ഒരുദിവസം പതിവു പോലെ ഇലസഞ്ചാരം കഴിഞ്ഞ് വിശ്രമിക്കുമ്പോൾ വനതി പറഞ്ഞു:
''ഞാൻ നാളെ ഒരിടം വരെ പോവുകയാണ്. തിരിച്ചു വരുന്നതു വരെ നിങ്ങൾ കണ്ണാടിക്കാട് കാക്കണം.''
''ചേച്ചി എങ്ങോട്ടാണ് പോകുന്നത്?''- ദേവത ചോദിച്ചു.
''അതൊക്കെ വന്നിട്ട് പറയാം. ഞാൻ വരുന്നതു വരെ ജാഗ്രതയോടിരിക്കണം. ഞാനില്ലാത്ത സമയം നോക്കിയിരിക്കുകയാണ് മരംവെട്ടുകാർ.''
''ചേച്ചി ധൈര്യമായി പോയ് വരൂ. കണ്ണാടിക്കാട്ടിൽ നിന്ന് ഒരില പോലും വീഴാതെ ഞങ്ങൾ നോക്കിക്കോളാം.''- നിള ഉറപ്പുകൊടുത്തു.
വനതി കുറേനേരം അവളെ തന്നെ നോക്കിയിരുന്നു. പിന്നെ പുഞ്ചിരിച്ചു.
വനതിച്ചേച്ചി അങ്ങനെ പറഞ്ഞെങ്കിലും അത്ര ധൈര്യത്തോടെ മരംവെട്ടുകാർ കണ്ണാടിയിലേക്ക് കടക്കുമെന്ന് നിള വിശ്വസിച്ചില്ല. ആളുകൾക്കെല്ലാം നല്ലോണം പേടിയുണ്ട്. വനതിച്ചേച്ചി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരാളും കണ്ണാടിയിൽ കടക്കാൻ ധൈര്യം കാണിക്കില്ല. ആ ഒരു വിശ്വാസത്തോടു കൂടിയാണ് അവൾ അന്ന് രാത്രി ഉറങ്ങാൻ കിടന്നത്. ഉറക്കത്തിൽ ധാരാളം സ്വപ്നം കാണുകയും ചെയ്തു. വനതിച്ചേച്ചിയോടൊപ്പം ഇലകൾക്കു മീതെ കൂടെ നടന്ന് കടൽ കാണാൻ പോയത്, മലമുകളിലെ മലമുഴക്കി വേഴാമ്പലിനൊപ്പം ഞാവൽപ്പഴം തിന്നുന്നത്, കാട്ടിലെ സിംഹത്തിനൊപ്പം ഓട്ടമത്സരം നടത്തുന്നത്, തിമിംഗലത്തിനൊപ്പം നീന്തുന്നത്...അങ്ങനെയങ്ങനെ കുറേ സുന്ദര സ്വപ്നങ്ങൾ.
ചിത്രാംഗൻ മരങ്കൊത്തി ജനലിൽ വന്ന് തുരുതുരെ കൊത്തുന്ന ശബ്ദം കേട്ടുകൊണ്ടാണ് അവൾ ഉണർന്നത്. വേഗം എഴുന്നേറ്റ് അവൾ ജനൽ തുറന്നു.
''അപകടം. വേഗം വരൂ.'' -മരങ്കൊത്തി അതിന്റെ ഭാഷയിൽ പറഞ്ഞു. എന്നിട്ട് അതിവേഗം ചിറകടിച്ചു പറന്നു.
നിളയ്ക്ക് എന്തു ചെയ്യണമെന്ന് പിടി കിട്ടിയില്ല. വനതിച്ചേച്ചി പറഞ്ഞത് ശരിയായിരിക്കുന്നു. ചേച്ചി ഇല്ലാത്ത നേരം നോക്കി കാത്തിരിക്കുകയായിരുന്നു മരംവെട്ടുകാർ. ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ കണ്ണാടിക്കാട് എന്നെന്നേക്കുമായി ഉടഞ്ഞു പോകും. അവിടുന്ന് ഒരില പോലും വീഴാൻ അനുവദിക്കില്ലെന്ന് ചേച്ചിക്ക് വാക്ക് കൊടുത്തതാണ്.
നിള വേഗം തന്നെ ദേവതയേയും ജാനകിയേയും വിളിച്ച് കാര്യം പറഞ്ഞു.
''ഇനി എന്തു ചെയ്യും?''- അവർ ചോദിച്ചു.
''നിങ്ങൾക്ക് കറുത്ത ഉടുപ്പ് വല്ലതുമുണ്ടോ?''- നിള ചോദിച്ചു.
''ഉം.''
''എങ്കിൽ അതുടുത്ത് ആ മാവിന്റെ മുകളിലേക്ക് വാ.''
അത്രമാത്രം പറഞ്ഞ് അവൾ വേഗം വീട്ടിലേക്കോടി.
കറുപ്പുടുത്ത് ജാനകിയും ദേവതയും മാവിന്റെ തുഞ്ചത്തെത്തിയപ്പോൾ നിള തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. അവളും കറുപ്പുടുത്തിരുന്നു. പോരാത്തതിന് മുഖത്ത് കറുത്ത ചായവും തേച്ചു പിടിപ്പിച്ചിരുന്നു.
നിള കൈയ്യിലിരുന്ന വാട്ടർകളറിൽ നിന്ന് കറുപ്പ് നിറത്തിൽ ബ്രഷ് മുക്കി രണ്ടു പേരുടേയും മുഖത്ത് തേച്ചു പിടിപ്പിച്ചു. പിന്നെ മൂന്നു പേരും മുടിയഴിച്ചിട്ടു. ഇപ്പോ അവരെ കണ്ടാൽ അച്ഛനമ്മമാർക്കു പോലും തിരിച്ചറിയാനാകില്ല.
പ്രച്ഛന്നവേഷം കഴിഞ്ഞപ്പോൾ ദേവത ചോദിച്ചു: ''എന്താ നമ്മുടെ പരിപാടി?''
''വിശദീകരിക്കാൻ സമയമില്ല. ഉടൻ കണ്ണാടിയിലെത്തണം.''
മൂവരും ഇലകൾക്കു മുകളിലൂടെ പാഞ്ഞ് കണ്ണാടിക്കാട്ടിലെത്തി.
ഏകദേശം നൂറോളം മരംവെട്ടുകാർ കോടാലിയുമേന്തി അപ്പോഴേക്കും കാട്ടിൽ പ്രവേശിച്ചിരുന്നു. കാഴ്ചക്കാരായി വേറെയും ചിലർ.
മൂന്നാളും മൂന്ന് മരങ്ങളിലായി സ്ഥാനം പിടിച്ചു.
മരം വെട്ടുകാരിലൊരാൾ മഴു ഉയർത്തിയതും നിള ഉറക്കെ വിളിച്ചു പറഞ്ഞു: ''വൾപ്പസ് ബംഗാളെൻസിസ്.''
മരം വെട്ടുകാരൻ ഞെട്ടി മുകളിലേക്ക് നോക്കി.
നിള ഉറക്കെ ചിരിച്ചു. പിന്നെ മരക്കൊമ്പിൽ നിന്ന് ഒരു കായ പൊട്ടിച്ചെടുത്തു. പിന്നെ ഒരിക്കൽ കൂടി മന്ത്രം ചൊല്ലി മരംവെട്ടുകാരനെ ലക്ഷ്യമാക്കി എറിഞ്ഞു. കായ ഒരു കരിങ്കല്ലായി അയാളുടെ നെറ്റിയിൽ ചെന്നു കൊണ്ടു. അയാൾ ഉറക്കെ നിലവിളിച്ചു. ആ നിലവിളി കേട്ട് മറ്റുള്ളവർ ഓടിയെത്തി. മരംവെട്ടുകാരൻ നിളയെ ചൂണ്ടിക്കാട്ടി. അവർ അത്ഭുതപ്പെട്ടു. മന്ത്രവാദിനിയുടെ മകളോ?
അപ്പോൾ തൊട്ടപ്പുറത്തുള്ള മരക്കൊമ്പിൽ നിന്ന് ദേവതയുടെ ശബ്ദം മുഴങ്ങി: ''വൾപ്പസ് ബംഗാളെൻസിസ്.'' കൂടെ ഒരേറും.
ഒരാൾ കൂടെ വീണു.
മന്ത്രവാദിനിക്ക് രണ്ട് പെൺമക്കളോ? മരംവെട്ടുകാർക്ക് ഒന്നും പിടികിട്ടിയില്ല.
അവരങ്ങനെ പകച്ചു നിൽക്കേ മൂന്നാമതൊരിക്കൽ കൂടി മന്ത്രം മുഴങ്ങി. ജാനകി ഒരേ സമയം രണ്ട് കായകളാണ് എറിഞ്ഞത്. അത് രണ്ട് കരിങ്കല്ലുകളായി മാറി രണ്ട് മരംവെട്ടുകാരെ വീഴ്ത്തി.
ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ മരംവെട്ടുകാർ തിരിച്ചാക്രമണം തുടങ്ങി. താഴെ നിന്നും കരിങ്കല്ലുകൾ നിളയേയും കൂട്ടുകാരേയും ലക്ഷ്യമാക്കി ഉയർന്നു വരാൻ തുടങ്ങി. അവർ ഒഴിഞ്ഞു മാറി.
ഒരു കല്ല് നിളയുടെ ചെവിയിൽ ഉരസിപ്പോയി. അവൾക്ക് ദേഷ്യം വന്നു.
''ഉംമ്മ്മ്....''-അവൾ തേനീച്ചകളെ പോലെ മൂളി. കാർമേഘം പോലെ തേനീച്ചക്കൂട്ടം അവിടെ വന്നു നിറഞ്ഞു.
നിള വീണ്ടും മൂളി. തേനീച്ചകൾ മരംവെട്ടുകാർക്കു നേരെ പറന്നു. താഴെ നിന്ന് അവരുടെ പരക്കം പാച്ചിലും നിലവിളികളുമുയർന്നു. നിള വെറുതെയിരുന്നില്ല. അവൾ കടന്നലുകളെ വിളിച്ചു, പ്രാണികളെ വിളിച്ചു, പക്ഷികളേയും മൃഗങ്ങളേയും വിളിച്ചു. എല്ലാവരും കണ്ണാടിക്കാടുടയ്ക്കാൻ വന്നവരുമായി ഉഗ്രമായ പോരാട്ടത്തിലേർപ്പെട്ടു. ബഹളങ്ങൾ കേട്ട് നാട്ടിലെ മുഴുവൻ ജനങ്ങളും കണ്ണാടിക്കാടിനു മുന്നിലെത്തി. പക്ഷിപ്രാണിമൃഗാദികളുടെ യുദ്ധം കണ്ട് അവരെല്ലാം അമ്പരന്നു നിന്നു. യുദ്ധത്തിന് നേതൃത്വം കൊടുക്കുന്നത് വനതിയുടെ പെൺമക്കളാന്നറിഞ്ഞപ്പോഴാണ് അവർ കൂടുതൽ അമ്പരന്നത്.
''മന്ത്രവാദിനിയുടെ മൂന്ന് പെൺമക്കളെ കണ്ടപ്പോൾ ഇത്ര അമ്പരന്നെങ്കിൽ മൂന്നൂറെണ്ണത്തിനെ കണ്ടാൽ എന്താവും അവസ്ഥ?''
നിള പറഞ്ഞത് ജാനകിക്കും ദേവതയ്ക്കും മനസിലായില്ല.
''സൂത്രം കണ്ടോളൂ.''- നിള കണ്ണിറുക്കി. പിന്നെ തേനീച്ചകൾക്കും കടന്നലുകൾക്കും ഒരു നിർദ്ദേശം നൽകി: ''ഞങ്ങളെപ്പോലെയാവുക.''
ഉടനേ തേനീച്ചകളെല്ലാം കൂടിച്ചേർന്ന് അവരുടെ ഉയരവും വലിപ്പവുമുള്ള മനുഷ്യരൂപങ്ങളായി.
''ഒന്നു പോരാ. മുന്നൂറെണ്ണം വേണം.''- നിള പറഞ്ഞു.
നിമിഷങ്ങൾ കൊണ്ട് മൂന്നൂറ് നിള, ജാനകി, ദേവതമാർ മരക്കൊമ്പുകളിൽ നിരന്നു. ആ കാഴ്ച കണ്ട് ജനങ്ങളെല്ലാം നിലവിളിച്ചു.
അതിക്രമിച്ചു കയറിയവരെല്ലാം കണ്ണാടിക്കാടിന് പുറത്തേക്കോടി. പിന്നാലെ വനതിയുടെ മക്കളും.
കണ്ണാടിക്കാടിനു പുറത്തെ ജനക്കൂട്ടത്തിന് നേർക്ക് നിള മറ്റൊരു സൂത്രം കൂടി പ്രയോഗിച്ചു.
അവൾ കരിവണ്ടുകളെ വിളിച്ചു. മലകളും പുഴകളും കടന്ന് അവരെത്തി.
നിളയും കൂട്ടുകാരും ഒരു മരക്കൊമ്പിൽ കയറിയിരുന്നു.
എന്നിട്ടവൾ വണ്ടുകളോട് പറഞ്ഞു: ''വനതിചേച്ചിയുടെ രൂപത്തിൽ ഞങ്ങളെ പൊതിയുക.''
നിമിഷനേരങ്ങൾക്കകം വലിയൊരു കട്ടൗട്ട് പോലെ വനതിയുടെ രൂപം കാണ്ണാടിക്കാടിനു മുന്നിൽ ഉയർന്നു. ഭീമാകാരമായ ആ രൂപം കണ്ട് പലരും ബോധം കെട്ടു വീണു.
രൂപത്തിന്റെ വായ്ക്കുള്ളിലിരുന്ന് മൂന്നുപേരും ഒരേ സമയം അലറി: ''വൾപ്പസ് ബംഗാളെൻസിസ്.''
ഇടിമുഴക്കം പോലുള്ള ആ ശബ്ദം കേട്ട് ബോധമുള്ള ജനങ്ങളെല്ലാം ജീവനും കൊണ്ടോടി. കണ്ണാടിക്കാട് വൃത്തിയായി.
പക്ഷിപ്രാണിമൃഗാദികളോട് നിള നന്ദി പറഞ്ഞു. അവരെല്ലാം പോയിക്കഴിഞ്ഞപ്പോൾ നിളയും കൂട്ടരും ക്ഷീണത്തോടെ ഇലകൾക്കു മേൽ മലർന്നു കിടന്നു.
കുറേക്കഴിഞ്ഞപ്പോൾ ദൂരെ നിന്ന് ആരോ നടന്നു വരുന്നത് അവർ കണ്ടു. മൂന്നു പേരും എഴുന്നേറ്റിരുന്നു. ഇലകൾക്കു മീതെ അങ്ങനെ നടക്കാൻ അവരെ കൂടാതെ ലോകത്തൊരാൾക്കു മാത്രമേ കഴിയൂ.
''വനതിച്ചേച്ചി.''-മൂന്നാളും എഴുന്നേറ്റ് ചേച്ചിയുടെ നേർക്ക് പാഞ്ഞു.
വനതി അവരെ സ്നേഹത്തോടെ കോരിയെടുത്തു.
''എല്ലാം ഞാൻ കണ്ടു. താങ്ക്സ്.''- വനതി പറഞ്ഞു.
''അപ്പോ ചേച്ചി പോയില്ലേ?''
''ഇല്ല. ഇതെന്റെ ഒരു പരീക്ഷണമായിരുന്നു. ഞാനില്ലെങ്കിലും കണ്ണാടിക്കാട് കാക്കാനാളുണ്ടെന്ന് എനിക്ക് മനസിലായി.''
''അപ്പോ ചേച്ചി ശരിക്കും പോകുമോ?''- ദേവത വിഷമത്തോടെ ചോദിച്ചു.
''നമ്മളെല്ലാം മരിച്ചു പോകും കുട്ടികളേ. പക്ഷേ, കാടും മേടും നിലനിൽക്കണം. അടുത്ത തലമുറയ്ക്കും അതൊക്കെ കാണാനവകാശമുണ്ട്.''
അതു പറഞ്ഞു കൊണ്ട് വനതി ഒരു കടലാസ് അവർക്കു നീട്ടി. നിള അത് വാങ്ങി വായിച്ചു. അവളുടെ കണ്ണുകൾ വിടർന്നു.
''സത്യമാണോ ചേച്ചീ?'' - അവൾ ചോദിച്ചു.
വനതി ചിരിച്ചു.
''എന്താ സംഗതി?'' - ദേവത ചോദിച്ചു.
''ഞാനീ വേഷം അഴിച്ചു വെക്കാൻ പോവുകയാണ്.''- വനതിച്ചേച്ചി പറഞ്ഞു.
''എന്നുവെച്ചാൽ?''
''ചേച്ചി ഇനി മുതൽ ടീച്ചറാണ്. അതും നമ്മുടെ സ്‌കൂളിൽ.'' - നിള പറഞ്ഞു.
അവർക്ക് വിശ്വസിക്കാനായില്ല.
''പിഎസ്‌സി എഴുതി കാത്തിരിക്കുകയായിരുന്നു. ദുർമന്ത്രവാദം ചെയ്യുകയാണെന്ന് ആളുകൾ പറഞ്ഞു നടക്കുന്ന സമയത്തൊക്കെ ഞാൻ പഠിക്കുകയായിരുന്നു. വേണമെങ്കിൽ ഇതെന്റെ ഏറ്റവും വലിയ മാജിക്കായി കണക്കാക്കാം.''- ചേച്ചി ചിരിച്ചു.
''പക്ഷേ, ഒരു പ്രശ്നമുണ്ടല്ലോ. ഇതെല്ലാം സൂത്രപ്പണികളായിരുന്നെന്ന് തിരിച്ചറിഞ്ഞാൽ ആളുകളുടെ ഭയം പോവില്ലേ? അവർ കണ്ണാടിക്കാട് നശിപ്പിക്കില്ലേ?''
ജാനകിയുടെ ചോദ്യം ന്യായമാണെന്ന് നിളയ്ക്ക് തോന്നി.
''ഭയപ്പെടുത്തിയും മായാജാലം കാണിച്ചും എല്ലാവരേയും എല്ലാക്കാലവും പറ്റിക്കാനാവില്ല കുട്ടികളേ.''
''പിന്നെ?''
''കാടും മലയും സംരക്ഷിക്കണമെന്നും കരുതലോടെ ജീവിക്കണമെന്നും നമ്മൾ അവരെ ബോധ്യപ്പെടുത്തണം.''
''അവർക്കത് ബോധ്യപ്പെടുമോ?''
''നിങ്ങൾ മൂന്നുപേർക്കും ബോധ്യപ്പെട്ടില്ലേ? അതു പോലെ ഇനി വരുന്ന തലമുറയെയെങ്കിലും നമുക്ക് അക്കാര്യങ്ങൾ പഠിപ്പിക്കാം. എനിക്ക് പ്രതീക്ഷയുണ്ട്.''
അവർക്കത് ശരിയാണെന്ന് തോന്നി.
''ഞങ്ങൾ കൂടെയുണ്ട്.'' - അവർ പറഞ്ഞു.
''ശരി. ഇനി ഇന്നത്തെ നിങ്ങളുടെ വീരശൂരപരാക്രമത്തിന് എന്തെങ്കിലും സമ്മാനം വേണ്ടേ?'' - ചേച്ചി ചോദിച്ചു.
അവർ തലയാട്ടി.
''എന്തു സമ്മാനമാണ് വേണ്ടത്?''
അവരുടെ മനസിൽ ഒന്നും തെളിഞ്ഞില്ല.
''എനിക്കൊരാഗ്രഹമുണ്ട്.''- പെട്ടെന്ന് നിള പറഞ്ഞു.
''പറ കേക്കട്ടെ.''
''നമുക്കൊരുമിച്ച് ഇലകൾക്കു മീതെ കൂടെ നടന്ന് കടൽ കാണാൻ പോകണം. തിമിംഗലത്തിനൊപ്പം നീന്തണം. മലമുകളിലെ മലമുഴക്കി വേഴാമ്പലിനൊപ്പം ഞാവൽപ്പഴം തിന്നണം, കാട്ടിലെ സിംഹത്തിനൊപ്പം ഓട്ടമത്സരം നടത്തണം.''
''ശരി സമ്മതിച്ചു. നാളെ തന്നെ നമ്മൾ കടൽ കാണാൻ പോകുന്നു.''
അപ്പോൾ പക്ഷികൾ വിളിച്ച് പറഞ്ഞു: ''ഞങ്ങളുമുണ്ട്.''
കീരിയും പാമ്പും പറഞ്ഞു: ''ഞങ്ങളും.''
''ഞങ്ങളും.''- പ്രാണികളും കൂടെ കൂടി.
''ഞങ്ങളും ഞങ്ങളും ഞങ്ങളും ഞങ്ങളും.....''- കണ്ണാടിയിലെ ജീവജാലങ്ങളെല്ലാം അതേറ്റു പറഞ്ഞു.
ആ ശബ്ദങ്ങൾ വർഷങ്ങളോളം അവിടെ മാറ്റൊലി കൊണ്ടു.
(അവസാനിച്ചു.)
Content Highlights: Nila, Devatha, and Janaki defend Kannadikkadu from woodcutters using clever illusions., Vanathi reveals her secret life as a teacher, shifting from mysticism to education., The conclusion highlights the transition to the next generation's responsibility for the environment.
Published: 24 Jul 2026, 10:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented