നടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇന്ത്യ-ശ്രീലങ്ക വനിതാ ക്രിക്കറ്റ് മത്സരങ്ങൾ നടക്കവേ ഈ രണ്ട്‌ ടീമുകളുടെ മാനേജ്മെന്റ് പ്രതിനിധികൾ ഗ്രീൻഫീൽഡ് സ്റ്റേഡിയം സന്ദർശിക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

ചെന്നൈ ടീമിനും താത്പര്യം

സഞ്ജു സാംസൺ ടീമിന്റെ ഭാഗമായതോടെ, തങ്ങളുടെ ഫാൻബേസ് കേരളത്തിലേക്കും വ്യാപിപ്പിക്കാൻ ചെന്നൈ സൂപ്പർ കിങ്‌സിന് ആലോചനയുണ്ട്. സഞ്ജുവിന്റെ ഹോം ഗ്രൗണ്ടാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയമെന്നതും ഗുണകരമാണ്. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് അധികസമയം കൂടുതൽ ചെലവഴിക്കേണ്ടതില്ലെന്നതും ചെന്നൈയ്ക്ക് അനൂകൂല ഘടകമാണ്. കൂടാതെ കാലാവസ്ഥയിലും വലിയ മാറ്റമില്ല. ദക്ഷിണേന്ത്യയിൽ കൂടുതൽ മേഖലകളിലേക്ക് ടീമിന്റെ സാന്നിധ്യം എത്തിക്കാനും തിരുവനന്തപുരത്തെ മത്സരങ്ങൾ ചെന്നൈ ടീമിനെ സഹായിക്കും.

തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ചില മത്സരങ്ങൾ മറ്റിടങ്ങളിലേക്കു മാറ്റാൻ സാധ്യതയുമുണ്ട്. അതും തിരുവനന്തപുരത്തിന് അനുകൂലമാണ്. ഐപിഎൽ വിജയാഘോഷത്തിനിടെ 11 പേർ മരിച്ച സംഭവത്തെത്തുടർന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ഇത്തവണ ഐപിഎൽ മത്സരങ്ങൾക്ക് വേദിയാകുമോയെന്നതിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ മത്സരങ്ങൾ നടത്താൻ കർണാടക സർക്കാർ അനുമതി നൽകി. അതുകൊണ്ടുതന്നെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പുതിയ ഹോം ഗ്രൗണ്ടിലേക്കു മാറാൻ സാധ്യതയില്ല.

അന്താരാഷ്ട്ര നിലവാരമുള്ള ഗ്രീൻഫീൽഡ് സ്റ്റേഡിയം ഐപിഎൽ മത്സരങ്ങൾക്ക് അനുയോജ്യമായ വേദിയാണ്. ഇതുവരെ നാല് ട്വന്റി20 മത്സരങ്ങളും രണ്ട് ഏകദിനങ്ങളും ഇവിടെ നടന്നിട്ടുണ്ട്. എന്നാൽ ഐപിഎൽ മത്സരങ്ങൾ എത്തിയാൽ, സ്റ്റേഡിയം ഇന്ത്യൻ ക്രിക്കറ്റിന്റെ അവിഭാജ്യഘടകമായി മാറും. മികച്ച ഔട്ട്ഫീൽഡും പിച്ചുമാണ് സ്റ്റേഡിയത്തിലേതെന്ന് താരങ്ങളും കമന്റേറ്റർമാരും ഒരുപോലെ അഭിപ്രായപ്പെട്ടിട്ടുമുണ്ട്.