ലണ്ടൻ: ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമായ വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ ആഗോള ക്രിക്കറ്റിങ് ബ്രാൻഡായ ബ്ലൂ ടൈഗേഴ്‌സ് യുകെയുടെ സഹ ഉടമയായി ഔദ്യോഗികമായി ചുമതലയേറ്റു. ബ്ലൂ ടൈഗേഴ്‌സ് യുകെയുടെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ സവിശേഷ കൂട്ടുകെട്ട് വിലയിരുത്തപ്പെടുന്നത്. ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ഒരു ക്രിക്കറ്റ് ബ്രാൻഡ് കെട്ടിപ്പടുക്കുന്നതിനൊപ്പം വളർന്നുവരുന്ന യുവ പ്രതിഭകൾക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിനും ഈ പങ്കാളിത്തം കരുത്തേകും.

To advertise here,

കേരള ക്രിക്കറ്റ് ലീഗിന്റെ ഈ സീസൺ മുതൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ പിന്തുണയ്ക്കുന്നതിലും ശാക്തീകരിക്കുന്നതിലും ക്രിസ് ഗെയ്ൽ നിർണായക പങ്ക് വഹിക്കും. കേരളത്തിൽ നിന്നുള്ള മികച്ച ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിലും അവരെ വളർത്തിയെടുക്കുന്നതിലും ക്രിസ് ഗെയ്ൽ സജീവമായി ഇടപെടും.

ക്രിസ് ഗെയ്ലിനെ ബ്ലൂ ടൈഗേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ സാധിച്ചത് വലിയ അംഗീകാരമാണെന്ന് ബ്ലൂ ടൈഗേഴ്സ് മാനേജിങ് ഡയറക്ടർ സുഭാഷ് ജോർജ് മാനുവൽ പ്രതികരിച്ചു. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ആഗോള തലത്തിലുള്ള സ്വീകാര്യതയും ക്രിക്കറ്റിനോടുള്ള അഭിനിവേശവും തങ്ങളുടെ പ്രയാണത്തിന് വലിയ മുതൽക്കൂട്ടാകും. ഈ കൂട്ടുകെട്ടിലൂടെ ബ്ലൂ ടൈഗേഴ്‌സ് ബ്രാൻഡിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിൽ നിന്നുള്ള യുവ ക്രിക്കറ്റ് താരങ്ങൾക്ക് രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടാനും, മികച്ച പരിശീലനത്തിലൂടെ പ്രൊഫഷണൽ ക്രിക്കറ്റിന്റെ ഉന്നത തലങ്ങളിലേക്ക് മുന്നേറാനും ഇതൊരു സുവർണ്ണാവസരമാകുമെന്നും സുഭാഷ് ജോർജ് മാനുവൽ വ്യക്തമാക്കി.

ബ്ലൂ ടൈഗേഴ്സ് ബ്രാൻഡിന്റെ ചരിത്രത്തിലെ നിർണായക നിമിഷമാണിതെന്ന് സഹ ഉടമ ശിവപ്രസാദ് എം പറഞ്ഞു. ക്രിസ് ഗെയ്ലിന്റെ സാന്നിധ്യം തങ്ങളുടെ ആഗോള സ്വാധീനം വർധിപ്പിക്കുമെന്നും ബ്രാൻഡിന്റെ വളർച്ചയ്ക്ക് വേഗത കൂട്ടാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.