ബെംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ കാത്തിരുന്നത് നാണക്കേടായിരുന്നു. 46 റണ്‍സെടുക്കുന്നതിനിടയിലാണ് ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ കിവീസ് ബൗളര്‍മാര്‍ക്കുമുന്നില്‍ തകര്‍ന്നുവീണത്. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്‌കോര്‍ എന്ന നാണക്കേടും ടീമിനൊപ്പം ചേര്‍ന്നു.

To advertise here,

എന്നാല്‍ ഇന്ത്യയുടെ പിഴവ് കിവീസ് ആവര്‍ത്തിച്ചില്ല. ഓപ്പണിങ് വിക്കറ്റില്‍തന്നെ 67 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞു. ഇതിനിടയില്‍ ചൂടുപിടിച്ച വാഗ്വാദങ്ങൾക്കും കാണികള്‍ സാക്ഷിയായി. ന്യൂസീലന്‍ഡിനായി 91 റണ്‍സ് അടിച്ചെടുത്ത ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയും ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജും തമ്മിലാണ് കളിക്കിടെ ഉരസിയത്.

ന്യൂസീലന്‍ഡ് ഇന്നിങ്‌സിന്റെ 15-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ മൂന്നാം പന്തില്‍ കോണ്‍വേ ബൗണ്ടറി നേടിയിരുന്നു. തൊട്ടടുത്ത പന്ത് കോണ്‍വേ പ്രതിരോധിച്ചുനിന്നു. പിന്നാലെ കോണ്‍വേയെ തുറിച്ചുനോക്കിയ സിറാജ് രൂക്ഷഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു. സിറാജിന് മറുപടി നല്‍കിയ ശേഷം കോണ്‍വേ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലാകുകയാണ്. 

ഈ സംഭവത്തിന് സുനില്‍ ഗാവസ്‌ക്കറുടെ കമന്ററി കൂടുതല്‍ എരിവ് പകരുകയും ചെയ്തു. അദ്ദേഹം ഇപ്പോള്‍ ഒരു ഡിഎസ്പി ആണെന്ന കാര്യം മറക്കരുതെന്നും ടീമംഗങ്ങള്‍ അദ്ദേഹത്തിന് സല്യൂട്ട് നല്‍കിയോ എന്ന് ഞാന്‍ അദ്ഭുതപ്പെടുന്നുവെന്നുമായിരുന്നു ഗാവസ്‌ക്കര്‍ ലൈവ് ബ്രോഡ്കാസ്റ്റിനിടെ പറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് തെലങ്കാനയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ആയി സിറാജ് ഔദ്യോഗികമായി ചുമതലയേറ്റത്.