എഡ്ജ്ബാസ്റ്റൺ: അരങ്ങേറ്റ ടെസ്റ്റിൽ തന്നെ വരവറിയിച്ചിരിക്കുകയാണ് പാകിസ്താന്റെ 21-കാരൻ ഓൾറൗണ്ടർ റാസാവുള്ള ഖാൻ. ആദ്യ രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ടിനോട് ദയനീയമായി പരാജയപ്പെട്ട് പാക് ടീമിൽ കലാപം പൊട്ടിപ്പുറപ്പെട്ട അവസ്ഥയിലാണ് റാസാവുള്ള ഖാന്റെ പ്രകടനം പാക് ആരാധകർക്ക് ആശ്വാസം പകർന്നത്. ജോ റൂട്ട് ഉൾപ്പെടെ നാല് വിക്കറ്റുകൾ പിഴുത 21-കാരൻ ബാറ്റിങ്ങിലും എല്ലാവരേയും അമ്പരപ്പിച്ചു. ഒമ്പതാമനായി ക്രീസിലെത്തി ട്വന്റി 20 ശൈലിയിൽ ബാറ്റുവീശിയ റാസാവുള്ള 63 പന്തിൽ 81 റൺസ് അടിച്ചെടുത്തു. ഇതിൽ ഒമ്പത് സിക്‌സറുകളും നാല് ഫോറുകളും ഉൾപ്പെടുന്നു. ഇതിനൊപ്പം ഒരുപിടി റെക്കോർഡുകളും 21-കാരന്റെ പേരിലായി.

To advertise here,

ഇതിന് പിന്നാലെ മത്സരശേഷം സ്‌കൈ സ്‌പോർട്‌സിന് നൽകിയ ഒരു അഭിമുഖത്തിൽ റാസാവുള്ളയുടെ പ്രതികരണം ചർച്ചയാകുകയാണ്. ഇന്നിങ്‌സിനിടയിൽ രണ്ട് തവണ ബാറ്റ് മാറ്റിയത് എന്തിനാണെന്നായികുന്നു അവതാരകയുടെ ചോദ്യം. രണ്ടും പൊട്ടിപ്പോയതിനാലാണ് മാറ്റിയതെന്നായിരുന്നു റാസാവുള്ള ചിരിച്ചുകൊണ്ട് മറുപടി നൽകിയത്. തന്റെ ക്രിക്കറ്റ് കിറ്റിൽ ആറ് ബാറ്റുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടെസ്റ്റ് അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോർഡിൽ റാസാവുള്ള ന്യൂസീലൻഡിന്റെ ടിം സൗത്തിക്കൊപ്പമെത്തി. കൂടാതെ ടെസ്റ്റിൽ ഒമ്പതാമനായി ബാറ്റിങ്ങിനിറങ്ങി ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോർഡും റാസാവുള്ള സ്വന്തമാക്കി.

320 റൺസ് ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ഒരു ഘട്ടത്തിൽ എട്ട് വിക്കറ്റിന് 318 റൺസ് എന്ന നിലയിലായിരുന്നു. ഇന്നിങ്‌സ് തോൽവി ഒഴിവാക്കാൻ അവർക്ക് രണ്ട് റൺസ് കൂടി വേണമായിരുന്നു. ആ സമയത്താണ് റസാവുള്ളയും മുഹമ്മദ് അബ്ബാസും ഒത്തുചേർന്നത്. ഒമ്പതാം വിക്കറ്റിൽ ഇരുവരും 121 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഇതോടെ 449 റൺസ് അടിച്ച പാകിസ്താൻ ഇംഗ്ലണ്ടിന് മുന്നിൽ 130 റൺസ് വിജയലക്ഷ്യവുമയർത്തി.