ചെന്നൈ: എം.എസ്. ധോനിയും ചെന്നൈ സൂപ്പർ കിങ്‌സും (സിഎസ്‌കെ) തമ്മിലുള്ള ബന്ധം ശക്തമാണ്. ഐപിഎൽ 2026-ൽ ഒരു മത്സരം പോലും കളിച്ചില്ലെങ്കിലും സിഎസ്‌കെയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വ്യക്തികളിലൊരാൾ 45-കാരനായ ധോനിയായിരുന്നു. ഇപ്പോഴും ടീമിന്റെ വലിയ പ്രചോദനശക്തിയായി തുടരുന്നത് ധോനിയാണ്. എന്നാൽ, ഐപിഎൽ 2027-ലെ റീറ്റെൻഷൻ തീയതികൾ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ധോനിയും ചെന്നൈ ഫ്രാഞ്ചൈസിയും തമ്മിൽ ഓഹരി പങ്കാളിത്തത്തെച്ചൊല്ലി തർക്കങ്ങൾ നടന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

To advertise here,

ധോനി ആദ്യം സിഎസ്‌കെയുടെ 25% ഓഹരി ആവശ്യപ്പെടുകയും പിന്നീട് അത് 20 ശതമാനമായി കുറയ്ക്കുകയും ചെയ്തു. എന്നാൽ, ഇതിന് പകരമായി ചെന്നൈ ഫ്രാഞ്ചൈസി ധോണിക്ക് 5.5% ഓഹരി മാത്രമാണ് വാഗ്ദാനം ചെയ്തതെന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇത്തരം വാർത്തകളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇത്തരം വാർത്തകൾ അവിശ്വസനീയമാണെന്നും ആസൂത്രിതമായി ചമച്ചുണ്ടാക്കിയതാണെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) അടുത്തിടെ വിറ്റുപോയപ്പോൾ 1.7 മുതൽ 1.8 ബില്യൺ ഡോളർ വരെയായിരുന്നു അതിന്റെ മൂല്യമെന്ന്‌ ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നു. അഞ്ച് കിരീടങ്ങളും ഇന്ത്യയ്ക്ക് പുറത്ത് ഒട്ടേറെ ഫ്രാഞ്ചൈസികളുമുള്ള ചെന്നൈ സൂപ്പർ കിങ്‌സും സമാനമായ മൂല്യമുള്ള വലിയ ബ്രാൻഡാണ്. 1.8 ബില്യൺ ഡോളർ മൂല്യമുള്ള ഒരു ഫ്രാഞ്ചൈസിയിൽ ധോണി 25% ഓഹരി ആവശ്യപ്പെട്ടുവെന്നു പറയുന്നത് യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് ചോപ്ര പറയുന്നു.

''ഇതൊരിക്കലും സാധ്യമായ കാര്യമല്ല. ആരും ആർക്കും 400 മില്യൺ ഡോളർ വെറുതെ നൽകില്ല. ഒരു ഐപിഎൽ ടീമിന്റെ 25% ഓഹരികൾ സ്വന്തമാക്കണമെങ്കിൽ 400 മില്യൺ ഡോളർ നിക്ഷേപിക്കേണ്ടതുണ്ട്. ആരും ഒരു ഐപിഎൽ ടീമിലും മറ്റൊരാൾക്ക് 25% ഓഹരി സൗജന്യമായി നൽകില്ല.'' - ചോപ്ര വ്യക്തമാക്കി.

വാർത്തകളിൽ പറയുന്ന 5.5% ഓഹരി പങ്കാളിത്തംപോലും വളരെ വലിയൊരു ആവശ്യമാണെന്ന് ചോപ്ര ചൂണ്ടിക്കാട്ടുന്നു. 2008 മുതൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ മുഖമാണ് ധോനി. അഞ്ച് ഐപിഎൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളും ധോണിയുടെ ക്യാപ്റ്റൻസിയിൽ കീഴിൽ ചെന്നൈ സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈക്ക് രാജ്യം മുഴുവൻ ആരാധകരെ നേടിക്കൊടുത്തതിൽ ധോനിക്ക് ചെറുതല്ലാത്ത പങ്കുമുണ്ട്.