തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് ജയം. തൃശ്ശൂർ ടൈറ്റൻസിനെ മൂന്ന് വിക്കറ്റിനാണ് ആലപ്പി തോൽപ്പിച്ചത്. തൃശ്ശൂരിനെ 140 റൺസിന് എറിഞ്ഞിട്ട ആലപ്പി 18.5 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടപ്പെടുത്തി ജയത്തിലെത്തി.

To advertise here,

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി റിപ്പിൾസ് തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ടു. 39 റൺസിനിടെ ടീമിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. അരുൺ കെ.എ 20 റൺസെടുത്ത് പുറത്തായി. അക്ഷയ് കെ 19 റൺസെടുത്ത് മടങ്ങിയതോടെ ടീം 71-6 എന്ന നിലയിലേക്ക് വീണു. എന്നാൽ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ആലപ്പിയെ കരകയറ്റി. എം. ശ്രീരൂപും എസ്. ഗിരീഷും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ടീം ജയത്തിലേക്ക് നീങ്ങി. ശ്രീരൂപ് 31 റൺസെടുത്ത് പുറത്തായി. ഗിരീഷ് 31 റൺസെടുത്ത് പുറത്താകാതെ നിന്നു. 18.5 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ ആലപ്പി ജയത്തിലെത്തി.

നേരത്തേ ടോസ് നേടിയ ടൈറ്റൻസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അക്കൗണ്ട് തുറക്കും മുൻപേ തന്നെ ആദ്യ വിക്കറ്റ് വീണു. ടി. എസ്. വിനിൽ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിൽ കെ. ആർ. രോഹിത് മടങ്ങി. പത്ത് റൺസെടുത്ത വിഷ്ണുരാജിന്റേതായിരുന്നു അടുത്ത ഊഴം. വിനിലിന്റെ പന്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ ക്യാച്ചെടുത്താണ് വിഷ്ണുരാജ് പുറത്തായത്. അടുത്ത ഓവറിൽ അഹമ്മദ് ഇമ്രാനും (16) മടങ്ങി. രണ്ട് തകർപ്പൻ സിക്സറുകളുമായി തുടങ്ങിയ ഇമ്രാൻ, അഭിജിത് പ്രവീണിന്റെ പന്തിൽ സച്ചിൻ ബേബിക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്. തുടർന്നെത്തിയ ക്യാപ്റ്റൻ എം. എസ്. അഖിലിനും ഏറെ നേരം പിടിച്ചുനിൽക്കാനായില്ല. ഒരു റണ്ണെടുത്ത അഖിലിനെ അജിത് രാജാണ് പുറത്താക്കിയത്.

അഞ്ചാം വിക്കറ്റിൽ എസ്. ഷാരോണും ഷോൺ റോജറും ചേർന്ന് 30 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 14 റൺസെടുത്ത ഷാരോണിനെ പുറത്താക്കി അജ്നാസ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടു. തൊട്ടടുത്ത ഓവറിൽ ഏഴ് റൺസെടുത്ത മുഹമ്മദ് ഇനാൻ, സിബിൻ ഗിരീഷിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന ഷോൺ റോജറെയും പ്രസൂൺ പ്രസാദിനെയും ഒരേ ഓവറിൽ പുറത്താക്കി അജ്നാസ് ടൈറ്റൻസിന് വീണ്ടും പ്രഹരമേൽപ്പിച്ചു. ഒടുവിൽ ഒൻപതാം വിക്കറ്റിൽ ബിജു നാരായണനും ആസിഫ് സലാമും ചേർത്ത 49 റൺസിന്റെ കൂട്ടുകെട്ടാണ് ടൈറ്റൻസിനെ 140-ൽ എത്തിച്ചത്. ആസിഫ് സലാം 16 പന്തുകളിൽ നിന്ന് 21 റൺസെടുത്തു. 25 പന്തുകളിൽ നിന്ന് 37 റൺസുമായി ബിജു നാരായണൻ പുറത്താകാതെ നിന്നു. ഷോൺ റോജർ 24 പന്തിൽ നിന്ന് 27 റൺസ് നേടി ആലപ്പിക്ക് വേണ്ടി കെ അജിനാസ് മൂന്നും വിനിൽ, അഭിജിത് പ്രവീൺ, സിബിൻ ഗിരീഷ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.