
ധാക്ക: ഇന്ത്യയുമായുള്ള വൈറ്റ്‌ബോൾ പരമ്പര ആലോചനയിലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡന്റ് തമീം ഇഖാബാൽ. ബിസിബിയും ബിസിസിഐയും വിഷയത്തിൽ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും കാര്യങ്ങൾ പോസിറ്റീവായാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി നല്ല ബന്ധത്തിലാണെന്നാണ് ബിസിസിഐ വൃത്തങ്ങളും അറിയിക്കുന്നത്. ഇരുബോർഡുകളും ധാരണയിലെത്തിയാൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇന്ത്യയിൽ നടന്ന ടി20 ലോകകപ്പ് ബംഗ്ലാദേശ് ബഹിഷ്കരിച്ചതോടെയാണ് ബിസിസിഐയും ബിസിബിയും തമ്മിലുള്ള ബന്ധം വഷളായത്.
‘പരമ്പര നടക്കണമെന്ന് രണ്ട് ബോർഡുകളും ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്. ബിസിസിഐയും ബിസിബിയും ഇക്കാര്യത്തിൽ അനുയോജ്യമായ സമയം നോക്കുകയാണ്. എപ്പോൾ നടത്താനാകുമെന്ന ആലോചനയിലാണ്. കാര്യങ്ങൾ വളരെ പോസിറ്റീവാണ്. നെഗറ്റീവായിരുന്നുവെങ്കിൽ എന്താണ് സംഭവിക്കുക എന്ന് നോക്കാമെന്നും പ്രതീക്ഷയുണ്ടെന്നും ഞാൻ പറയില്ലായിരുന്നു’, തമീം പറഞ്ഞു.
‘ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ചില കാര്യങ്ങളുണ്ട്. ഒരു ബിസിബി പ്രസിഡന്റ് എന്ന നിലയിൽ അത് മറികടക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഞങ്ങൾ നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്. തീയതികൾ നോക്കുകയാണ്. ഞങ്ങളും അവരും തിരക്കിലാണ്. ഇതിനിടയിൽ ബംഗ്ലാദേശിന് മൂന്ന് പരമ്പരകളുണ്ട്. ഇന്ത്യയും മത്സരങ്ങളുടെ കാര്യത്തിൽ വളരെ തിരക്കിലാണ്. എങ്കിലും ഞങ്ങൾ ഇതിനെക്കുറിച്ച് നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്’, അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബിസിബിയുമായുള്ള ബന്ധം നല്ലരീതിയിലാണെന്നാണ് ബിസിസിഐ വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. ഞങ്ങൾ സർക്കാരിന്റെ പച്ചക്കൊടിക്കായി കാത്തിരിക്കുകയാണ്. പരമ്പരയ്ക്കായി ഞങ്ങൾ ഇതുവരെ സമയം നിശ്ചയിച്ചിട്ടില്ല. എന്നാൽ, അനുമതി ലഭിച്ചാൽ അത് തയ്യാറാക്കും”, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
നേരത്തേ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദേശത്തെത്തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരേ ഭീഷണിയും വിമർശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്‌സിന് നിർദേശം നൽകിയത്. ബംഗ്ലാദേശിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും ഇന്ത്യക്കാർക്കുനേരേയുണ്ടാകുന്ന ആക്രമണങ്ങളുമാണ് മുസ്താഫിസുറിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരായ നീക്കങ്ങൾക്കു കാരണം. താരത്തെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയാണ് നിർദേശം നൽകിയത്. അതോടെ ബംഗ്ലാദേശും മറ്റു നടപടികളിലേക്ക് കടക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ ടി20 ലോകകപ്പ് കളിക്കാനാകില്ലെന്നും അതുകൊണ്ട് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു. ഐസിസി ആവശ്യം തള്ളുകയും തീരുമാനം അറിയിക്കാൻ സമയം നൽകുകയും ചെയ്തു. നിലപാടിൽ ഉറച്ചുനിന്നതോടെ പകരം സ്കോട്ട്ലൻഡിനെ കളിപ്പിക്കുകയായിരുന്നു.
Content Highlights: BCB President Tamim Iqbal confirms discussions for a white-ball series between India and Bangladesh., BCCI and BCB are currently looking for a suitable window amid packed schedules., BCCI sources indicate positive relations and are awaiting government clearance.
Published: 31 Aug 2026, 05:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented