ന്യൂഡൽഹി: ടി20 ലോകകപ്പിന് പിന്നാലെ കനേഡിയൻ ക്രിക്കറ്റ് ടീമിനെതിരേ ഐസിസി അന്വേഷണം നടത്തുന്നതായുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ടൂർണമെന്റിൽ കിവീസിനെതിരായ കാനഡയുടെ മത്സരമാണ് വിവാദത്തിന് വഴിവെച്ചത്. മത്സരത്തിലെ കനേഡിയൻ ക്യാപ്റ്റൻ ദിൽപ്രീത് ബജ്‌വ എറിഞ്ഞ ഒരു ഓവർ സംശയാസ്പദമാണ്. വാതുവെയ്പ്പ് സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നിട്ടുമുണ്ട്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ലോറൻസ് ബിഷ്ണോയ് സംഘത്തിന് ഈ സംഭവങ്ങളുമായി ബന്ധമുണ്ടെന്ന നിർണായക വിവരമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

To advertise here,

കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ റിപ്പോർട്ട് പ്രകാരം ലോറൻസ് ബിഷ്ണോയ് സംഘത്തിന് ഈ സംഭവങ്ങളുമായി നേരിട്ട് ബന്ധമുണ്ട്. മാത്രമല്ല, ആരോപണവിധേയനായ ബജ്‌വ കാനഡയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർന്നുവന്നതിലും സംഘത്തിന് പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ബിഷ്ണോയ് ഗാങ് കാനഡയിൽ ഭീകര സംഘടനയായി പ്രഖ്യാപിക്കപ്പെട്ട സംഘമാണ്.

അടുത്തിടെ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയിലാണ് വാതുവെപ്പ് സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നത്. കറപ്ഷൻ, ക്രൈം ആന്റ് ക്രിക്കറ്റ് എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഡോക്യുമെന്ററി പ്രകാരം കിവീസിനെതിരായ മത്സരത്തിൽ കനേഡിയൻ ക്യാപ്റ്റൻ ദിൽപ്രീത് ബജ്‌വ എറിഞ്ഞ അഞ്ചാം ഓവർ സംശയാസ്പദമാണ്. ഈ ആരോപണങ്ങളിലും മുൻ കനേഡിയൻ കോച്ചിന്റെ ഫോൺ ശബ്ദരേഖയിലും ഐസിസി കൂടുതൽ അന്വേഷണം നടത്തുകയാണ്.

കഴിഞ്ഞ വർഷം ജൂലായിൽ നടന്ന ഒരു സംഭവത്തെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ചതിന് ശേഷം ഏകദേശം 25 ക്രിക്കറ്റ് താരങ്ങൾ ഇംഗ്ലണ്ടിലെ ഒരു റസ്റ്ററന്റിൽ ഒത്തുകൂടി. ഈ ടൂർണമെന്റിലെ രണ്ട് കളിക്കാർ കാനഡയുടെ ദേശീയ ടീമിലെ ഒരു താരത്തിന്റെ അരികിലെത്തി. തങ്ങൾ ബിഷ്ണോയി ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്നുവെന്ന് പറഞ്ഞ അവർ, ദിൽപ്രീത് ബജ്‌വയുടെയും മറ്റൊരു യുവ കളിക്കാരന്റെയും സ്ഥാനക്കയറ്റത്തിന് പിന്തുണ നൽകിയില്ലെങ്കിൽ, അദ്ദേഹത്തിനും കുടുംബത്തിനും കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.- റിപ്പോർട്ടിൽ പറയുന്നു.

ഈ റിപ്പോർട്ടിൽ ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി നേരിടേണ്ടി വന്ന മറ്റൊരാളെക്കുറിച്ചും പരാമർശമുണ്ട്. ചിലരെ അധികാരസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാൻ ഈ സംഘം ശ്രമിക്കുന്നതായും സൂചനകളുണ്ട്. ഈ ആരോപണങ്ങളിലെ കേന്ദ്രബിന്ദുവാണ് ബജ്‌വ. 2026 ടി20 ലോകകപ്പിന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ബജ്‌വയെ ക്യാപ്റ്റനായി നിയമിച്ചത്. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഭീഷണികളിലൂടെ ബജ്‌വയുടെ ടീമിലെ സ്ഥാനം ഉറപ്പിക്കാൻ ബിഷ്ണോയ് സംഘം നീക്കം നടത്തിയതായാണ് വിവരം.

കനേഡിയൻ ക്യാപ്റ്റൻ ബജ്‌വയെ കൂടാതെ നിലവിലെ കനേഡിയൻ ക്രിക്കറ്റ് ബോർ‍ഡ് പ്രസിഡന്റ് അരവിന്ദർ ഖോസയുടെ സ്ഥാനക്കയറ്റത്തിലും സമാനമായ ആരോപണങ്ങൾ ഉയരുന്നുണ്ട്. ഭീഷണി മുഴക്കിയ വ്യക്തികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധമാണ് ഇതിന് കാരണം. അതേസമയം ഈ ആരോപണങ്ങൾ ഖോസ നിഷേധിച്ചു. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമായി തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ ബജ്‌വയെ ക്യാപ്റ്റനായി നിർദ്ദേശിച്ചവരിൽ ഖോസ ഉൾപ്പെട്ടിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

മത്സരത്തിൽ ബജ്‌വ എറിഞ്ഞ ഇന്നിങ്സിലെ അഞ്ചാം ഓവറാണ് സംശയനിഴലിലുള്ളത്. ആദ്യം ബാറ്റുചെയ്ത കാനഡ ന്യൂസീലൻഡിന് മുന്നിൽ 174 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡാകട്ടെ നാലോവറിൽ 35-2 എന്ന നിലയിലായിരുന്നു. അഞ്ചാം ഓവറിൽ ബജ്‌വ 15 റൺസാണ് വഴങ്ങിയത്. താരം എറിഞ്ഞ ആദ്യ പന്ത് തന്നെ നോബോളായിരുന്നു. പിന്നീട് കിവീസ് രണ്ട് റൺസും ഒരു റൺസും നേടി. ശേഷം രണ്ട് വൈഡ് ബോളുകളാണ് ബജ്‌വ എറിഞ്ഞത്. ശേഷിക്കുന്ന പന്തുകളിൽ രണ്ട് ഫോറുകളടക്കം കിവീസ് 9 റൺസ് അടിച്ചെടുത്തതോടെ ടീം സ്‌കോർ 50 ലെത്തി. ഈ ഓവറാണ് സംശയത്തിന് വഴിവെച്ചത്.

ഇതിന് പുറമേ മുൻ കനേഡിയൻ കോച്ച് ഖുറാം ചോഹൻ ഉൾപ്പെട്ട ഒരു ഫോൺ കോളിന്റെ ശബ്ദരേഖയും അന്വേഷിക്കുന്നുണ്ട്. ദേശീയ ടീമിലേക്ക് ചില താരങ്ങളെ ഉൾപ്പെടുത്താൻ മുതിർന്ന ബോർഡ് അംഗങ്ങൾ സമ്മർദം ചെലുത്തിയതായി അദ്ദേഹം ആരോപിക്കുന്നു. മാത്രമല്ല, വാതുവെപ്പിനായുള്ള ശ്രമങ്ങളും ഉണ്ടായിരുന്നതായി അദ്ദേഹം പറയുന്നുണ്ട്. 2024 ടി20 ലോകകപ്പിൽ ചില താരങ്ങളെ ടീമിലെടുക്കാത്തതിൽ ഭീഷണി നേരിടേണ്ടിവന്നതായി മറ്റൊരു പരിശീലകനും വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ആരോപണങ്ങളെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അന്വേഷിക്കുന്നുണ്ട്.