മുംബൈ: രോഹിത് ശർമയും വിരാട് കോലിയും 2027-ലെ ഏകദിന ലോകകപ്പ് കിരീടം ഉയർത്തുന്നത് കാണാനുള്ള ആഗ്രഹം പങ്കുവെച്ച് ഇന്ത്യൻ താരം റിങ്കു സിങ്ങ്. ഇരുവരും ടീമിനൊപ്പമുണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും 2011-ന് ശേഷം ഇന്ത്യ നേടുന്ന ലോകകപ്പായി അത് മാറട്ടെയെന്നും റിങ്കു പറഞ്ഞു.
'അവർ ഇതിഹാസങ്ങളാണ്, വിരാട് ഭയ്യയും രോഹിത് ഭയ്യയും. ഞാൻ മാത്രമല്ല, മുഴുവൻ രാജ്യവും ആഗ്രഹിക്കുന്നത് അവർ ലോകകപ്പിൽ കളിക്കുകയും കിരീടം നേടുന്ന ടീമിന്റെ ഭാഗമാകുകയും ചെയ്യുമെന്നാണ്. ചിലപ്പോൾ അതവരുടെ അവസാന ലോകകപ്പായിരിക്കാം. അതിനാൽ ഇന്ത്യക്കായി അവർക്ക് അത് നേടാനായാൽ അത് വലിയൊരു കാര്യമായിരിക്കും. വളരെക്കാലമായി നമ്മൾ ലോകകപ്പ് നേടിയിട്ട്. അവസാനമായി നമ്മൾ അത് നേടിയത് 2011-ലാണ്. അതിനാൽ ഇരുവരും ടീമിനൊപ്പമുണ്ടാകുമെന്നും ആ ട്രോഫി ഉയർത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു'- അദ്ദേഹം പറഞ്ഞു.
താനൊരു ഏകദിന, ട്വന്റി 20 ഫോർമാറ്റ് കളിക്കാരനാണെന്നൊരു ധാരണ നിലവിലുണ്ടെന്നും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയെ പ്രതിനിധീകരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 48 ട്വന്റി 20 മത്സരങ്ങൾ കളിച്ചിട്ടുള്ള റിങ്കു, 35 ഇന്നിങ്സുകളിൽ നിന്നായി 36.94 ശരാശരിയിലും 156.34 സ്‌ട്രൈക്ക് റേറ്റിലും 702 റൺസ് നേടിയിട്ടുണ്ട്. ഇതിൽ മൂന്ന് അർദ്ധ ശതകങ്ങളും ഉൾപ്പെടുന്നു. രണ്ട് ഏകദിനങ്ങളിലും കളിച്ചിട്ടുള്ള അദ്ദേഹം 55 റൺസ് നേടിയിട്ടുണ്ട്.
'ഞാനൊരു ഒറ്റ ഫോർമാറ്റ് കളിക്കാരൻ മാത്രമാണെന്നൊരു ധാരണ പരക്കെയുണ്ട്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിലെ എന്റെ ശരാശരി നിങ്ങൾക്ക് പരിശോധിക്കാം, അത് ഏകദിനങ്ങളായാലും നാല് ദിവസത്തെ മത്സരങ്ങളായാലും ശരി. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നത് എന്റെ ഒരു സ്വപ്നമാണ്. അതിനാൽ ആളുകൾ എന്നെ ഒരു ഫോർമാറ്റിൽ മാത്രം ഒതുങ്ങുന്ന കളിക്കാരനായി കാണരുത്. എനിക്ക് മൂന്ന് ഫോർമാറ്റുകളിലും കളിക്കാൻ കഴിയും. ആഭ്യന്തര ക്രിക്കറ്റിൽ ഞാൻ മൂന്ന് ഫോർമാറ്റിലും കളിക്കുന്നുമുണ്ട്. എന്നാൽ ഇന്ത്യക്ക് വേണ്ടി നിലവിൽ ഞാൻ ഒരു ഫോർമാറ്റിൽ മാത്രമാണ് കളിക്കുന്നത്.'-റിങ്കു സിങ് വ്യക്തമാക്കി.
ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശിനെ പ്രതിനിധീകരിക്കുന്ന റിങ്കുവിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച റെക്കോർഡാണുള്ളത്. 53 മത്സരങ്ങളിലെ 76 ഇന്നിങ്സുകളിൽ നിന്ന് 58.70 ശരാശരിയിൽ ഒമ്പത് സെഞ്ചുറികളും 23 അർദ്ധ ശതകങ്ങളും ഉൾപ്പെടെ 3757 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. 70 ലിസ്റ്റ്-എ മത്സരങ്ങൾ കളിച്ച റിങ്കു, 64 ഇന്നിങ്സുകളിൽ നിന്ന് 52.56 ശരാശരിയിൽ 101.17 സ്‌ട്രൈക്ക് റേറ്റോടെ രണ്ട് സെഞ്ചുറിയും 21 അർദ്ധ ശതകവും സഹിതം 2418 റൺസ് നേടിയിട്ടുണ്ട്.
Content Highlights: Rinku Singh expresses ambition to play Test cricket for India and break the one-format tag., Rinku highlights his strong domestic record in first-class and List-A cricket., Rinku backs Rohit Sharma and Virat Kohli to win the 2027 ODI World Cup for India.
Published: 24 Sept 2026, 10:52 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented