ദുബായ്: വിസ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകാതെ വന്നതോടെ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം അംഗം ഷുഐബ് ബഷീര്‍ നാട്ടിലേക്ക് മടങ്ങി. പരമ്പരയിലെ ആദ്യ ടെസ്റ്റ് വ്യാഴാഴ്ച ഹൈദരാബാദില്‍ ആരംഭിക്കാനിരിക്കെയാണ് ഇംഗ്ലണ്ട് ടീമിന് തിരിച്ചടിയാകുന്ന നടപടിയുണ്ടായത്. ഇന്ത്യന്‍ പര്യടനത്തിനു മുമ്പ് അബുദാബിയില്‍ നടന്ന ഇംഗ്ലണ്ടിന്റെ പ്രത്യേക ക്യാമ്പിലായിരുന്നു ബഷീര്‍. സഹതാരങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചെങ്കിലും വിസ പ്രശ്‌നങ്ങളില്‍ കുടുങ്ങി ബഷീറിന്റെ യാത്ര നീളുകയായിരുന്നു. ഒടുവില്‍ ആദ്യ ടെസ്റ്റിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴും വിസ ലഭിക്കാതിരുന്നതോടെയാണ് താരത്തിന് യു.കെയിലേക്ക് മടങ്ങേണ്ടിവന്നത്.

To advertise here,

താരത്തിന്റെ മാതാപിതാക്കള്‍ പാക് വംശജരാണ്. ഇതാണ് വിസ ലഭിക്കുന്നതില്‍ തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജയും ഇംഗ്ലണ്ട് താരം തന്നെയായ മോയിന്‍ അലിയും നേരത്തേ സമാന പ്രശ്‌നം നേരിട്ടിരുന്നു. ബഷീറിന് വിസ നിഷേധിച്ചതില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് അതൃപ്തിയറിയിച്ചു. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ടതല്ലാത്ത കാരണത്താല്‍ ഒരു കളിക്കാരന് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കുന്നത് നിരാശാജനകമാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പറഞ്ഞു. ഡിസംബര്‍ അവസാനവാരം ടീം പ്രഖ്യാപനം നടത്തിയിരുന്നു. എന്നിട്ടും വിസ നടപടികള്‍ പൂര്‍ത്തിയാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ജൂണില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ 20-കാരന്‍ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ദേശീയ ടീമിലെത്തിയത്.

അതേസമയം ഷുഐബ് ബഷീറിന് തിരികെ മടങ്ങേണ്ടിവന്നത് നിര്‍ഭാഗ്യകരമാണെന്നും താന്‍ വിസ ഓഫിസില്‍ അല്ലാത്തതിനാല്‍ വിഷയത്തില്‍ തീരുമാനമെടുക്കാനാകില്ലെന്നുമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രതികരണം. അദ്ദേഹത്തിന് വിസ ലഭിക്കുമെന്നും നമ്മുടെ രാജ്യം ആസ്വദിക്കാനാവുമെന്നും പ്രതീക്ഷിക്കുന്നതായി രോഹിത് കൂട്ടിച്ചേര്‍ത്തു.