തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് 2026 (കെസിഎൽ) ഫൈനലിന്റെ സമ്മാനദാന ചടങ്ങിനിടെ പരസ്പരം ശ്രദ്ധിക്കുക പോലും ചെയ്യാതെ മലയാളി ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസണും എസ്. ശ്രീശാന്തും. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയാവുകയാണ്. ശനിയാഴ്ച നടന്ന കെസിഎൽ ഫൈനൽ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ് തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയിരുന്നു. ഈ മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങിലാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്.
ഏരീസ് കൊല്ലം സെയ്ലേഴ്സിന്റെ സഹഉടമയും മെന്ററുമായ ശ്രീശാന്ത്, തന്റെ ടീമിന് ലഭിച്ച ഫെയർ പ്ലേ അവാർഡ് വാങ്ങുന്നതിനാണ് വേദിയിലെത്തിയത്. വേദിയിലുണ്ടായിരുന്ന വിശിഷ്ടാതിഥികൾക്കെല്ലാം ഹസ്തദാനം നൽകിയ ശ്രീശാന്ത്, ലീഗ് അംബാസഡറായി അവിടെയുണ്ടായിരുന്ന സഞ്ജു സാംസണെ ശ്രദ്ധിക്കുക പോലും ചെയ്യാതെ കടന്നു പോകുന്നതാണ് വീഡിയോയിലുള്ളത്. ട്രോഫിയുമായി മറ്റ് ഭാരവാഹികൾക്കൊപ്പം വേദിയിലുണ്ടായിരുന്ന സഞ്ജുവും ശ്രീശാന്തിനെ ശ്രദ്ധിച്ചില്ല.
ഇരുവരും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള അസ്വാരസ്യങ്ങൾ ഉണ്ടോ എന്ന തരത്തിൽ ആരാധകർക്കിടയിൽ ചർച്ചകൾ കൊഴുക്കുന്നുണ്ടെങ്കിലും, ഈ സംഭവത്തെക്കുറിച്ച് സഞ്ജു സാംസണോ ശ്രീശാന്തോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ശ്രീശാന്തും സഞ്ജുവും കരിയറിന്റെ തുടക്കം മുതൽക്കേ അടുത്ത വ്യക്തിപരവും പ്രൊഫഷണലുമായ ബന്ധം പുലർത്തിപ്പോന്നവരാണ്. ശ്രീശാന്തിന്റെ ക്യാപ്റ്റൻസിക്ക് കീഴിലാണ് സഞ്ജു കേരള ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. സഞ്ജുവിന്റെ കരിയറിൽ ഒരു മെന്ററുടെ പങ്ക് വഹിച്ചിരുന്ന ശ്രീശാന്ത്, രാജസ്ഥാൻ റോയൽസിലേക്ക് സഞ്ജുവിന് ട്രയൽസ് ലഭിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നു. അവിടെ വെച്ചാണ് രാഹുൽ ദ്രാവിഡിന്റെ ശ്രദ്ധയിൽ സഞ്ജു പെടുന്നതും റോയൽസ് നിരയിലേക്ക് സഞ്ജുവിനെ എത്തിക്കുന്നതിൽ അത് നിർണായകമാകുന്നതും.
മുൻകാലങ്ങളിൽ സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോഴെല്ലാം ശ്രീശാന്ത് സഞ്ജുവിന് ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്. സഞ്ജുവിനെ ആഭ്യന്തര ടീമുകളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ശക്തമായി വിമർശിച്ചതിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സസ്‌പെൻഷൻ വരെ ശ്രീശാന്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
ഈ ബന്ധത്തിൽ ശക്തമായ ഉലച്ചിൽ സംഭവിച്ചു എന്ന സംശയം ബലപ്പെടുത്തുന്നതാണ് കെ.സി.എൽ വേദിയിലെ ഈ കാഴ്ച. ഇത് ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.
Content Highlights: Sanju Samson and S. Sreesanth ignored each other during the KCL 2026 final presentation ceremony., A video of Sreesanth walking past Sanju without acknowledging him has gone viral on social media., Both players share a long history of close mentorship and professional collaboration in Kerala cricket., Neither Sanju Samson nor Sreesanth has issued an official statement regarding the incident.
Published: 07 Sept 2026, 09:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented