ന്യൂഡൽഹി: ഏകദിന, ടി20 ലോകകപ്പുകൾക്ക് ഇനി പുതിയ മുഖം. പുതിയ റൗണ്ടുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോർമാറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തിറക്കി. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പും 2028 ൽ നടക്കുന്ന ടി20 ലോകകപ്പും ഈ ഫോർമാറ്റ് പ്രകാരമായിരിക്കും നടക്കുക.
2027 ലെ ഏകദിന ലോകകപ്പിൽ സെമിക്ക് മുൻപ് മൂന്ന് റൗണ്ടുകളുണ്ടാകും. 14 ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുക. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലാണ് ലോകകപ്പ് നടക്കുന്നത്. യോഗ്യത നേടിയ 14 ടീമുകളിൽ അവസാനം വരുന്ന മൂന്ന് ടീമുകൾ മാത്രമാണ് ആദ്യ റൗണ്ടിൽ ഏറ്റുമുട്ടുന്നത്. റൗണ്ട് റോബിൻ സൂപ്പർ സീരീസ് എന്ന പേരിൽ ടീമുകൾ പരസ്പരം കളിക്കും. മുന്നിലെത്തുന്ന ഒരു ടീം അടുത്ത റൗണ്ടിലേക്ക് കടക്കും.
അതോടെ രണ്ടാം റൗണ്ടിൽ 12 ടീമുകൾ മത്സരിക്കും. ഈ ടീമുകളെ ആറുപേരുള്ള രണ്ട് ഗ്രൂപ്പുകളിലാക്കും. റൗണ്ട് റോബിൻ ഫോർമാറ്റിൽ മത്സരങ്ങൾ നടക്കും. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. കൂടാതെ, ഇരുഗ്രൂപ്പുകളും പരിഗണിച്ച് മികച്ച ഒരു ടീം കൂടി മൂന്നാം റൗണ്ട് കളിക്കും. അതോടെ മൂന്നാം റൗണ്ടിൽ ഏഴ് ടീമുകൾ മാറ്റുരയ്ക്കും. ടീമുകൾ പരസ്പരം ഏറ്റുമുട്ടും. മികച്ച നാലു ടീമുകൾ സെമിഫൈനലിന് യോഗ്യത നേടും. ആദ്യസ്ഥാനത്തെത്തുന്നവർ നാലാം സ്ഥാനക്കാരുമായും രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരുമായും സെമി കളിക്കും.
അതേസമയം ടി20 ലോകകപ്പിൽ 20 ടീമുകളാണ് ഏറ്റുമുട്ടുന്നത്. ടീമുകളെ നാല് ടീമുകളടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളാക്കി തിരിക്കും. പഴയ ഫോർമാറ്റിൽ അഞ്ച് ടീമുകളടങ്ങിയ നാല് ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത്. ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ 10 റൗണ്ടിലേക്ക് കടക്കും. സൂപ്പർ 10 റൗണ്ടിൽ അഞ്ച് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളുണ്ടാകും. ടീമുകൾ പരസ്പരം ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പിലെയും ഗ്രൂപ്പ് ജേതാക്കൾ സെമി ടിക്കറ്റെടുക്കും. സെമിയിലെ ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി എലിമിനേറ്റർ മത്സരങ്ങൾ നടക്കും. എലിമിനേറ്ററിൽ ഒരു ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർ അടുത്ത ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരുമായി കളിക്കും. ജയിക്കുന്നവർ സെമിയിലെത്തും.
Content Highlights: 2027 ODI World Cup will feature 14 teams across three distinct rounds., The 2027 tournament will be hosted by South Africa, Zimbabwe, and Namibia., 2028 T20 World Cup introduces a new format with 20 teams divided into five groups., Introduction of Round Robin Super Series and Eliminator matches for T20 structure.
Published: 15 Jul 2026, 11:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented