തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ തൃശ്ശൂർ ടൈറ്റൻസ് ഫൈനലിൽ. സെമിയിൽ ട്രിവാൻഡ്രം റോയൽസിനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് തൃശ്ശൂർ ഫൈനൽ ടിക്കറ്റെടുത്തത്. ട്രിവാൻഡ്രം ഉയർത്തിയ 164 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ തൃശ്ശൂർ ഒൻപതുവിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിലാണ് വിജയിച്ചത്. ആനന്ദ് ജോസഫിന്റെ അവസാന ഓവർ വെടിക്കെട്ടാണ് തൃശ്ശൂരിന് ജയം സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശ്ശൂരിന് മൂന്നോവറിനിടെ തന്നെ ഓപ്പണർമാരെ നഷ്ടമായി. രോഹിത് കെ.ആർ. എട്ടുപന്തിൽ നിന്ന് 16 റൺസെടുത്ത് റണ്ണൗട്ടായപ്പോൾ വിഷ്ണു രാജ് ഏഴ് റൺസ് മാത്രമെടുത്ത് കൂടാരം കയറി. പിന്നീട് മൂന്നാം വിക്കറ്റിൽ ഒന്നിച്ച അഹമ്മദ് ഇമ്രാൻ-ഷോൺ റോജർ കൂട്ടുകെട്ടാണ് ടീമിനെ മുന്നോട്ടുനയിച്ചത്. ഇരുവരും ശ്രദ്ധയോടെ ബാറ്റേന്തിയതോടെ ഏഴോവറിൽ തൃശ്ശൂർ 61 റൺസിലെത്തി.
എന്നാൽ സ്‌കോർ 69ൽ നിൽക്കേ ഷോൺ റോജർ പുറത്തായത് തൃശ്ശൂരിന് തിരിച്ചടിയായി. 17 പന്തിൽ നിന്ന് 23 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെയിറങ്ങിയ നിഖിൽ തോട്ടത്തിനൊപ്പം ചേർന്ന് അഹമ്മദ് ഇമ്രാൻ ടീമിനെ മുന്നോട്ടുനയിച്ചു. ഇരുവരും ചീമിനെ നൂറുകടത്തി. പിന്നീട് വിക്കറ്റുകൾ വീഴ്ത്തി ട്രിവാൻഡ്രം പിടിമുറുക്കി. 43 റൺസെടുത്ത് അഹമ്മദ് ഇമ്രാനും 24 റൺസെടുത്ത് നിഖിലും മടങ്ങിയതോടെ ടീം 117-5 എന്ന നിലയിലായി. പിന്നാലെ അഖിലിന്റെ വെടിക്കെട്ട് തൃശ്ശൂരിന് പ്രതീക്ഷ തന്നു. എന്നാൽ മറുവശത്ത് വിക്കറ്റുകൾ വീണത് തിരിച്ചടിയായി. അഖിൽ 13 പന്തിൽ നിന്ന് 27 റൺസെടുത്ത് പുറത്തായി.
അവസാന ഓവറിൽ ഒരു വിക്കറ്റ് ശേഷിക്കേ 15 റൺസാണ് തൃശ്ശൂരിന് വേണ്ടിയിരുന്നത്. എന്നാൽ ആനന്ദ് ജോസഫ് അവിശ്വസനീയ ബാറ്റിങ് കാഴ്ചവെച്ചതോടെ തൃശ്ശൂർ ജയത്തിലേക്കടുത്തു. മൂന്നാം പന്തിൽ സിക്‌സറും നാലാം പന്തിൽ ഫോറും അഞ്ചാം പന്തിൽ വീണ്ടും സിക്‌സറും അടിച്ചതോടെ തൃശ്ശൂർ ഫൈനൽ ടിക്കറ്റെടുത്തു. മൂന്ന് പന്തിൽ നിന്ന് 16 റൺസാണ് ആനന്ദ് ജോസഫ് അടിച്ചെടുത്തത്.
നേരത്തേ ആദ്യം ബാറ്റുചെയ്ത ട്രിവാൻഡ്രം തൃശൂർ ടൈറ്റൻസിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണ് പടുത്തുയർത്തിയത്. 26 പന്തിൽ നിന്ന് 53 റൺസെടുത്ത് പുറത്താകാതെ നിന്ന അക്ഷയ് മനോഹറാണ് ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഈ സീസണിൽ മികച്ച ഫോമിലായിരുന്ന വിഷ്ണു ഉൾപ്പെടെയുള്ള മുൻനിര ബാറ്റർമാർ കൂടാരം കയറിയതോടെ ട്രിവാൻഡ്രം റൺസ് കണ്ടെത്താൻ വിഷമിച്ചിരുന്നു. എന്നാൽ ആറാം വിക്കറ്റിൽ അക്ഷയ് മനോഹറും നിഖിൽ എമ്മും ക്രീസിലൊത്തുചേർന്നതോടെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ട്രിവാൻഡ്രത്തിന്റെ തിരിച്ചുവരവിന് സാക്ഷിയായി. ഇരുവരും ചേർന്ന് വെറും 34 പന്തിൽ നിന്നാണ് 70 റൺസ് അടിച്ചുകൂട്ടിയത്. ഇതിൽ 41 റൺസും അക്ഷയുടെ ബാറ്റിൽ നിന്നായിരുന്നു.
അബ്ദുൾ എറിഞ്ഞ ഇന്നിങ്സിലെ അവസാന ഓവറിലെ മൂന്നാം പന്ത് സിക്സറിന് പറത്തിയാണ് അക്ഷയ് തന്റെ അർധസെഞ്ചുറി പൂർത്തിയാക്കിയത്. വെറും 25 പന്തുകളിൽ നിന്നായിരുന്നു താരത്തിന്റെ ഫിഫ്റ്റി. മൂന്ന് സിക്സറുകളും നാല് ബൗണ്ടറികളും ഉൾപ്പെട്ട ഈ മിന്നുന്ന ഇന്നിങ്സ് സീസണിലെ അക്ഷയുടെ രണ്ടാമത്തെ അർധസെഞ്ചുറി കൂടിയാണ്. അക്ഷയ്ക്ക് മികച്ച പിന്തുണ നൽകിയ നിഖിൽ എം. 15 പന്തിൽ രണ്ട് വീതം സിക്സും ഫോറുമടക്കം 28 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് അവസാന രണ്ട് ഓവറിൽ മാത്രം നേടിയത് 36 റൺസാണ്. ഒരു സിക്സും മൂന്ന് ഫോറുമടക്കം 28 റൺസെടുത്ത അഭിഷേകും സ്കോർ ബോർഡിലേക്ക് നിർണായക സംഭാവന നൽകി. തൃശൂർ ടൈറ്റൻസിനായി പന്തെറിഞ്ഞ ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
Content Highlights: kcl 2026 SEMI FINAL MATCH UPDATES
Published: 04 Sept 2026, 06:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented