എഡ്ജ്ബാസ്റ്റൺ: ടെസ്റ്റിൽ റെക്കോഡുകൾ തിരുത്തിക്കുറിക്കുകയാണ് ഇംഗ്ലീഷ് ബാറ്റർ ജോ റൂട്ട്. പാകിസ്താനെതിരായ അവസാന ടെസ്റ്റിൽ അർധ സെഞ്ചുറി പൂർത്തിയാക്കിയതോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ അർധ സെഞ്ചുറി നേടുന്ന താരമായി ജോ റൂട്ട് മാറി. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ മറികടന്നത്. റൂട്ടിന്റെ അക്കൗണ്ടിൽ 69 അർധ സെഞ്ചുറികളായി. സച്ചിന്റെ പേരിൽ 68 അർധ സെഞ്ചുറികളാണുള്ളത്. ഇനി ടെസ്റ്റിലെ റൺവേട്ടക്കാരിൽ തലപ്പത്തെത്തുകയെന്ന ചരിത്രനേട്ടമാണ് റൂട്ടിനെ കാത്തിരിക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡ് സച്ചിന്റെ പേരിലാണ്. 329 ഇന്നിങ്‌സുകളിൽ നിന്ന് 15,921 റൺസാണ് സച്ചിന്റെ സമ്പാദ്യം. രണ്ടാമതുള്ള റൂട്ട് തൊട്ടടുത്തുതന്നെയുണ്ട്. 309 ഇന്നിങ്‌സുകളിൽ നിന്ന് 14,278 റൺസാണ് റൂട്ടിനുള്ളത്. സച്ചിനെ മറികടക്കാൻ റൂട്ടിന് വേണ്ടത് 1643 റൺസ് മാത്രമാണ്. റൂട്ട് മിന്നും ഫോം തുടരുകയാണെങ്കിൽ അടുത്തുതന്നെ ഈ റെക്കോഡ് സ്വന്തമാക്കും. റിക്കി പോണ്ടിങ്-13,378, ജാക്വസ് കാലിസ്-13,289, ദ്രാവിഡ്-13,288 എന്നിവരാണ് പട്ടികയിൽ തൊട്ടുപിറകിലുള്ളത്.
ടെസ്റ്റിൽ ഏറ്റവും കൂടുതൽ അർധ സെഞ്ചുറികളെന്ന റെക്കോഡ് മാത്രമല്ല, ടെസ്റ്റിലെ നാലാം ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും റൂട്ട് മാറി. 2059 റൺസാണ് നാലാം ഇന്നിങ്സിൽ റൂട്ടിന്റെ സമ്പാദ്യം. അർധസെഞ്ചുറികളുടെ പട്ടികയിൽ വിൻഡീസ് ഇതിഹാസം ശിവ്‌നരെയ്ൻ ചന്ദർപോളാണ് മൂന്നാം സ്ഥാനത്ത്. 66 അർധ സെഞ്ചുറികൾ. അലൻ ബോർഡറുടേയും രാഹുൽ ദ്രാവിഡിന്റേയും പേരിൽ 63 ഫിഫ്റ്റികളുണ്ട്. റിക്കി പോണ്ടിങ് 62 തവണയാണ് 50 റൺസ് പൂർത്തിയാക്കിയത്.
എഡ്ജ്ബാസ്റ്റണിൽ 1,000-ത്തിലധികം ടെസ്റ്റ് റൺസ് നേടുന്ന ആദ്യ ബാറ്റർ കൂടിയായി ജോ റൂട്ട് മാറി. ലോർഡ്‌സ്, മാഞ്ചസ്റ്റർ, ഓവൽ എന്നിവയ്ക്ക് ശേഷം അദ്ദേഹം 1,000 റൺസ് പിന്നിടുന്ന നാലാമത്തെ വേദിയാണിത്. ലോർഡ്‌സിൽ 2,203 ടെസ്റ്റ് റൺസും മാഞ്ചസ്റ്ററിൽ 1,128 റൺസും ഓവലിൽ 1,050 റൺസും നേടിയ റൂട്ട്, നാല് വ്യത്യസ്ത വേദികളിൽ 1,000-ലധികം റൺസ് എന്ന നാഴികക്കല്ല് പിന്നിട്ട് എലൈറ്റ് ഗ്രൂപ്പിലെ ഏറ്റവും പുതിയ അംഗമായി മാറി.
Content Highlights: Joe Root surpassed Sachin Tendulkar's record of 68 Test half-centuries, reaching 69., Root became the leading run-scorer in the fourth innings of Test matches with 2,059 runs
Published: 13 Sept 2026, 05:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented