തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ കലാശപ്പോരിൽ തൃശ്ശൂർ ടൈറ്റൻസിനെതിരേ 168 റൺസ് വിജയലക്ഷ്യമുയർത്തി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ്. കാലിക്കറ്റ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ അഖിൽ സ്‌കറിയയും അശ്വിൻ ആനന്ദും ചേർന്ന് പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ടീമിന് കരുത്തായത്.

To advertise here,

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് തുടക്കത്തിൽ തകർച്ച നേരിട്ടു. 32 റൺസിനിടെ ടീമിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ വരുൺ നായനാർ, രോഹൻ കുന്നുമ്മൽ എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. വരുൺ രണ്ട് റൺസെടുത്തപ്പോൾ രോഹൻ 21 റൺസെടുത്തു. എന്നാൽ മൂന്നാം വിക്കറ്റിൽ അഖിൽ സ്‌കറിയയും അശ്വിൻ ആനന്ദും ചേർന്ന് ടീമിനെ കരകയറ്റി. ഇരുവരും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ കാലിക്കറ്റിന്റെ ഇന്നിങ്‌സ് മുന്നോട്ടുകുതിച്ചു. അഖിലും ആനന്ദും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. 14-ാം ഓവറിൽ ടീം നൂറുകടന്നു.

എന്നാൽ സ്‌കോർ 105 ൽ നിൽക്കേ അഖിൽ സ്‌കറിയ പുറത്തായി. 34 പന്തിൽ നിന്ന് 45 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നാലെ ആനന്ദും പുറത്തായത് കാലിക്കറ്റിനെ പ്രതിരോധത്തിലാക്കി. 26 പന്തിൽ 40 റൺസാണ് താരത്തിന്റെ സമ്പാദ്യം. 15 ഓവറിൽ കാലിക്കറ്റ് 126-4 എന്ന നിലയിലായി. പിന്നാലെ അബ്ദുൾ ബാസിത്ത് 14 റൺസെടുത്ത് പുറത്തായി. വിക്കറ്റുകൾ വീണത് കാലിക്കറ്റിന്റെ സ്‌കോറിങ്ങിനെ ബാധിച്ചു.

പിന്നീട് സൽമാൻ നിസാറിന്റെ ഇന്നിങ്‌സാണ് ടീമിനെ 150 കടത്തിയത്. എന്നാൽ സൽമാൻ നിസാറും(16) ദേവനും(7) കൂടാരം കയറിയതോടെ ടീം പ്രതിരോധത്തിലായി. ഒടുക്കം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 167 റൺസിന് കാലിക്കറ്റ് ഇന്നിങ്‌സ് അവസാനിച്ചു. ടൈറ്റൻസിന് വേണ്ടി അബ്ദുൾ റമീസ് മൂന്ന് വിക്കറ്റും ശരത് ചന്ദ്ര പ്രസാദ്,ആനന്ദ് ജോസഫ് എന്നിവർ രണ്ട് വിക്കറ്റുവീതവും വീഴ്ത്തി.