നഗോയ: ഇന്ത്യ-ജപ്പാൻ ടി20 മത്സരത്തിനിടെ ഏറെ വിവാദമായ ഒന്നായിരുന്നു അവസാന ഓവറിലെ അമ്പയർ വൈഡ് വിളിച്ച തീരുമാനം. ബാറ്റർ റിവേഴ്‌സ് ഹിറ്റിന് ശ്രമിച്ചിട്ടും പന്ത് വൈഡ് വിളിച്ചതാണ് ചർച്ചയായത്. ഒടുക്കം ഇന്ത്യയുടെ പ്രതിഷേധത്തിൽ തീരുമാനം മാറ്റുന്നതുവരെയെത്തി കാര്യങ്ങൾ. അമ്പയർ തീരുമാനം മാറ്റിയതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്. ഐസിസി നിയമങ്ങളിൽ ഇതുസംബന്ധിച്ച് കൃത്യമായി പറയുന്നുണ്ട്. മത്സരത്തിൽ രണ്ട് റൺസിനാണ് ഇന്ത്യ വിജയിച്ചത്.

To advertise here,

ജപ്പാൻ ഇന്നിങ്‌സിന്റെ അവസാന ഓവറിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. ഇന്ത്യ ഉയർത്തിയ 33 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ജപ്പാൻ അവസാന ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 25 റൺസെന്ന നിലയിലായിരുന്നു. വിജയലക്ഷ്യം ആറുപന്തിൽ നിന്ന് എട്ടുറൺസ്. അക്ഷർ പട്ടേൽ എറിഞ്ഞ ഓവറിലെ ആദ്യ രണ്ട് പന്തിൽ നിന്ന് ഒരു റൺ മാത്രമാണ് ജപ്പാന് കണ്ടെത്താനായത്. മൂന്നാം പന്തിൽ ഇടംകൈയ്യൻ ബാറ്റർ അലക്‌സാണ്ടർ പാറ്റ്‌മോർ റിവേഴ്‌സ് ഹിറ്റിന് ശ്രമിച്ചു. എന്നാൽ ഷോട്ടിനുള്ള ശ്രമം പിഴച്ചു. പന്ത് ലെഗ് സൈഡിലൂടെ കീപ്പറുടെ കൈയിലെത്തി. അതേസമയം അമ്പയർ വൈഡ് വിളിച്ചു.

വൈഡ് വിളിച്ച അമ്പയറുടെ തീരുമാനം ഇന്ത്യൻ താരങ്ങളിൽ അമ്പരപ്പുണ്ടാക്കി. സാധാരണഗതിയിൽ ബാറ്റർ റിവേഴ്‌സ് ഹിറ്റിന് ശ്രമിച്ചാൽ ലെഗ് സൈഡും ഓഫ് സൈഡായി പരിഗണിച്ച് വൈഡ് നൽകാറില്ല. എന്നാൽ അമ്പയർ വൈഡ് നൽകുകയായിരുന്നു. അടുത്ത പന്തിലും സമാനമായിരുന്നു സ്ഥിതി. റിവേഴ്‌സ് ഹിറ്റിന് ശ്രമിച്ച ബാറ്റർ പരാജയപ്പെട്ടതോടെ അമ്പയർ വീണ്ടും വൈഡ് വിളിച്ചു. എന്നാൽ ഇക്കുറി അമ്പയറുടെ തീരുമാനത്തെ ഇന്ത്യൻ താരങ്ങൾ ചോദ്യം ചെയ്തു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീൽഡ് അമ്പയറോട് ഇക്കാര്യം ചൂണ്ടിക്കാട്ടി. അതോടെ അമ്പയർമാർ ചർച്ച ചെയ്യുകയും വൈഡ് വിളിച്ച തീരുമാനം പിൻവലിക്കുകയും ചെയ്തു. പന്ത് ഡോട്ട് ബോളായി പരിഗണിക്കപ്പെട്ടു. പിന്നീട് എറിഞ്ഞ മൂന്ന് പന്തിൽ നിന്ന് മൂന്ന് റൺസ് മാത്രമാണ് ജപ്പാന് നേടാനായത്. അതോടെ ഇന്ത്യ രണ്ട് റൺസ് ജയത്തോടെ മടങ്ങി.

വൈഡ് നൽകിയ അമ്പയറുടെ തീരുമാനത്തെ സംബന്ധിച്ച് ചർച്ചകൾ സജീവമാണ്. ഐസിസി നിയമപ്രകാരമാണ് അമ്പയർ വൈഡ് നൽകിയത്. അതായത് ഒരു ബാറ്റർ റിവേഴ്‌സ് ഹിറ്റിന് ശ്രമിച്ചാൽ വിക്കറ്റിന്റെ ഇരുവശങ്ങളും ഓഫ്‌സൈഡായി പരിഗണിക്കും. പന്ത് 75 സെന്റി മീറ്ററിന് പുറത്തായാൽ മാത്രമേ വൈഡ് വിളിക്കാനാകൂ. ബാറ്റർ പന്തെറിയുന്നതിനിടെ സ്റ്റാൻസ് മാറ്റിയാലും ഇതേ സാഹചര്യമായിരിക്കും.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ജപ്പാൻ പിടിച്ചുകെട്ടുകയായിരുന്നു. വെടിക്കെട്ടിന് പേരുകേട്ട സഞ്ജു സാംസൺ (ഏഴു പന്തിൽ ഒമ്പത്), അഭിഷേക് ശർമ (0), ഇഷാൻ കിഷൻ (3) എന്നിവർ തുടക്കത്തിലേ മടങ്ങിയതോടെ ഇന്ത്യ ഞെട്ടി. 12 പന്തിൽ നിന്ന് 16 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. രണ്ട് ഓവറിൽ 17 റൺസിന് രണ്ടു വിക്കറ്റെടുത്ത ചാർളി ഹാര ഹിൻസെയാണ് ഇന്ത്യയെ വിറപ്പിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ രണ്ടോവർ അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ എട്ട് റൺസെന്ന നിലയിലായിരുന്നു ജപ്പാൻ. ഓപ്പണർ ലഫ്‌ലാൻ യമമോട്ടോ (1), ഇബ്രാഹിം ടകാഹാഷി (4) എന്നിവർ വേഗം മടങ്ങി. മൂന്നാം വിക്കറ്റിൽ കെൻഡെൽ ഫ്‌ളെമിങ്-ബെഞ്ചമിൻ ഇട്ടോ-ഡേവിസ് സഖ്യം രക്ഷാപ്രവർത്തനം നടത്തി. മൂന്നാം ഓവറിൽ പത്ത് റൺസ് വന്നതോടെ ഇന്ത്യ അൽപ്പം പ്രതിരോധത്തിലായി.

നാലാം ഓവറിൽ 7 റൺസും അടിച്ചെടുത്തു. പിന്നാലെ കെൻഡൽ 12 റൺസെടുത്ത് പുറത്തായി. നാലോവർ അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 25 റൺസെന്ന നിലയിലായിരുന്നു. അവസാന ഓവറിൽ എട്ട് റൺസായിരുന്നു ജപ്പാന്റെ വിജയലക്ഷ്യം. അക്ഷർ പട്ടേൽ പിടിമുറുക്കിയതോടെ അഞ്ചാം ഓവറിൽ അഞ്ച് റൺസ് മാത്രമാണ് ജപ്പാന് നേടാനായത്. 30 റൺസിന് ജപ്പാൻ ഇന്നിങ്‌സ് അവസാനിച്ചു. ഇന്ത്യ രണ്ട് റൺസ് ജയത്തോടെ മടങ്ങി.