ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് പുതിയ നായകനെ തേടുന്നുണ്ടെങ്കിൽ മലയാളി താരം സഞ്ജു സാംസണെ ക്യാപ്റ്റനായി നിയമിക്കണമെന്ന് മുൻ ഇന്ത്യൻ താരം സദഗോപൻ രമേശ്. ഋതുരാജിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്ന ചർച്ചകൾ സജീവമാകുന്ന പശ്ചാത്തലത്തിലാണ് മുൻ താരം ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്. സഞ്ജുവിന് മികച്ച ക്യാപ്റ്റൻസി റെക്കോഡുണ്ടെന്നും എന്നാൽ, സഞ്ജുവിനെ ക്യാപ്റ്റനാക്കിയതുകൊണ്ടുമാത്രം ചെന്നൈക്ക് കിരീടം കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ സൂപ്പർ കിങ്സ് നായകസ്ഥാനത്തേക്ക് പല പേരുകളും പരിഗണിക്കുന്നുണ്ട്. നായകസ്ഥാനത്ത് ഒരു മാറ്റം ആവശ്യമാണോ എന്ന കാര്യം അവർ ചിന്തിക്കുന്നുണ്ടെന്ന് തോന്നുന്നു. അങ്ങനെയെങ്കിൽ സഞ്ജു സാംസണെ ക്യാപ്റ്റനായി പരിഗണിക്കണം. കാരണം, അദ്ദേഹം ഒരു മികച്ച ടീം കളിക്കാരനാണ്. ക്യാപ്റ്റൻസി മാറ്റുന്നുണ്ടെങ്കിൽ സഞ്ജുവിനെ ചെന്നൈ ഗൗരവമായി പരിഗണിക്കണം", രമേഷ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
ഐപിഎല്ലിൽ 66 മത്സരങ്ങളിൽ ക്യാപ്റ്റനായിട്ടുള്ള സഞ്ജു 33 എണ്ണത്തിൽ വിജയം നേടിയിട്ടുണ്ട്. അദ്ദേഹത്തിന് 50% വിജയശതമാനമുണ്ട്. അദ്ദേഹത്തിനുകീഴിൽ രാജസ്ഥാൻ മികച്ച പ്രകടനം കാഴ്ചവെച്ചു. ഫൈനലിൽ പ്രവേശിക്കുകയും മറ്റൊരു സീസണിൽ പ്ലേഓഫിന് യോഗ്യത നേടുകയും ചെയ്തു. എന്നാൽ, ചെന്നൈക്ക് മറ്റ് പല കാര്യങ്ങളിലും മാറ്റംവരുത്തേണ്ടതുണ്ട്. സഞ്ജുവിനെ ക്യാപ്റ്റനാക്കിയതുകൊണ്ട് മാത്രം അവർക്ക് ട്രോഫി നേടാനാകില്ല. എന്നാൽ, ക്യാപ്റ്റനെ മാറ്റുകയാണെങ്കിൽ, സഞ്ജുവിനെ പരിഗണിക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു.
സഞ്ജുവിനേപ്പോലെ പരിചയസമ്പന്നനായ താരത്തിന്റെയും മുൻ നായകന്റെയും സാന്നിധ്യം ഗെയ്ക്വാദിന് ഭീഷണിയാണെന്ന് നേരത്തേ മുൻ താരങ്ങളടക്കം പ്രതികരിച്ചിരുന്നു. സമീപകാലത്ത് ചെന്നൈ മോശം പ്രകടനം കാഴ്ചവെക്കുന്ന പശ്ചാത്തലത്തിലാണ് ഗെയ്ക്വാദിന്റെ ക്യാപ്റ്റൻസിയെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നുവന്നത്. സഞ്ജു ടീമിന്റെ ഭാവി ക്യാപ്റ്റനാണ് എന്ന നിലയ്ക്കുള്ള ചർച്ചകൾ ആരാധകർക്കിടയിൽ സജീവമാണ്. കഴിഞ്ഞ ലേലത്തിന് മുൻപ് ട്രേഡ് ഡീലിലൂടെയാണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്.
സഞ്ജു സാംസൺ 2021 മുതലാണ് രാജസ്ഥാന്റെ നായകനായത്. ആ വർഷം ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. ഋതുരാജാകട്ടെ 2019 മുതൽ ചെന്നൈയുടെ നെടുംതൂണാണ്. അന്ന് ലേലത്തിൽ 20 ലക്ഷത്തിനാണ് താരം ടീമിലെത്തുന്നത്. 2022 സീസണിന് മുന്നോടിയായി 6 കോടിക്ക് ടീം നിലനിർത്തി. രണ്ട് വർഷങ്ങൾക്കിപ്പുറം ടീമിന്റെ നായകനുമായി.
Content Highlights: Former Indian cricketer Sadagopan Ramesh suggests Sanju Samson should captain CSK., Ramesh highlights Sanju's impressive 50% win rate as IPL captain
Published: 05 Sept 2026, 07:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented