ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ അവസാന ട്വന്റി 20 ക്രിക്കറ്റിൽ റെക്കോർഡ് സെഞ്ചുറി നേടിയതിന് പിന്നാലെയുള്ള ആഘോഷത്തെ കുറിച്ച് വെളിപ്പെടുത്തി അഭിഷേക് ശർമ. നോർവേയുടെ ഫുട്‌ബോൾ താരം എർലിങ് ഹാളണ്ടിന്റെ ആഘോഷം താൻ അനുകരിച്ചതല്ലെന്നും മെഡിറ്റേഷന് തന്റെ കരിയറിലുള്ള പങ്കിനെ കുറിച്ച് ഓർമപ്പെടുത്തിയതാണെന്നും അഭിഷേക് ശർമ മത്സരശേഷം വ്യക്തമാക്കി. മെഡിറ്റേറഷന്റെ പ്രധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവും അതിന് പിന്നിലുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

ക്രിക്കറ്റ് കളിക്കുമ്പോഴുള്ള സമ്മർദ്ദത്തെ ചെറുക്കുന്നതിനായി കഴിഞ്ഞ ഒരു വർഷമായി മെഡിറ്റേഷൻ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് അഭിഷേക് പറയുന്നു. 'അതുപോലെയുള്ള സാഹചര്യങ്ങളിൽ നിങ്ങളുടെ മനസ്സ് എങ്ങനെ സ്ഥിരതയോടെ നിലനിർത്തും? മെഡിറ്റേഷൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങൾ മെഡിറ്റേഷനെ കുറിച്ച് മനസിലാക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് തന്നെ എന്നെ സ്ഥിരതയോടെ നിലനിർത്തുന്നത് ഇതാണെന്ന് കാണിച്ചുകൊടുക്കാനാണ് ഞാൻ അങ്ങനെ ആഘോഷിച്ചത്.'-അഭിഷേക് വ്യക്തമാക്കി.

അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 30 പന്തിലാണ് അഭിഷേക് സെഞ്ചുറിയിലെത്തിയത്. ഇതോടെ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡിൽ രോഹിത് ശർമയെ മറികടക്കുകയും ചെയ്തു. 2017 ശ്രീലങ്കയ്‌ക്കെതിരെ 35 പന്തിലാണ് രോഹിത് സെഞ്ചുറി നേടിയത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി കണ്ടെത്തിയതും അഭിഷേകാണ്.

നാല് ഫോറുകളുടേയും 10 സിക്‌സറുകളുടേയും അകമ്പടിയോടെയാണ് അഭിഷേക് സെഞ്ചുറിയിലെത്തിയത്. ഇതോടെ 8.3 ഓവറിൽ ഇന്ത്യയുടെ സ്‌കോർ 132 റൺസിലെത്തി. ട്വന്റി 20യിലെ അഭിഷേകിന്റെ മൂന്നാമത്തെ സെഞ്ചുറി കൂടിയാണിത്. ഇന്ത്യൻ ഓപ്പണറുടെ ബാറ്റിങ് മികവിൽ 127 റൺസിന്റെ തകർപ്പൻ ജയം നേടാനും പരമ്പര 3-0ത്തിന് തൂത്തുവാരാനും ഇന്ത്യയെ സഹായിച്ചു.