മുല്ലൻപുർ: ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഏഴു വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ. രാജസ്ഥാൻ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ മൂന്നു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളികൾ.
ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയും സായ് സുദർശന്റെ അർധ സെഞ്ചുറിയുമാണ് ഗുജറാത്തിന്റെ ജയം എളുപ്പമാക്കിയത്. ഓപ്പണിങ് വിക്കറ്റിൽ 77 പന്തിൽ നിന്ന് ഇരുവരും 167 റൺസ് അടിച്ചുകൂട്ടിയപ്പോൾ തന്നെ ഗുജറാത്ത് മത്സരത്തിൽ ആധിപത്യം നേടിയിരുന്നു. 53 പന്തുകൾ നേരിട്ട ഗിൽ മൂന്ന് സിക്‌സും 15 ഫോറുമടക്കം 104 റൺസെടുത്താണ് പുറത്തായത്. 32 പന്തുകൾ നേരിട്ട സുദർശൻ 58 റൺസെടുത്തു. ഒരു സിക്‌സും എട്ട് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഒന്നാം ക്വാളിഫയറിൽ ആർസിബിക്കെതിരേ പുറത്തായതിനു സമാനമായി ബാറ്റ് കൈയിൽ നിന്ന് തെറിച്ച് വിക്കറ്റിലേക്ക് പതിച്ചാണ് ഈ മത്സരത്തിലും സുദർശൻ പുറത്തായത്.
ഗില്ലും സുദർശനും ക്രീസിൽ നിലയുറപ്പിച്ചതോടെ രാജസ്ഥാൻ ബൗളർമാർക്ക് കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. വാഷിങ്ടൺ സുന്ദർ 16 റൺസെടുത്ത് പുറത്തായി. ജോസ് ബട്ട്‌ലർ (9*), രാഹുൽ തെവാട്ടിയ (17*) എന്നിവർ പുറത്താകാതെ നിന്നു.
മത്സരത്തിന്റെ ടോസിനിടെയുണ്ടായ ആശയക്കുഴപ്പം ഒടുവിൽ ഗുജറാത്തിന് അനുഗ്രഹമായി മാറി. മത്സരത്തിൽ രണ്ടുതവണ ടോസിടേണ്ടി വന്നിരുന്നു. ടോസ് സമയത്ത് രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് വിളിച്ചത് എന്താണെന്ന് മാച്ച് റഫറിക്ക് വ്യക്തമായി കേൾക്കാൻ കഴിയാതിരുന്നതാണ് വീണ്ടും ടോസ് ഇടാൻ കാരണമായത്. ആദ്യതവണ നാണയം എറിഞ്ഞപ്പോൾ അത് 'ടെയിൽസ്' ആണ് വീണത്. രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് 'ഹെഡ്സ്' എന്നാണ് വിളിച്ചിരുന്നത്. അതിനാൽ ആദ്യ ഫലം ഗുജറാത്ത് ടൈറ്റൻസിന് അനുകൂലമായിരുന്നു. എന്നാൽ, പരാഗിന്റെ ശബ്ദം മാച്ച് റഫറി പ്രകാശ് ഭട്ടിന് വ്യക്തമായി കേൾക്കാൻ സാധിച്ചില്ല. ഇതേത്തുടർന്ന് ബ്രോഡ്കാസ്റ്റിങ് ചുമതലയിലുണ്ടായിരുന്ന രവി ശാസ്ത്രി ടോസ് വീണ്ടും നടത്തുമെന്ന് പെട്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പുനഃപരിശോധനയുടെ ഭാഗമായി രണ്ടാമത് നടത്തിയ ടോസിൽ രാജസ്ഥാൻ റോയൽസ് വിജയിക്കുകയും അവർ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ഗിൽ പ്രതിഷേധിച്ചെങ്കിലും കാര്യമുണ്ടായില്ല. ടോസ് കിട്ടിയിരുന്നെങ്കിൽ ആദ്യം ബാറ്റ് ചെയ്യുമെന്നായിരുന്നു ഗിൽ പിന്നീട് പറഞ്ഞത്.
നേരത്തേ വൈഭവ് സൂര്യവംശിയുടെ മികവിലാണ് ഗുജറാത്തിനെതിരേ രാജസ്ഥാൻ റോയൽസ് 215 റൺസ് വിജയലക്ഷ്യമുയർത്തിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ആറു വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. ബാറ്റർമാർ പരീക്ഷിക്കപ്പെട്ട പിച്ചിൽ, ചുമ്മാ വമ്പനടികൾക്ക് മാത്രമല്ല ആങ്കർ ചെയ്ത് കളിക്കാനും തനിക്കാകുമെന്ന് തെളിയിക്കുകയായിരുന്നു വൈഭവ്. 47 പന്തുകൾ നേരിട്ട താരം ഒടുവിൽ സെഞ്ചുറിക്ക് നാലു റൺസകലെ (96) കാഗിസോ റബാദയുടെ പന്തിൽ പുറത്താകുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി തേർഡ്മാൻ ഏരിയയിലേക്ക് പന്തടിച്ചാണ് വൈഭവ് പുറത്തായത്. ഏഴു സിക്സും എട്ട് ഫോറുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്സ്. ഇത്തവണ 31 പന്തിൽ നിന്നാണ് വൈഭവ് 50 തികച്ചത്. താരത്തിന്റെ ഐപിഎൽ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധ സെഞ്ചുറിയായിരുന്നു ഇത്.
വൈഭവിന്റെയും രവീന്ദ്ര ജഡേജയുടെും കൂട്ടുകെട്ടാണ് രാജസ്ഥാൻ ഇന്നിങ്സിന്റെ നട്ടെല്ല്. 65 പന്തുകൾ നീണ്ട ഈ കൂട്ടുകെട്ട് 127 റൺസാണ് രാജസ്ഥാൻ സ്‌കോർബോർഡിലെത്തിച്ചത്. ഇടയ്ക്ക് പരിക്കേറ്റ് റിട്ടയേർഡ് ഹർട്ടായി മടങ്ങിയ ജഡേജ പിന്നീട് തിരിച്ചെത്തി വീണ്ടും ബാറ്റിങ് തുടർന്നു. 35 പന്തുകൾ നേരിട്ട താരം ഒരു സിക്സും അഞ്ച് ഫോറുമടക്കം 45 റൺസോടെ പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച ഡോണോവൻ ഫെരെയ്രയുടെ ബാറ്റിങ്ങാണ് രാജസ്ഥാനെ 200 കടത്തിയത്. വെറും 11 പന്തുകൾ മാത്രം നേരിട്ട ഫെരെയ്ര നാല് സിക്സും രണ്ട് ഫോറുമടക്കം 38* റൺസെടുത്തു. റാഷിദ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ നാല് സിക്സടക്കം 27 റൺസാണ് ഫെരെയ്ര അടിച്ചെടുത്തത്.
യശസ്വി ജയ്സ്വാൾ (1), ധ്രുവ് ജുറെൽ (7), ക്യാപ്റ്റൻ റിയാൻ പരാഗ് (11), ദസുൻ ഷനക (3) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഗുജറാത്തിനായി റബാദയും ജേസൺ ഹോൾഡറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: Rajasthan Royals set a target of 215 against Gujarat Titans in IPL 2026 Qualifier 2., Vaibhav Suryavanshi scored a brilliant 96 runs off 47 balls., Donovan Ferreira's late cameo of 38* off 11 balls pushed the total past 200., Ravindra Jadeja contributed a steady 45* to anchor the innings., Kagiso Rabada and Jason Holder took two wickets each for Gujarat.
Published: 29 May 2026, 11:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented