ന്യൂഡൽഹി: ഇന്ത്യക്കായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച താരമാണ് സഞ്ജു സാംസൺ എന്നും ഇന്ത്യൻ ടീമിൽ കളിക്കാൻ വൈഭവ് സൂര്യവംശി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ വ്യക്തമാക്കി. അഫ്ഗാനിസ്താനെതിരായ മൂന്നാം ട്വന്റി 20യിലെ വിജയത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

സിംബാബ്​വെ പര്യടനത്തിൽ മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം നേടി മികച്ച ഫോമിലാണ് വൈഭവ് അഫ്ഗാനിസ്താനെതിരായ പരമ്പരയ്‌ക്കെത്തിയത്. എന്നാൽ സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തിയപ്പോൾ വൈഭവിന് പുറത്തിരിക്കേണ്ടിവന്നു. പരമ്പര നേരത്തെ സ്വന്തമാക്കിയതിനാൽ അവസാന ട്വന്റി 20യിൽ വൈഭവിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഓപ്പണറായി സഞ്ജുവും അഭിഷേകും തന്നെയാണിറങ്ങിയത്.

വൈഭവിന് പകരം സഞ്ജുവിനെ നിലനിർത്തിയതിനെ കുറിച്ച് മത്സരശേഷം ഗംഭീർ പ്രതികരിച്ചു. ഇംഗ്ലണ്ട് പരമ്പരയ്ക്കായി സഞ്ജുവിനെ ഒഴിവാക്കി വൈഭവിനെ തിരഞ്ഞെടുത്തതാണ് തന്റെ കോച്ചിങ് കരിയറിലെ ഏറ്റവും കഠിനമായ തീരുമാനമെന്ന് ഗംഭീർ പറഞ്ഞു. ട്വന്റി 20 ലോകകപ്പ് നേടാൻ സഹായിച്ച ടീം കോമ്പിനേഷനിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സഞ്ജു തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഒരാൾക്ക് ഒരു കഴിവുമില്ലാതെ ലോകകപ്പിൽ മാൻ ഓഫ് ദി ടൂർണമെന്റാകാൻ സാധിക്കില്ല. അതിനാൽ അവൻ അവന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപക്ഷേ എന്റെ കോച്ചിംഗ് കരിയറിൽ ഞാൻ എടുത്ത ഏറ്റവും കഠിനമായ തീരുമാനമായിരുന്നു ഇംഗ്ലണ്ട് പരമ്പര. കാരണം അതിനുമുമ്പ് സഞ്ജു പ്രകടനം നടത്തിയ രീതി കണക്കിലെടുത്ത് ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് അവനെ ഒഴിവാക്കുക എന്നത് കഠിനമായിരുന്നു.

ചിലപ്പോൾ നിങ്ങൾ കളിക്കാരുടെ ഫോമിനൊപ്പവും പോകേണ്ടിവരും. എന്റെ കാഴ്ചപ്പാടിൽ, ലോകകപ്പിൽ ഞങ്ങൾക്കുണ്ടായിരുന്ന കോമ്പിനേഷനിലേക്ക് മടങ്ങാൻ ഞാൻ ആഗ്രഹിച്ചു. കാരണം ആ കളിക്കാർ മൂന്നോ നാലോ പരാജയങ്ങൾക്ക് ശേഷം മോശം കളിക്കാരായി മാറുന്നില്ല. ഒരു ലോകകപ്പിൽ നിന്ന് മറ്റൊന്നിലേക്ക് തോൽവികളില്ലാതെ മുന്നേറുകയും ലോകകപ്പ് നേടുകയും ചെയ്ത ഒരു ടീം, പെട്ടെന്ന് ഒരു പരമ്പരയ്ക്ക് ശേഷം മോശം കളിക്കാരായി മാറില്ല.'-ഗംഭീർ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ സഞ്ജു രണ്ട് അർദ്ധ സെഞ്ചുറികളോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് 117 റൺസ് നേടി.

'വൈഭവ് കാത്തിരിക്കേണ്ടി വരും'

വൈഭവിന്റെ കഴിവിനെക്കുറിച്ച് സംശയമില്ലെന്നും എന്നാൽ സഞ്ജുവിന് തന്നെയായിരിക്കും എപ്പോഴും മുൻഗണനയെന്നും ഗംഭീർ പറഞ്ഞു. 'വൈഭവിന്റെ കാര്യത്തിൽ, അവൻ തന്റെ അവസരത്തിനായി കാത്തിരിക്കേണ്ടതുണ്ട് എന്നത് വളരെ വ്യക്തമായ ഒരു കാര്യമാണ്. അവന്റെ കഴിവ് ഞങ്ങൾക്കറിയാം. അവന് എന്ത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാം. എന്നാൽ വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെച്ച ഒരാൾ, ടീമിലേക്ക് പുതുതായി എത്തിയ ഒരാളെക്കാൾ എപ്പോഴും മുന്നിലായിരിക്കും.

ഡ്രസ്സിങ് റൂമിൽ ആ പ്രതിഭ ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ ചിലപ്പോൾ ക്രിക്കറ്റ് അങ്ങനെയാണ്. അത് 15 വയസ്സുള്ള കുട്ടിയായാലും 30 വയസ്സുള്ള ആളായാലും നിങ്ങൾ അവസരത്തിനായി കാത്തിരിക്കേണ്ടി വരും.'-ഗംഭീർ വ്യക്തമാക്കി. ജപ്പാനെതിരായ മത്സരത്തിലോ ഏഷ്യൻ ഗെയിംസിലോ വൈഭവ് കളിക്കുന്നത് കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.