കാന്‍പുര്‍: ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ നിശ്ചയിച്ച ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റില്‍ ആദ്യ മൂന്ന് ദിവസവും മഴ കളിച്ചു. ആദ്യദിനം 35 ഓവര്‍ എറിഞ്ഞതൊഴിച്ചാല്‍ ബാക്കി സമയങ്ങളെല്ലാം മഴയായിരുന്നു. രണ്ടാംദിനം സമ്പൂര്‍ണ മഴ. ഒറ്റ പന്ത് പോലുമെറിഞ്ഞില്ല. മൂന്നാംദിനം മതിയായ വെയിലില്ലാത്തതിനാല്‍ ഗ്രൗണ്ട് ഉണങ്ങിയതുമില്ല. അതോടെ ആ ദിവസവും നഷ്ടം. തുടര്‍ന്ന് നാലാംദിവസമാണ് കളി പുനരാരംഭിച്ചത്. 

To advertise here,

മഴമൂലം ദിവസങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ ഇന്ത്യ വേഗമുള്ള കളിതന്ത്രമാണ് പുറത്തെടുത്തത്. പെട്ടെന്ന് പരമാവധി സ്‌കോര്‍ ചെയ്ത്, ബംഗ്ലാദേശിനെ ആവുംവിധം തകര്‍ക്കുക എന്നതാണ് ലക്ഷ്യമെന്നുവേണം കളി കാണുമ്പോള്‍ മനസ്സിലാക്കാന്‍. 'ടി20' സ്‌റ്റൈലിലാണ് തിങ്കളാഴ്ച ഇന്ത്യ ബാറ്റുവീശിയത്. അതാവട്ടെ റെക്കോഡുകളും കൂടെച്ചേര്‍ത്തു. 

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ 50 റണ്‍സ് ടീം സ്‌കോറാണ് ആദ്യം കടപുഴക്കിയത്. 26 പന്തില്‍ മുന്‍പ് ഇംഗ്ലണ്ട് 50 റണ്‍സ് നേടിയിരുന്നു. ഇന്ത്യ വെറും മൂന്നോവറില്‍ 50 തികച്ച് ആ റെക്കോഡ് മറികടന്നു. ഈവര്‍ഷം ട്രെന്റ് ബ്രിജില്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു ഇംഗ്ലണ്ടിന്റെ പ്രകടനം. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും രോഹിത് ശര്‍മയും ചേര്‍ന്ന് ബംഗ്ലാദേശിനെ പ്രഹരിച്ചതോടെ റെക്കോഡ് പിറക്കുകയായിരുന്നു. 

10.1 ഓവറില്‍ ഇന്ത്യയുടെ ടീം ടോട്ടല്‍ 100 കടന്നു. ടെസ്റ്റിലെ ഏറ്റവും വേഗമേറിയ 100 റണ്‍സ് എന്ന രീതിയില്‍ ഇതും റെക്കോഡാണ്. കഴിഞ്ഞവര്‍ഷം ഇന്ത്യതന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരേ തീര്‍ത്ത റെക്കോഡാണ് ഇന്ന് മറികടന്നത്. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന കളിയില്‍ 12.2 ഓവറിലാണ് ഇന്ത്യ അന്ന് 100 കടന്നിരുന്നത്. 13.1 ഓവറില്‍ ബംഗ്ലാദേശിനെതിരേ ശ്രീലങ്ക നേടിയ 100 റണ്‍സാണ് മൂന്നാമത്. 2001-ലായിരുന്നു അത്. 

18.2 ഓവറില്‍ 150 കടക്കാനായത് അടുത്ത റെക്കോഡ്. മുന്‍പ് 21.1 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ നേടിയ റെക്കോഡ് തന്നെ മറികടന്നു. അതുപോലെ ഏറ്റവും വേഗത്തില്‍ 200 റണ്‍സ് ടീം ടോട്ടല്‍ എന്ന റെക്കോഡും ഇന്ത്യക്ക് തന്നെ. 24.4 ഓവറിലാണിത്. 2017-ല്‍ സിഡ്‌നിയില്‍ പാകിസ്താനെതിരേ ഓസ്‌ട്രേലിയ 28.1 ഓവറില്‍ 200 റണ്‍സ് നേടിയിരുന്നു. ഇതാണ് ഇന്ത്യ മറികടന്നത്. 30-ാമത്തെ ഓവറില്‍ 250 കടന്നതും ടെസ്റ്റിലെ ഏറ്റവും വേഗമേറിയ ടീം ടോട്ടലാണ്. മുന്‍പ് ഇംഗ്ലണ്ട് പാകിസ്താനെതിരേ 33.6 ഓവറില്‍ 250 റണ്‍സ് നേടിയിരുന്നു.