ഹരാരെ: ടി20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന നിലപാട് തുടരുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി ചർച്ചയ്‌ക്കൊരുങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. അടുത്ത ദിവസങ്ങളിൽ ഐസിസി സംഘം ബംഗ്ലാദേശിലേക്ക് പോകുമെന്നാണ് വിവരം. ബംഗ്ലാദേശിൽ നിന്ന് ബിസിബി ഉദ്യോഗസ്ഥരുമായി ഐസിസി ചർച്ച നടത്തും. ഇതിന് ശേഷമായിരിക്കും ലോകകപ്പിലെ ബംഗ്ലാദേശിന്റെ പങ്കാളിത്തം സംബന്ധിച്ച കാര്യത്തിൽ വ്യക്തത വരുകയുള്ളൂ.

To advertise here,

അടുത്തിടെ ബിസിബിയും ഐസിസിയും വീഡിയോ കോൺഫറൻസ് വഴി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകകപ്പിലെ ബംഗ്ലാദേശിന്റെ പങ്കാളിത്തം സംബന്ധിച്ചാണ് പ്രധാനമായും ചർച്ച നടന്നത്. ബിസിബി പ്രസിഡന്റ് അമിനുൾ ഇസ്ലാം ഉൾപ്പെടെയുള്ളവർ ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന നിലപാട് കൂടിക്കാഴ്ചയിൽ ക്രിക്കറ്റ് ബോർഡ് ആവർത്തിക്കുകയും ചെയ്തു. മാത്രമല്ല ഇന്ത്യയിൽ നിന്ന് വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചു.

വിഷയത്തിൽ വീഡിയോ കോൺഫറൻസിലും തീരുമാനമായില്ല. അനിശ്ചിതത്വം തുടരുന്ന സന്ദർഭത്തിൽ പ്രശ്‌നപരിഹാരം ഉടനുണ്ടാകണമെന്നാണ് ബോർഡിന്റെയും ഐസിസിയുടെയും നിലപാട്. ലോകകപ്പിൽ തങ്ങളുടെ വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ ഐസിസിക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് കത്തയച്ചിരുന്നു. എന്നാൽ ആവശ്യം ഐസിസി തള്ളി. ടൂർണമെന്റിൽ ബംഗ്ലാദേശ് ടീമിന്റെ പൂർണവും തടസ്സമില്ലാത്തതുമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ഐസിസി ആവർത്തിച്ചെന്നാണ് നേരത്തേ പ്രസ്താവനയിൽ ബിസിബി അറിയിച്ചിരുന്നത്.

തങ്ങൾക്ക് ടൂർണമെന്റ് കളിക്കാൻ താത്പര്യമുണ്ടെങ്കിലും രാജ്യത്തിന്റെ അന്തസ്സ് കളഞ്ഞ് ലോകകപ്പ് കളിക്കാനില്ലെന്നാണ് അടുത്തിടെ ബംഗ്ലാദേശ് സർക്കാരിലെ സ്പോർട്സ് അഡ്വൈസറായ ആസിഫ് നസ്രുൾ വ്യക്തമാക്കിയത്. ഐസിസിക്ക് ഇന്ത്യയിലെ സാഹചര്യം പൂർണമായും മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കളിക്കാരുടെ സുരക്ഷ പ്രധാനമാണെന്ന് ബിസിബി പ്രസിഡന്റ് അമിനുൾ ഇസ്ലാമും നേരത്തേ വ്യക്തമാക്കി.

ഫെബ്രുവരി ഏഴുമുതൽ മാർച്ച് എട്ടുവരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ്‌ ടി20 ലോകകപ്പ് നടക്കുക. വെസ്റ്റ് ഇൻഡീസ്, ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാൾ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് സി-യിലാണ് ബംഗ്ലാദേശ്. ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽനിന്ന് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ വിട്ടയച്ചതിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഐപിഎൽ സംപ്രേക്ഷണം രാജ്യത്ത് നിരോധിക്കുകയും ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് മാറ്റാൻ ഐസിസിയോട് അഭ്യർഥിക്കുകയും ചെയ്തു.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദേശത്തെത്തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരേ ഭീഷണിയും വിമർശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്‌സിന് നിർദേശം നൽകിയത്. ബംഗ്ലാദേശിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും ഇന്ത്യക്കാർക്കുനേരേയുണ്ടാകുന്ന ആക്രമണങ്ങളുമാണ് മുസ്താഫിസുറിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരായ നീക്കങ്ങൾക്കു കാരണം. താരത്തെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയാണ് നിർദേശം നൽകിയത്. അതോടെ ബംഗ്ലാദേശും മറ്റു നടപടികളിലേക്ക് കടക്കുകയായിരുന്നു.