മുംബൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സഞ്ജു സാംസണെ ഒഴിവാക്കി വൈഭവ് സൂര്യവംശിയ ഉൾപ്പെടുത്തിയതിനെ കുറിച്ച് മനസ് തുറന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. തന്റെ രണ്ട് വർഷത്തെ കരിയറിൽ ഏറ്റവും പ്രയാസകരമായ തീരുമാനമായിരുന്നു അതെന്നും അന്ന് രാത്രി തനിക്ക് ഉറങ്ങാൻപോലും പറ്റിയില്ലെന്നും ഗംഭീർ വെളിപ്പെടുത്തി. ഇക്കാര്യം താൻ സഞ്ജു സാംസണോട് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ജിയോ സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

To advertise here,

'ആ അസ്വസ്ഥത സ്വാഭാവികമായിരുന്നു. സഞ്ജു സാംസൺ ലോകകപ്പിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയിരുന്നു. കൂടാതെ ഒരു കളിക്കാരന് സാധാരണയായി ടീമിൽ തുടരാൻ അർഹത നൽകുന്ന തരത്തിലുള്ള പ്രകടനങ്ങൾ അദ്ദേഹം കാഴ്ചവെച്ചിട്ടുമുണ്ടായിരുന്നു. എന്നിരുന്നാലും കുറച്ചു മത്സരങ്ങളിലെ മോശം പ്രകടനങ്ങൾ സെലക്ഷൻ ചർച്ചകൾ നീട്ടിക്കൊണ്ടുപോകാൻ കഴിയാത്തവിധം തകർപ്പൻ ഫോമിലുണ്ടായിരുന്ന വൈഭവ് സൂര്യവംശിയുടെ പ്രകടനവുമായി ഒത്തുചേർന്നു വന്നു. നിങ്ങൾ പുറത്തിരിക്കേണ്ടി വരുമെന്ന് പ്ലെയർ ഓഫ് ദ ടൂർണമെന്റ് ആയ സഞ്ജുവിനോട് പറയേണ്ടി വന്നു. അദ്ദേഹം അത് അംഗീകരിച്ചു. ആ സമയത്ത് വൈഭവ് അത്രയും മികച്ച ഫോമിലായിരുന്നു എന്നതായിരുന്നു അതിനുള്ള കാരണം. മുന്നേറ്റനിര റൺസ് കണ്ടെത്തേണ്ടതും പരമ്പര ജയിക്കേണ്ടതും അത്യാവശ്യമായിരുന്നു.'-ഗംഭീർ വ്യക്തമാക്കി.

എന്നാൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിൽ വൈഭവിന് അവസരത്തിനൊത്തുയരാനായില്ല. 14,13,15 എന്നിങ്ങനെയായിരുന്നു സ്‌കോറുകൾ. ഇതോടെ അഞ്ചാം ട്വന്റിയിൽ വൈഭവിന് പകരം സഞ്ജു തിരിച്ചെത്തി. എന്നാൽ ഒരൊറ്റ ട്വന്റി 20യിൽ വിജയിക്കാൻപോലും ഇന്ത്യക്കായില്ല.